ആഘോഷങ്ങളുടെ ഡിസംബർ
text_fieldsദോഹ: ഡിസംബർ എത്തിയാൽ ഖത്തറിന് ആഘോഷത്തിന്റെ മാസമാണ്. കലണ്ടറിലെ അവസാന മാസം എന്നതിനൊപ്പം രാജ്യത്തിന്റെ അഭിമാനവും ഐക്യവും ആഘോഷമാക്കുന്ന ദേശീയദിനത്തിന്റെ നാളുകളും കടന്നുപോകുന്നു. വിനോദങ്ങൾക്കും ആഘോഷങ്ങൾക്കും ഏറ്റവും സൗകര്യമായ തണുപ്പുകാലം കൂടിയെത്തുന്നതോടെ ഡിസംബറിന് ഉത്സവഛായയാകും. ഇത്തവണ രാജ്യം നിറയെ പരിപാടികളും ആഘോഷങ്ങളുമായാണ് ഡിസംബറിനെ വരവേൽക്കുന്നത്. വിസിറ്റ് ഖത്തർ നേതൃത്വത്തിൽ വൈവിധ്യമാർന്ന കല, സാംസ്കാരിക, കായിക പരിപാടികളും സജീവമാണ്.
ഖത്തറിന്റെ സംസ്കാരത്തിന്റെയും കലകളുടെയും കായിക രംഗങ്ങളുടെയും സമ്പന്നത വിളിച്ചോതുന്ന പരിപാടികളാണ് ഇത്തവണ അരങ്ങേറുന്നതെന്ന് ഖത്തർ ടൂറിസം ഫെസ്റ്റിവൽ ആൻഡ് ടൂറിസം ഇവന്റ്സ് ഓർഗനൈസിങ് വിഭാഗം മേധാവി ശൈഖ നൂർ അബ്ദുല്ല ആൽ ഥാനി പറഞ്ഞു. വിവിധ സമ്മേളനങ്ങൾ മുതൽ റയൽ മഡ്രിഡ് മാറ്റുരക്കുന്ന ഇന്റർകോണ്ടിനെന്റൽ മത്സരം, ദേശീയ ദിന പരിപാടികൾ ഉൾപ്പെടെ സജീവമാണ് ഈ മാസം. കതാറയിൽ നടക്കുന്ന പരമ്പരാഗത പായ്ക്കപ്പലിന്റെയും കടൽ വിശേഷങ്ങളുടെയും മേളയായ ‘ദൗ’ ഫെസ്റ്റുമായാണ് ഈ മാസം പിറന്നത്. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ ഫെസ്റ്റ് ഡിസംബർ ഏഴു വരെ നീളും.
കലാപ്രദർശനങ്ങൾ
ആഗോള കലയും പ്രാദേശിക പൈതൃകവും ആഘോഷിക്കുന്ന പ്രദർശനങ്ങളാൽ നിറഞ്ഞതാണ് ഖത്തറിന്റെ സാംസ്കാരിക രംഗം. മുൻ മാസങ്ങളിലേതിന് സമാനമായി ഡിസംബറിലും നിരവധി പ്രദർശനങ്ങളാണ് വിവിധ ഇടങ്ങളിലായി നടക്കുന്നത്. 2025 ജനുവരി 18 വരെ ഖത്തർ നാഷനൽ മ്യൂസിയത്തിൽ ബെൻഷെലാൽ: മൊണുമെന്റൽ സ്കൾപ്ചറിങ് പാസ്റ്റ് ടുമാറോ എന്ന പ്രദർശനത്തിൽ ഭൂതകാലത്തിലെയും ഭാവിയിലെയും കലയെ ബന്ധിപ്പിക്കുന്ന സ്മാരക ശിൽപങ്ങളാണ് പ്രദർശിപ്പിക്കപ്പെടുന്നത്.
മത്ഹഫ് അറബ് മോഡേൺ ആർട്ട് മ്യൂസിയത്തിൽ 19ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിത്രകാരനായ ജെറോമിന്റെ സ്വാധീനം പ്രകടിപ്പിക്കുന്ന സൃഷ്ടികൾ കലാപ്രേമികളെ ആകർഷിക്കും. 2025 ഫെബ്രുവരി 22 വരെയാണ് പ്രദർശനം തുടരുക. മൊറോക്കോയുടെ സമ്പന്നമായ കലാപൈതൃകത്തിലേക്ക് ഉൾക്കാഴ്ച നൽകുന്ന ഇക്തഷിഫ് മൊറോക്കോ പ്രദർശനം ഫെബ്രുവരി 26 വരെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ നടക്കും. ഇതോടൊപ്പം മുശൈരിബിലെ എം7 ഉൾപ്പെടെയുള്ള വേദികളിൽ മറ്റു പ്രദർശനങ്ങളും നടക്കും.
