മൊറോക്കോക്ക് മരുന്നും രക്ഷസേനയുമായി ഖത്തർ
text_fieldsദോഹ: മൊറോക്കോയിലെ ഭൂകമ്പ ദുരിതബാധിത മേഖലയിലെ രക്ഷാദൗത്യത്തിന് പ്രത്യേക സംഘത്തെ അയച്ച് ഖത്തർ. അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് ഭൂകമ്പ ബാധിത മേഖലയിലെ തിരച്ചിലിനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമുള്ള പ്രത്യേക സംഘത്തെ ഖത്തർ അയച്ചത്.
പരിക്കേറ്റവർക്ക് ചികിത്സ നൽകാനായി പ്രത്യേക മെഡിക്കൽ സംഘവും മരുന്നും മറ്റു വസ്തുക്കളുമെല്ലാം ഇവർക്കൊപ്പമുണ്ട്. ദുരന്ത ബാധിത മേഖലയിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വിദഗ്ധ സംഘമാണ് ഖത്തറിൽ നിന്നും സഹോദര രാജ്യമായ മൊറോക്കോയിൽ എത്തിയത്.
പ്രത്യേക വാഹനങ്ങളും തിരച്ചിൽ ഉപകരണങ്ങളും, വിദഗ്ധരായ സേനാംഗങ്ങളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. ഇവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ദുരന്ത നിവാരണ സംഘത്തിനൊപ്പം രക്ഷാ ദൗത്യത്തിനായി പ്രവർത്തിക്കും.
കഴിഞ്ഞ ദിവസം മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെ നേരിൽ വിളിച്ച് അമീർ ദുഖം രേഖപ്പെടുത്തുകയും, ദുരന്തമുഖത്തുള്ള രാജ്യത്തിനും ജനങ്ങൾക്കും ഖത്തറിന്റെ പിന്തുണയും അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ രണ്ടായിരം കടന്നതായാണ് റിപ്പോർട്ട്.
മാരിക്കേഷില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്ലസ് പര്‍വതമേഖലയിലായിരുന്നു പ്രഭവകേന്ദ്രം. മൊറോക്കോയില്‍ ആറു പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ പൈതൃക നഗരമായ മാരിക്കേഷ് തകര്‍ന്നടിഞ്ഞു.
ഇതാദ്യമായല്ല ഖത്തറിന്റ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റും രക്ഷാദൗത്യം നടത്തുന്നത്.
നേരത്തേ തുർക്കിയിൽ ഭൂകമ്പം, കാട്ടു തീ ഉൾപ്പെടെ പ്രതിസന്ധികളുയർന്നപ്പോഴും, സിറിയയിലെ ഭൂകമ്പ ബാധിത മേഖല, പാകിസ്താനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ, ലബനാനിലെ ബൈറൂത് ബോംബ് സ്ഫോടനം തുടങ്ങിയ ഘട്ടങ്ങളിൽ സഹായവും രക്ഷാ ദൗത്യവുമായി ലഖ്വിയക്കു കീഴിെൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ് രക്ഷാ ദൗത്യവുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.