ആഗോള ടൂറിസത്തിൽ മികച്ച പ്രകടനവുമായി ഖത്തർ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങി അടുത്ത ഏഴു മാസത്തിനുള്ളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേർന്ന വിനോദ സഞ്ചാര കേന്ദ്രമായി ഖത്തർ. ഐക്യരാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ടിലാണ് ഖത്തറിനെ അന്താരാഷ്ട്രതലത്തിൽ മികച്ച ടൂറിസം കേന്ദ്രമാക്കി അടയാളപ്പെടുത്തിയത്. അന്താരാഷ്ട്രതലത്തിൽതന്നെ രാജ്യത്തേക്കുള്ള സഞ്ചാരികളുടെ വരവിൽ +95 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു.
ആഗോളതലത്തിൽതന്നെ ഏറ്റവും മികച്ച കുതിപ്പാണിത്. കോവിഡിനുമുമ്പും ശേഷവുമായി ലോക രാജ്യങ്ങളിലെ ടൂറിസം വളർച്ച അവലോകനം ചെയ്യുന്നതാണ് റിപ്പോർട്ട്. മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് കോവിഡിന് മുമ്പുള്ളതിനേക്കാൾ സഞ്ചാരികളുടെ യാത്ര കൂടിയതായി യു.എൻ.ഡബ്ല്യു.ടി.ഒ സൂചിപ്പിക്കുന്നു. പൂർവ കോവിഡ് കാലത്തേക്കാൾ 20 ശതമാനം വർധിച്ചതായാണ് സൂചന. 2023 ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ എല്ലാ മിഡിലീസ്റ്റ് രാജ്യങ്ങളിലേക്കും സന്ദർശകർ വർധിച്ചതായി സൂചിപ്പിക്കുന്നു.
അന്താരാഷ്ട്രതലത്തിൽ 2019ലെ നിലവാരത്തെ മറികടക്കുന്ന ലോകത്തെ ഏക മേഖലയും മിഡിലീസ്റ്റ് രാജ്യങ്ങളാണ്. സൗദി അറേബ്യയും (+58 ശതമാനം) ജോർഡനും (+23 ശതമാനം) ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാര്യമായ വളർച്ച രേഖപ്പെടുത്തി. അന്താരാഷ്ട്ര ടൂറിസം മേഖലയെ വിലയിരുത്തുമ്പോൾ കോവിഡിനു മുമ്പത്തെ അവസ്ഥയിലേക്ക് 84 ശതമാനം തിരിച്ചുപോയെന്നാണ് കണക്കുകൾ. എന്നാൽ, 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ ഇത് 16 ശതമാനം കുറവാണ്.
സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികൾക്കിടയിലും യാത്രാ, വിനോദസഞ്ചാര മേഖല ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനയാണ് അധികൃതർ പങ്കുവെക്കുന്നത്. ലോകകപ്പിനു പിന്നാലെ, ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവ് പതിന്മടങ്ങായി വർധിച്ചതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഖത്തർ ടൂറിസത്തിന്റെ വിവിധ പദ്ധതികൾ, ലോകകപ്പിനെത്തിയ കാണികൾക്ക് തുടർയാത്രാ അവസരം ഒരുക്കിയ ഹയ്യാ വിസകൾ, വിവിധ വിനോദ-കായിക പരിപാടികൾ എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിന് കാരണമായി. ജനുവരി-ജൂലൈ മാസങ്ങൾക്കിടയിൽ 700 ദശലക്ഷം ടൂറിസ്റ്റുകൾ അന്താരാഷ്ട്രതലത്തിൽ യാത്ര ചെയ്തുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2022ൽ ഇതേ കാലയളവിനേക്കാൾ 43 ശതമാനമാണ് വർധന. അതേസമയം, 2019ലേതിനേക്കാൾ 16 ശതമാനം കുറവുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.