ഗസ്സ വിദ്യാർഥികൾക്ക് റോബോട്ടിക്സ് പ്രോജക്ടുമായി ഖത്തർ
text_fieldsദോഹ: ഗസ്സയിൽനിന്നുള്ള വിദ്യാർഥികൾക്കായി റോബോട്ടിക്സിലേക്കും സാങ്കേതിക വിദ്യകളിലേക്കും വെളിച്ചം പകർന്ന് ഖത്തർ നാഷനൽ മ്യൂസിയം. നിർമിതബുദ്ധി വാഴുന്ന ലോകത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് ലോകത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമായ ഗസ്സയിൽനിന്നുള്ള കുട്ടികൾക്കും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന, കുടുംബ മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് ഖത്തർ നാഷനൽ മ്യൂസിയത്തിലെ എ.ഐ ഡിജിറ്റൽ സെന്റർ പദ്ധതിക്ക് തുടക്കം കുറിച്ചത്.
13 മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യയിലെയും റോബോട്ടിക്സിലെയും ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് പദ്ധതി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതായി സംഘാടകർ പ്രസ്താവനയിൽ വ്യക്തമാക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം (എസ്.ടി.ഇ.എം) കഴിവുകൾ ഉപയോഗപ്പെടുത്തി അടുത്ത തലമുറയെ സാങ്കേതികമേഖലയിൽ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിന് മികച്ച സംഭാവനകൾ നൽകുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ നാഷനൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ആൽ ഥാനി പറഞ്ഞു. തുടക്കത്തിൽ ഗസ്സ വിദ്യാർഥികൾക്കായി മാത്രം രൂപകൽപന ചെയ്തതാണെങ്കിലും പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരും വ്യവസായ പ്രഫഷനലുകളും മ്യൂസിയത്തിന്റെ നേതൃത്തിലുള്ള ഈ ഉദ്യമത്തിൽ പങ്കുചേർന്നിട്ടുണ്ട്. റോബോട്ടിക്സ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത് ദോഹ യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി സന്നദ്ധപ്രവർത്തകനായ ഇബ്രാഹിം ഖിദ്വായ് ആണ്. വൈവിധ്യമാർന്ന ശാസ്ത്ര, സാങ്കേതിക പ്രവർത്തനങ്ങളിലേർപ്പെടാൻ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടമാണ് മ്യൂസിയത്തിലെ എ.ഐ ഡിജിറ്റൽ സെന്റർ. കമ്യൂണിറ്റി ഔട്ട്റീച്ച്, സന്നദ്ധ പ്രവർത്തനങ്ങൾ, നൂതന സാങ്കേതിക വികസന പദ്ധതികൾ എന്നിവയുടെ ഭാഗമാകാനും സമൂഹത്തിന് അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.