അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദ വികസന പരിപാടികളുമായി ഖത്തർ
text_fieldsദോഹ: മേയ് ഒന്ന് മുതൽ നാലുവരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 30ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഖത്തർ അവതരിപ്പിക്കും. എ.ടി.എമ്മിൽ ഹോസ്പിറ്റാലിറ്റി, വിനോദ വ്യവസായ മേഖലയിലെ 43 പങ്കാളികളുടെ പ്രതിനിധി സംഘത്തെയായിരിക്കും ഖത്തർ നയിക്കുക.
ആധുനികതയുടെയും സാംസ്കാരിക തനിമയുടെയും അതുല്യമായ ഘടനയിലായിരിക്കും 630 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഖത്തർ ടൂറിസത്തിന്റെ പവിലിയൻ തയാറാക്കുന്നത്. യാത്രക്കും വിനോദത്തിനുമായി ഒരു മുൻനിര ആഗോള ഡെസ്റ്റിനേഷനായി മുന്നേറാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് ട്രാവൽ മാർക്കറ്റിലെ ഖത്തറിന്റെ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നത്. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കുന്നതിലും ലോകോത്തര വിനോദസഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ വാഗ്ദാനങ്ങൾ പ്രദർശിപ്പിക്കുന്നതിലും ഏറെ സന്തുഷ്ടരാണെന്ന് ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു. എ.ടി.എമ്മിലെ ഖത്തറിന്റെ വേറിട്ടുനിൽക്കുന്ന പവിലിയൻ സന്ദർശിക്കാനും രാജ്യത്തിന്റെ തനത് സാംസ്കാരിക, ആതിഥ്യ മര്യാദകൾ അനുഭവിച്ചറിയുന്നതിനും മേഖലയിലെ പ്രഫഷനലുകളെ ക്ഷണിക്കുകയാണെന്നും ട്രെങ്കൽ കൂട്ടിച്ചേർത്തു.
ഖത്തറിലെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും നൂതന സംരംഭങ്ങളും ഉയർത്തിക്കാട്ടുന്നതിനും പരിപാടിയിലുടനീളം പ്രധാന പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഖത്തർ ടൂറിസം പവിലിയനിൽ കൂറ്റൻ തിമിംഗല സ്രാവിന്റെ രൂപം സ്ഥാപിക്കും. അതോടൊപ്പം വംശനാശഭീഷണി നേരിടുന്ന ഈ ജീവികളുടെ ഭംഗി വളരെ അടുത്ത് കാണാനും അറിയാനുമുള്ള അവസരവുമൊരുക്കും. ഐക്കണിക് ഖത്തരി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചിത്രമെടുക്കാനായി സന്ദർശകർക്ക് ഒരു ഓഗ്മെൻഡ് റിയാലിറ്റി ഫോട്ടോ ബൂത്തും
ഇതിലുൾപ്പെടുത്തും. 360 ഡിഗ്രിയിൽ ഖത്തറിന്റെ ടൂറിസം ആകർഷണങ്ങളെ അടുത്തറിയുന്നതിനായി ഇമ്മേഴ്സീവ് റൂമും പവിലിയനിൽ സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.