നൂതന വിദ്യാഭ്യാസ നയവുമായി ഖത്തർ
text_fieldsദോഹ: സ്കൂൾ, കോളജ് ഉൾപ്പെടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിമറിക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഖത്തർ ദേശീയ വിഷന്റെ ഭാഗമായ അടുത്ത ആറു വർഷത്തെ വിദ്യാഭ്യാസ പദ്ധതിയാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചത്.
‘പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടേ’ എന്ന പ്രമേയത്തിലായി ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ തിങ്കളാഴ്ച ആരംഭിച്ച വിദ്യാഭ്യാസ സമ്മേളനത്തിൽ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു.
പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നയം. ദേശീയ വിഷന്റെ പ്രധാന ലക്ഷ്യമായ മാനവവിഭവശേഷി മെച്ചപ്പെടുത്തുന്ന പദ്ധതികളുടെ അടിത്തറയും റോഡ്മാപ്പുമായി പുതിയ വിദ്യാഭ്യാസ നയം മാറും. സ്വദേശികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക വഴി പ്രതിഭയാർന്ന തലമുറയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അവതരിപ്പിച്ച വിഡിയോ പ്രോജക്ടിൽ വിശദീകരിച്ചു.
പൊതു, സ്വകാര്യ സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുക, അക്കാദമിക് മികവ് വർധിപ്പിക്കുക, പാഠ്യമികവിൽ അധ്യാപകരുടെ ശേഷി വർധിപ്പിക്കുക എന്നിവ ഉൾക്കൊള്ളുന്നു. മൂന്നാം ദേശീയ വികസന പദ്ധതിയുടെയും ഖത്തർ ദേശീയ വിഷന്റെയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് പുതിയ നയമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബി അൽ നുഐമി മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ, അക്കാമദിക് പ്രതിഭകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നു. വിവിധ വിഷയങ്ങളിൽ ചർച്ചകളും വിഷയാവതരണവും നടക്കും. അക്കാദമി, കരിക്കുലം, അധ്യാപനം, ഗവേഷണം തുടങ്ങി വിവിധ മേഖലകളിലായി പാനൽ ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ പ്രദർശനങ്ങളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.