ഖത്തർ ലോകകപ്പ്; ‘ഗോളടിച്ച്’ ഗൾഫ് ടൂറിസം
text_fieldsദോഹ: ഖത്തർ ലോകകപ്പ് ഗൾഫ് മേഖലയിലെ വിനോദസഞ്ചാര മേഖലക്ക് അനുഗ്രഹമായി മാറിയെന്നും കുവൈത്ത് ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഖത്തർ ലോകകപ്പിന്റെ പ്രയോജനം ലഭിച്ചതായും സി.എസ്.ആർ ഗൾഫ് (അറബ് ഗൾഫ് സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച്) റിപ്പോർട്ട്.
മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായി ഫിഫ ലോകകപ്പിന് ഖത്തർ വേദിയായപ്പോൾ ലോകകപ്പിന്റെ മികച്ച ഗുണഭോക്താക്കളായ രാജ്യങ്ങളിൽ കുവൈത്ത് പിറകിലാണെന്നും സി.എസ്.ആർ ഗൾഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കുവൈത്ത് ആസ്ഥാനമായുള്ള വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഖത്തർ വേദിയായ ലോകകപ്പ് ടൂർണമെൻറ് സമയത്ത് 25 ലക്ഷത്തിലധികം ആളുകളാണ് മേഖല സന്ദർശിച്ചത്. ആതിഥേയരായ ഖത്തർ, യു.എ.ഇ, സൗദി എന്നീ രാജ്യങ്ങൾ വിനോദസഞ്ചാര മേഖലയിൽ ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറി.
കുവൈത്തിന്റെ വിനോദസഞ്ചാര മേഖലയും വ്യോമയാന മേഖലയും പുനഃക്രമീകരിക്കുന്നതിലെയും അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിലെയും കാലതാമസം കാരണം മേഖലയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന വിനോദസഞ്ചാര സാധ്യതകൾ പൂർണമായി വിനിയോഗിക്കുന്നതിൽ രാജ്യം പിന്നോക്കമായതായും സി.എസ്.ആർ ഗൾഫ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്തിന്റെ ജി.ഡി.പിയിൽ ടൂറിസം വഴി രണ്ടാമത്തെ വലിയ സംഭാവന നൽകാൻ ഖത്തറിനായിട്ടുണ്ട്. വിനോദസഞ്ചാരത്തിലൂടെ ജി.ഡി.പിയിലേക്ക് 10.3 ശതമാനം സംഭാവന നൽകാൻ ഖത്തറിനായി. യു.എ.ഇയാണ് ഇക്കാര്യത്തിൽ ഖത്തറിന് മുന്നിലുള്ളത്.
റിപ്പോർട്ട് പ്രകാരം ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ഖത്തറിലെ വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗണ്യമായ നേട്ടമുണ്ടായി. ടൂറിസം വരുമാനത്തിലും മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ അതിന്റെ സംഭാവനയിലും ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയാണ് ഒന്നാമത്. യു.എ.ഇയുടെ ജി.ഡി.പിയിലേക്കുള്ള ടൂറിസം മേഖലയുടെ പങ്ക് 11.6 ശതമാനമാണ്.
6.8 ശതമാനവുമായി ബഹ്റൈനാണ് മൂന്നാമത്. 5.3 ശതമാനവുമായി സൗദി നാലാമതെത്തിയപ്പോൾ, 3.3 ശതമാനവുമായി കുവൈത്തും ഒമാനും തൊട്ടുപിറകിലായി. മേഖലയിലെ പ്രധാന വിമാനക്കമ്പനികൾക്ക് കീഴിലുള്ള എയർലൈനുകൾ ഖത്തറിലേക്ക് സർവിസ് വർധിപ്പിച്ചതും ലോകകപ്പ് വേളയിലെ ടൂറിസം വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചതായും സി.എസ്.ആർ ഗൾഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇതുപ്രകാരം യു.എ.ഇയിലും ഖത്തറിലുമായി യഥാക്രമം 257ഉം 200ഉം വിമാനങ്ങളാണ് സർവിസിനായുള്ളത്. സൗദിക്ക് 144ഉം ഒമാനിന് 52-64ഉം ബഹ്റൈനിന് 36ഉം എണ്ണം വിമാനങ്ങളുമാണ് സർവിസിനുള്ളത്. ലോകകപ്പ് വേളയിൽ ഖത്തറിലെത്തുന്ന ആരാധകർക്കായി ജി.സി.സി രാജ്യങ്ങൾ അവരുടെ അതിർത്തികൾ തുറന്നുകൊടുത്തിരുന്നു. ഹയ്യ കാർഡ് കൈവശമുള്ളവർക്ക് 90 ദിവസം വരെ താമസിക്കാവുന്ന മൾട്ടി എൻട്രി വിസയും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.