കാൻസർ പ്ലാനുമായി ഖത്തർ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsദോഹ: എല്ലാവർക്കും മികവ് എന്ന മുദ്രാവാക്യമുയർത്തി ഖത്തർ കാൻസർ പ്ലാൻ 2023-2026 ഉദ്ഘാടനം ചെയ്തു. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ഇത്ഖാൻ ക്ലിനിക്കൽ സിമുലേഷൻ ആൻഡ് ഇന്നവേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു. എല്ലാവർക്കും മികവിലേക്കുള്ള പ്രയാണം എന്ന ശീർഷകത്തിൽ ഖത്തർ കാൻസർ പ്ലാൻ 2023-2026ലെ വിവിധ വിഷയങ്ങളെക്കുറിച്ച പ്രസന്റേഷനും ചടങ്ങിൽ അവതരിപ്പിച്ചു. കൂടാതെ രോഗികൾ, വിദഗ്ധർ, മെഡിക്കൽ സൗകര്യങ്ങൾ, മൾട്ടി ഡിസിപ്ലിനറി ടീം എന്നിവയെക്കുറിച്ച വിഡിയോയും ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു.
ചടങ്ങുകൾക്ക് ശേഷം ഇത്ഖാൻ ക്ലിനിക്കൽ സിമുലേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ പ്രധാനമന്ത്രി സന്ദർശിക്കുകയും അർബുദ രോഗികളുടെ പരിചരണത്തിനായുള്ള വിവിധ സ്പെഷലൈസ്ഡ് മെഡിക്കൽ വിഭാഗങ്ങളെക്കുറിച്ചും ആരോഗ്യ സേവനങ്ങളിലെ ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളെക്കുറിച്ചും അധികൃതർ അദ്ദേഹത്തിന് വിശദീകരണം നൽകുകയും ചെയ്തു.
ഹെൽത്ത് കെയർ സ്പെഷലിസ്റ്റുകൾക്കുള്ള മെഡിക്കൽ പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വൈദഗ്ധ്യ ലബോറട്ടറികൾ, അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും അനുകരണങ്ങൾ, വിർച്വൽ റിയാലിറ്റി ടെക്നിക്കുകൾ എന്നിവയും അദ്ദേഹം സന്ദർശിക്കുകയും പരിചയപ്പെടുകയും ചെയ്തു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ആരോഗ്യ പരിപാലന മേഖലയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.