വിലക്കയറ്റമില്ലാതെ ഖത്തർ
text_fieldsദോഹ: ലോകത്തിലെ വിവിധ രാജ്യങ്ങൾ ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ, വിലക്കയറ്റമില്ലാതെ വിപണി നിലനിർത്തുന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തര്‍. ലോകബാങ്കും ഐ.എം.എഫും ട്രേഡിങ് ഇക്കണോമിക്സും പുറത്തുവിട്ട ഈ വർഷത്തെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും വിലക്കുറവുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഖത്തർ. രണ്ടു ശതമാനത്തില്‍ താഴെയാണ് ഖത്തറിലെ ഭക്ഷ്യ വിലക്കയറ്റം.
2022 ജൂണ്‍ മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള ലോകരാജ്യങ്ങളിലെ ഭക്ഷ്യവിലസൂചിക അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് പട്ടിക തയാറാക്കിയത്. ദരിദ്ര, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ ഭക്ഷ്യ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതായി കണക്കുകള്‍ പറയുന്നു.
ഫെബ്രുവരി മുതൽ മേയ് വരെയുള്ള വിവരങ്ങൾപ്രകാരം മിക്ക ദരിദ്ര, വികസ്വര രാജ്യങ്ങളിലും പണപ്പെരുപ്പവും, ഭക്ഷ്യവിലക്കയറ്റവുമാണ് കാണിക്കുന്നത്. താഴ്ന്ന വരുമാനമുള്ള 61.1 ശതമാനം രാജ്യങ്ങളിൽ ഭക്ഷ്യ വിലക്കയറ്റം അഞ്ചു ശതമാനത്തിൽ കൂടുതലും വികസ്വര രാജ്യങ്ങളിൽ 79.1 ശതമാനവും ഉയർന്ന ഇടത്തരം രാജ്യങ്ങളിൽ 70 ശതമാനവും 10 ശതമാനത്തോളം വിലക്കയറ്റം നേരിടുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് 78 ശതമാനത്തോളം വരുന്ന വൻകിട രാജ്യങ്ങളിലും ഉയർന്ന ഭക്ഷ്യവിലക്കയറ്റം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
ഖത്തറില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭക്ഷ്യസാധനങ്ങളുടെ വില കുറഞ്ഞതായാണ് ലോകബാങ്ക് പഠനത്തില്‍ പറയുന്നത്. 2022 ജൂണില്‍ 4.9 ശതമാനമായിരുന്നു വിലക്കയറ്റം. പിന്നീട് അത് ആഗസ്റ്റില്‍ 6.4 ശതമാനം വരെയായി ഉയര്‍ന്നു. മേയ് മാസത്തില്‍ 1.4 ശതമാനമാണ് വിലക്കയറ്റം, മാര്‍ച്ചില്‍ ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കും രേഖപ്പെടുത്തി. നെഗറ്റിവ് 1.9 ശതമാനമായിരുന്നു വിലക്കയറ്റം.
വെനിസ്വേല, ലബനാന്, സിംബാബ്വെ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് രൂക്ഷമായ വിലക്കയറ്റം അനുഭവിക്കുന്നത്. ഇതോടൊപ്പംതന്നെ യൂറോപ്പിലെ വികസിത രാജ്യങ്ങളിലെ ജനങ്ങളും ഭക്ഷ്യവിലക്കയറ്റം അഭിമുഖീകരിക്കുന്നതായി ലോകബാങ്ക് പറയുന്നു. അറബ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന മിനാ മേഖലയിലും ഖത്തറിന്റെ പ്രകടനം മികച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.