കപ്പിൽ ഖത്തറിെൻറ മുത്തം
text_fieldsദോഹ: ഏഷ്യൻ കപ്പിൽ ചരിത്രം വഴിമാറിക്കൊടുത്തു, ഖത്തറിനായി. അബൂദാബി സായിദ് സ്പോർ ട്സ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി, ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ശൈഖ് തമീമിെൻറ ഖത്തറിന് ഏഷ്യൻ കപ്പ് കിരീടം. ഇതോടെ ഏഷ്യൻ കപ്പിൽ മുത്തമിടുന്ന ഒമ്പതാമത്തെ രാജ്യമായി ഖത്തർ മാറി.
ആദ്യ പകുതി ഖത്തറിന് സ്വന്തം
ജപ്പാെൻറ മുന്നേറ്റത്തോടെയാണ് കലാശപ്പോരാട്ടത്തിന് തുടക്കം കുറിച്ചത്. ആദ്യ പത്ത് മിനുട്ടിൽ ഖത്തറിെൻറ ഗോൾ മുഖത്ത് സാമുറായീസിെൻറ വിളയാട്ടമായിരുന്നു കണ്ടത്. എന്നാൽ ജപ്പാൻ സുനാമിയെ പ്രതിരോധിക്കുന്നതിന് അഞ്ച് പ്രതിരോധ ഭടൻമാരെ ഇറക്കിയ സാഞ്ചസിെൻറ തന്ത്രം ഫലിക്കുകയായിരുന്നു. ഗോൾ മുഖത്തേക്ക് പന്തുമായി ഇരച്ചെത്തിയ ജപ്പാന്, ഖത്തർ ബൂഅലാം ഖൗഖിയുടെയും അബ്ദുൽ കരീം ഹസെൻറയും നേതൃത്വത്തിലുള്ള ഖത്തർ പ്രതിരോധം കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതിനിടയിൽ ജപ്പാനെ ഞെട്ടിച്ച് ഖത്തറിെൻറ ആദ്യ ഗോൾ പിറന്നു. ഗോൾ നേടിയതാകട്ടെ ഗോളടിയന്ത്രം അൽ മുഅസ് അലി. ഗോളടിപ്പിക്കുന്നതിൽ മിടുക്കനായ അക്രം അഫീഫ് തന്നെയായിരുന്നു ഇത്തവണയും പിന്നണിയിൽ. അക്രം അഫീഫിൽ നിന്നും സ്വീകരിച്ച പന്ത് രണ്ട് തവണ ജഗ്ൾ ചെയ്തതിന് ശേഷം കണ്ണഞ്ചിപ്പിക്കുന്ന ഓവർഹെഡ് കിക്കിലൂടെയാണ് മുഅസ് അലി കലാശപ്പോരാട്ടത്തിൽ ഖത്തറിനായി നിർണായക ലീഡ് നേടിക്കൊടുത്തത്. സ്കോർ 1–0. ഗോൾ നേട്ടത്തോടെ ഒരു ഏഷ്യൻ കപ്പ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടമെന്ന 1996ലെ ഇറാെൻറ അലിദായി സ്ഥാപിച്ച എട്ട് ഗോൾ റെക്കോർഡ് മറികടക്കാനും ദുഹൈലിെൻറ മുന്നേറ്റനിരക്കാരനായി.
ഒരു ഗോൾ വീണതോടെ ഉണർന്ന് കളിച്ച ജപ്പാൻ മുന്നേറ്റങ്ങൾ വീണ്ടും ഖത്തർ പ്രതിരോധത്തിൽ തട്ടി ആടിയുലയുന്നതാണ് കണ്ടത്. 5–3–2 ശൈലിയിൽ ടീമിനെ കളത്തിലിറക്കിയ കോച്ച് സാഞ്ചസിെൻറ നീക്കമായിരുന്നു ഇതിന് പിന്നിൽ. ഒരു നീക്കം പോലും ബോക്സ് കടക്കാതിരിക്കാൻ ഖത്തർ കോട്ടകെട്ടി.
27ാം മിനുട്ടിൽ ഖത്തറിെൻറ അപ്രതീക്ഷിത ലീഡ്. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് അൽ സദ്ദ് സ്ൈട്രക്കർ അക്രം അഫീഫ് തന്നെ. 20 തവണ ഖത്തരി കളിക്കാരുടെ കാലുകളിലൂടെ സഞ്ചരിച്ച പന്ത് അക്രം അഫീഫിൽ നിന്നും എത്തിയത് സസ്പെൻഷൻ കഴിഞ്ഞ ്തിരിച്ചെത്തിയ അബ്ദുൽ അസീസ് ഹാതിമിലേക്ക്. പാസ് സ്വീകരിച്ച ഹാതിം ആറ്റിക്കുറുക്കി ഇടങ്കാല് കൊണ്ട് ജപ്പാൻ വലയിലേക്ക് ഷോട്ടുതിർത്തപ്പോൾ ഗോൾ കീപ്പർ സുയിഷി ഗോൺഡക്ക് സ്പർശിക്കാൻ പോലും സാധിച്ചില്ല. വളഞ്ഞ് പുളഞ്ഞ് പോസ്റ്റിെൻറ ഇടത്തേ മൂലയിലേക്ക് പന്ത് കയറി. സ്കോർ 2–0. ദക്ഷിണകൊറിയക്കെതിരായ മത്സരത്തിൽ ഖത്തറിെൻറ വിജയഗോൾ നേടിയതും അബ്ദുൽ അസീസ് ഹാതിം തന്നെയായിരുന്നു. രണ്ട് ഗോൾ വീണതോടെ കളി തീർത്തും ഖത്തരികളുടെ അടുത്തായി. ഇതിനിടയിൽ ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസിെൻറ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. രണ്ട് ഗോൾ ലീഡിൽ ആദ്യ പകുതിക്ക് അവസാനം.
