റിയാദിൽ ലോകകപ്പ് ഓർമകളുമായി ഖത്തർ
text_fieldsദോഹ: പത്തു വർഷത്തിനപ്പുറം വിസിൽ മുഴങ്ങുന്ന ലോകകപ്പിന് തയാറെടുക്കുന്ന അയൽക്കാർക്ക് തങ്ങളുടെ ലോകകപ്പ് അനുഭവങ്ങൾ പങ്കുവെച്ച് ഖത്തർ.
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന സെമിനാറിലാണ് ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ ലോകകപ്പിന്റെ അതിശയകരമായ യാത്രകളെ കുറിച്ച് പങ്കുവെച്ചത്. ‘ഖത്തർ ലോകകപ്പ്; അപൂർവമായൊരു അനുഭവം’ എന്ന വിഷയത്തിൽ നടന്ന ചർച്ച 2034 ലോകകപ്പിനൊരുങ്ങുന്ന സൗദി അറേബ്യക്ക് ഖത്തർ പകർന്നു നൽകുന്ന പാഠപുസ്തകമായും മാറും.
ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഏറെ സവിശേഷതയുള്ളതായിരുന്നുവെന്ന് നാസർ അൽ ഖാതിർ പറഞ്ഞു. ലോകമെങ്ങുമുള്ള ആരാധകരെ അൽ ബെയ്ത് സ്റ്റേഡിയത്തിലൂടെ ലോകത്തെ തന്നെ ഏറ്റവും വലിയ ടെന്റിലേക്ക് വരവേൽക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചു.
ലോകകപ്പ് ഫുട്ബാളിലെ ചരിത്രത്തിലെ ഏറ്റവും മികച്ച കായിക മാമാങ്കമാറ്റാനുള്ള പരിശ്രമങ്ങളെ സൗദി മാധ്യമ പ്രവർത്തകനായ അബ്ദുറഹ്മാൻ അൽ ഹാമിദിയുമായുള്ള സംസാരത്തിൽ നാസർ അൽ ഖാതിർ വിശദീകരിച്ചു. കളിയെ ആസ്വാദ്യകരമാക്കാൻ സാധ്യമായതെല്ലാം ഒരുക്കുകയായിരുന്നു സംഘാടകരെന്ന നിലയിൽ.
ആരാധകർക്ക് എല്ലാതരത്തിലും പിന്തുണ നൽകാൻ കഴിഞ്ഞു. ഭിന്നശേഷിക്കാരായ കാണികൾക്കുവരെ കളി ആസ്വദിക്കാൻ മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയിരുന്നു.
എല്ലാ സ്റ്റേഡിയങ്ങളും അനുബന്ധ സംവിധാനങ്ങളും ഖത്തരി, അറബ്, ഇസ്ലാമിക പാരമ്പര്യങ്ങളും സാംസ്കാരിക തനിമയുമായി ഇഴുകിചേർന്നുള്ള നിർമിതികളായിരുന്നു. അൽ തുമാമ സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, അൽ ബെയ്ത് എന്നിവ ഉദാഹരണങ്ങളാണ് -ഖത്തർ ലോകകപ്പിന്റെ പ്രധാന സംഘാടകൻ കൂടിയായ നാസർ അൽ ഖാതിർ പറഞ്ഞു.
ലോക കപ്പിലുടനീളം ഏറ്റവും സ്വാധീനം ചെലുത്തിയ കാണികളായ സൗദി ഫുട്ബാൾ ആരാധകരുടെ സാന്നിധ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഏറ്റവും മികച്ച കാഴ്ചപ്പാടോടെയായിരുന്നു ലോകകപ്പിന് ഖത്തർ ഒരുങ്ങിയത്. ഘടന മുതൽ പ്രവൃത്തികൾ വരെ സംബന്ധിച്ച ആസൂത്രണം വരെ ഉൾപ്പെട്ടിരുന്നു. ഓരോ നിർമാണവും സാമ്പത്തികവും പരിസ്ഥിതിയും സാമൂഹിക സുസ്ഥിരതയും ഉൾക്കൊണ്ടുകൊണ്ടായിരുന്നു -നാസർ അൽ ഖാതിർ പറഞ്ഞു. 2034ലെ ലോകകപ്പിനാണ് സൗദി വേദിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.