ഉച്ചകോടികളും സമ്മേളനങ്ങളും
ആഗോള നേതാക്കളെയും വിദഗ്ധരെയും ഇന്നൊവേറ്റർമാരെയും ആകർഷിക്കുന്ന ഉച്ചകോടികളും സമ്മേളനങ്ങളുമാണ് ഖത്തറിൽ ഈ മാസം നടക്കുന്നത്. ഡിസംബർ മൂന്ന് മുതൽ അഞ്ചു വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഖത്തർ മെഡികെയർ സമ്മേളനവും പ്രദർശനവും നടക്കും. അതേസമയംതന്നെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ മിന ഫിൻടെക് ഫെസ്റ്റിവൽ നടക്കും. സാമ്പത്തിക സാങ്കേതികവിദ്യയുടെ ഭാവിയാണ് മുഖ്യ പ്രമേയം.
ഡിസംബർ ഏഴ്, എട്ട് തീയതികളിലായി ഷെറാട്ടൻ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ ഹോട്ടലിൽ ആഗോള ഭരണം, നയതന്ത്രം, സുരക്ഷ എന്നിവയെ ആസ്പദമാക്കി നടക്കുന്ന ദോഹ ഫോറത്തിൽ നിരവധി ആഗോള നേതാക്കൾ പങ്കെടുക്കും. ഡി.ഇ.സി.സിയിൽ ഡിസംബർ 10, 11 തീയതികളിലായി നടക്കാനിരിക്കുന്ന വേൾഡ് സമ്മിറ്റ് എ.ഐ മിന 2024ൽ അതിവേഗം വികസിക്കുന്ന നിർമിതബുദ്ധിയും വ്യവസായമേഖലയിൽ അതിന്റെ സ്വാധീനവും ചർച്ച ചെയ്യും.
മേളകളും വിപണികളും സീസണൽ ആഘോഷങ്ങളും
സുഗന്ധ പ്രേമികൾക്കായി അൽ ഹസം ഗലേറിയയിൽ നടന്നുകൊണ്ടിരിക്കുന്ന തീബ് അൽ ഹസമിന്റെ പത്താം പതിപ്പ് ഡിസംബർ ഏഴു വരെ തുടരും. പ്രാദേശിക കരകൗശല വിദഗ്ധരെയും ജൈവ ഉൽപന്നങ്ങളെയും ഒരുമിപ്പിക്കുന്ന എജുക്കേഷൻ സിറ്റിയിലെ തോർബ മാർക്കറ്റ് അടുത്ത വർഷം ഏപ്രിൽ 30 വരെ പ്രവർത്തിക്കും. മിയ പാർക്കിലെ മിയ ബസാറും ഡിസംബർ മാസത്തിലെ ശ്രദ്ധേയ വിപണികളിലൊന്നാണ്.
അഞ്ചാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന് ഡിസംബർ 12 മുതൽ 21 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും. ഡിസംബർ 31 വരെ എല്ലാ വാരാന്ത്യങ്ങളിലും ലുസൈൽ ബൊളെവാഡിലെ പോപ് അപ് ഷോകൾ സന്ദർശകർക്ക് ആവേശകരമായ വിനോദ പരിപാടികൾ വാഗ്ദാനം ചെയ്യും.
സംഗീത പ്രകടനങ്ങൾ
ഡിസംബർ ആറിന് ക്യു.എൻ.സി.സിയിൽ അൻഗാമും ഡിസംബർ 20ന് ബ്രയാൻ ആഡംസും തത്സമയ പ്രകടനങ്ങളുമായെത്തുന്നു. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ 17ന് നാസർ അൽ കുബൈസിക്കും യൂസുഫ് അൽ ഒമാനിക്കുമൊപ്പം മിയാമി ബാൻഡും അണിനിരക്കും.
റയൽ മഡ്രിഡുമെത്തുന്നു
കായിക പ്രേമികൾക്കായി നിരവധി അന്താരാഷ്ട്ര മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളുമാണ് ഡിസംബറിൽ നടക്കാനിരിക്കുന്നത്. ആസ്പയർ പാർക്കിൽ വേൾഡ് വോളിബാൾ ബീച്ച് പ്രോ ടൂർ ഫൈനൽ ഡിസംബർ നാലു മുതൽ ഏഴ് വരെ നടക്കും. ജി.കെ.എ ഫ്രീസ്റ്റെൽ കൈറ്റ് ലോകകപ്പ് ഡിസംബർ 10 മുതൽ 14 വരെ ഫുവൈരിത് ബീച്ചിൽ നടക്കും.
കുതിരസവാരിയോടുള്ള ഖത്തറിന്റെ അഭിനിവേശം പ്രകടമാക്കുന്ന അൽ ശഖബ് ഹീറോ റേസ് 27, 28 തീയതികളിലായി നടക്കും. ഫുട്ബാളിൽ ലോകം കാത്തിരിക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരങ്ങൾ ഡിസംബർ 11 മുതൽ 18 വരെ ഖത്തറിൽ നടക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളിലായി നിരവധി സാംസ്കാരിക പരിപാടികളാണ് സംഘാടകർ അണിയറയിൽ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.