കൂടുതൽ സൗരോർജ പ്ലാന്റുകളുമായി ഖത്തർ
text_fieldsദോഹ: പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രണ്ടു സൗരോർജ പദ്ധതികൾ പ്രഖ്യാപിച്ച് ഖത്തർ. 880 മെഗാവാട്ട് ശേഷിയിൽ രണ്ടു വർഷത്തിനുള്ളിലായി രണ്ടു പദ്ധതികൾ പ്രവർത്തനക്ഷമമാകുമെന്ന് ഖത്തർ എനർജി പ്രതിനിധി മുഹമ്മദ് അൽ ഹരാമി വ്യക്തമാക്കി.
പൂര്‍ണമായും ക്ലീന്‍ എനര്‍ജിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമാണ് മിസൈദില്‍ 410 മെഗാവാട്ട് ശേഷിയിലും റാസ് ലഫാനില്‍ 470 മെഗാവാട്ട് ശേഷിയിലുമുള്ള രണ്ടു സൗരോജ പ്ലാന്റുകൾ നിർമിക്കാൻ ഖത്തർ ഒരുങ്ങുന്നത്. രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ മേഖലയിലേക്കുള്ള പുതിയ നാഴികക്കല്ലുകളായി മാറും ഈ പുതിയ പ്ലാന്റുകള്‍.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ രണ്ടു പ്ലാന്റുകളും പ്രവർത്തനക്ഷമമായി, ഊർജ വിതരണം തുടങ്ങും. രാജ്യത്തിന്റെ പുനരുപയോഗ ഊർജ മേഖലയിൽ നിർണായക പദ്ധതികളായി ഇവ മാറുമെന്നും മുഹമ്മദ് അൽ ഹരാമി പറഞ്ഞു.
അൽ ഖർസാഹ് സോളാർ പി.വി പവർ പ്ലാന്റ് പദ്ധതിയുടെ (കെ.എസ്.പി.പി) ഭാഗമാണ് രണ്ടു സൗരോർജ പ്ലാന്റുകളും തയാറാക്കുന്നത്. ദേശീയ വൈദ്യുതി വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്ന പുനരുപയോഗ ഊര്‍ജത്തിന്റെ സമഗ്ര ശൃംഖലയോടെ സൗരോര്‍ജം ഉല്പാദിപ്പിക്കുന്നതില് വലിയ ചുവടുവെപ്പാണ്.
എണ്ണയും വാതകവും ഉപയോഗിച്ചുള്ള പാരമ്പര്യ ഊർജ സ്രോതസ്സുകൾക്ക് പകരം എന്ന നിലയിലാണ് സൗരോർജം വഴി വൈദ്യുതി ഉൽപാദനം ആരംഭിക്കുന്നത്. അൽ ഖർസാഹ് പദ്ധതിയിലൂടെ പുതിയ ഊർജ സ്രോതസ്സുകളിലേക്ക് രാജ്യം നീങ്ങുകയായിരുന്നു.
ഊർജ കാര്യക്ഷമത മാത്രമല്ല, പ്രവർത്തനത്തിൽ മനുഷ്യശേഷി ഗണ്യമായി കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്ന നിലയിൽ കെ.എസ്.പി.പി സൗരോർജ പദ്ധതി ഏറെ ശ്രദ്ധേയമായി. കുറഞ്ഞ എൻജിനീയർമാരുടെയും സഹായികളുടെയും മാത്രം മനുഷ്യ വിഭവശേഷിയോടെയാണ് സൗരോർജ പ്ലാന്റ് പ്രവർത്തിക്കുന്നത്.
രാവിലെ 6.30ന് സൂര്യോദയത്തിന് അഞ്ചു മിനിറ്റിനു പിന്നാലെ പ്ലാന്റ് വൈദ്യുതി ഉൽപാദനം ആരംഭിക്കും. രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഏറ്റവും ഉയർന്ന ഉൽപാദന ക്ഷമതയിലും എത്തും -അൽ ഹരാമി ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
ശേഷിയുടെയും വലുപ്പത്തിന്റെയും കാര്യത്തില്‍ മേഖലയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റുകളിലൊന്നാണ് അല്‍ ഖര്‍സാഹ്. 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് 10 ചതുരശ്ര കിലോമീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്. 18 ലക്ഷം സോളാര്‍ പാനലുകളാണുള്ളത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ പ്ലാന്റിൽനിന്ന് വൈദ്യുതി ഉൽപാദനം ആരംഭിച്ചത്.
പ്ലാന്റിന്റെ ഉല്പാദനക്ഷമത കൂട്ടാന്‍ രാത്രിയില്‍ സോളാര്‍ പാനലുകള്‍ വൃത്തിയാക്കുന്നത് ശുദ്ധീകരിച്ച വെള്ളവും റോബോട്ടിന്റെയും സഹായത്തോടെയാണ്. രാജ്യത്തിന്റെ സോളാര്‍ ശേഷി അഞ്ചു ജിഗാവാട്ടായി ഉയര്‍ത്തുന്നതിനൊപ്പം ഹരിതഗൃഹ വാതക പുറന്തള്ളലും എൽ.എൻ.ജി സൗകര്യങ്ങളിലെ കാര്‍ബണ്‍ തീവ്രത കുറക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.