ജപ്പാെൻറ തിരിച്ചുവരവ്
രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്തമായ ജപ്പാനായിരുന്നു കളത്തിൽ. രണ്ട് ഗോളിെൻറ ലീഡിൽ അന്നാബികൾ ആലസ്യത്തിലേക്ക് പോയപ്പോൾ ജപ്പാൻ അവസരം മുതലെടുക്കുകയും നിരന്തരം ഖത്തർ ഗോൾ മുഖത്ത് ഭീഷണി സൃഷ്ടിക്കുകയും ചെയ്തു. ബൂഅലാം ഖൗഖിയുടെ പ്രതിരോധമികവാണ് ഖത്തറിനെ പലപ്പോഴും രക്ഷപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഖത്തർ നിരന്തരം കോർണർ കിക്കുകൾ വഴങ്ങുകയും ചെയ്തെങ്കിലും ഗോൾ അകന്നു നിന്നു. 61ാം മിനുട്ടിൽ ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ ജപ്പാൻ കളിക്കാരനുമായി തലയിടിച്ച് ഖൗഖി പുറത്ത് പോയപ്പോൾ ഖത്തർ പ്രതിരോധം ആടിയുലഞ്ഞു. പകരമിറങ്ങിയ സാലിം അൽ ഹാജിരിക്ക് ഖൗഖിയുടെ വിടവ് നികത്താനായില്ല. ഇതിനിടയിൽ ജപ്പാെൻറ ഗോൾ വീണു. 69ാം മിനുട്ടിൽ ഖത്തർ പ്രതിരോധ നിരയെ കബളിപ്പിച്ച് പന്തുമായി മുന്നേറിയ തകുമി മിനാമിനോയാണ് ജപ്പാന് മത്സരത്തിലേക്കുള്ള തിരിച്ച് വരവ് നൽകിയത്. ഒസാകോയുടെ പാസിൽ മിനാമിനോയുടെ ചിപ്പിംഗിൽ ഇതാദ്യമായി ഖത്തർ ഗോളി സഅദ് അൽ ശീബിന് ഗോൾ വഴങ്ങേണ്ടി വന്നു. സ്കോർ 2–1.
വിജയം എളുപ്പമാക്കിയ പെനാൽട്ടി
ഒരു ഗോൾ തിരിച്ചടിച്ചതോടെ പൂർവാധികം ശക്തിയോടെയും വേഗത്തിലും കളം വാണ ജപ്പാൻ ഏത് നിമിഷവും രണ്ടാം ഗോൾ അടിക്കുമെന്ന ഘട്ടത്തിലാണ് ജപ്പാന് കൂനിന്മേൽ കുരുവായി പെനാൽട്ടി വന്നത്. ഖത്തറിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ അബ്ദുൽ കരീം ഹസൻ തലവെച്ചെങ്കിലും പന്ത് കൊണ്ടത് ജപ്പാൻ ക്യാപ്റ്റൻ യോഷിദയുടെ കൈയ്യിൽ. ഖത്തർ കളിക്കാരുടെ അപ്പീലിനെ തുടർന്ന് വാർ (വീഡിയോ അസിസ്്റ്റ് റഫറി) സംവിധാനത്തിലൂടെ പരിശോധിച്ച റഫറി റഷ്വാൻ ഇർമാതോവ് കൈ ചൂണ്ടിയത് പെനാൽട്ടി സ്പോട്ടിലേക്ക്.
ജപ്പാൻ നായകൻ മഞ്ഞക്കാർഡ് വഴങ്ങുകയും ചെയ്തു. പെനാൽട്ടി കിക്കെടുത്തത് യുവ സ്ൈട്രക്കർ അക്രം അഫീഫ്. അനായാസമായി പന്ത് വലയിലേക്ക്. സ്കോർ 3–1.
മൂന്നാം ഗോളും വീണതോടെ ഖത്തർ ക്യാമ്പ് ആഹ്ലാദമുഖരിതമായി. ആദ്യമായി കോച്ച് ഫെലിക്സ് സാഞ്ചസിെൻറ മുഖത്ത് സന്തോഷത്തിെൻറ ചിരി പടർന്നു. ജഴ്സിയഴിച്ച് ഗോൾനേട്ടം ആഘോഷിച്ച അഫീഫിനും കിട്ടി റഫറിയുടെ മഞ്ഞക്കാർഡ്.
മത്സരം അവസാനത്തിലേക്ക് നീങ്ങവേ പൊടുന്നനേ ലഭിച്ച പെനാൽട്ടി ഖത്തർ ടീമിന് കൂടുതൽ ഉണർവ് സമ്മാനിക്കുകയായിരുന്നു. ജപ്പാനാകട്ടെ, ഖത്തർ മുന്നേറ്റത്തെ പ്രതിരോധിക്കാനാകാതെയും ഖത്തർ പ്രതിരോധം ഭേദിക്കാൻ കഴിയാതെയും കുഴങ്ങി. അഞ്ച് മിനുട്ട് അധികസമയം റഫറി അനുവദിച്ചെങ്കിലും അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ റാങ്കിംഗിൽ 43 സ്ഥാനം മുന്നിലുള്ള ജപ്പാനെ തകർത്ത് ഖത്തറിന് ആദ്യ ഏഷ്യൻ കപ്പ് കിരീടം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.