ഖത്തർ ലോകകപ്പ്; മെട്രോ, ദി സക്സസ് വേ
text_fieldsദോഹ: ലോകമാകെ ഒഴുകിയെത്തിയ ഖത്തർ ലോകകപ്പിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത് രാജ്യത്തെ പൊതുഗതാഗത സംവിധാനമായിരുന്നു. എട്ട് സ്റ്റേഡിയങ്ങളിലായി കളികളും അൽ ബിദ ഫാൻ ഫെസ്റ്റിവൽ, ദോഹ കോർണിഷൽ, ലുസൈൽ ബൊളെവാഡ് എന്നിവിടങ്ങളിലായി വിവിധ ആഘോഷങ്ങളും പൊടിപൊടിക്കുമ്പോഴെല്ലാം തടസ്സങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ സഞ്ചാരത്തിന് വഴിയൊരുങ്ങി. മൂന്ന് ലൈനുകളും 37 സ്റ്റേഷനുകളുമായി ദോഹയുടെ വിവിധ ഭാഗങ്ങളെയും ലുസൈൽ, വക്റ നഗരങ്ങളെയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ദോഹ മെട്രോ ശൃംഖല തന്നെയായിരുന്നു ഏറ്റവും പ്രധാനം.
നവംബർ ഒന്നുമുതൽ ഡിസംബർ 20 വരെയായി ദിവസവും 21 മണിക്കൂർ സർവിസ് നടത്തിയ മെട്രോ, യാത്രാമാർഗം എന്നതിനപ്പുറം വിവിധ ദേശക്കാരുടെ സംഗമവേദിയും ആഘോഷ കേന്ദ്രവുമായി മാറി. വിവിധ രാജ്യക്കാർ മെട്രോയുടെ മികച്ച സേവനങ്ങളെ പ്രകീർത്തിച്ചാണ് രാജ്യം വിട്ടത്. സമൂഹ മാധ്യമങ്ങൾവഴി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ലോകമാധ്യമങ്ങൾ മെട്രോ സേവനങ്ങളെ പുകഴ്ത്തുകയും ചെയ്തു.
യാത്രക്കാർ 26.8 ദശലക്ഷം
നവംബർ 18 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് കാലയളവിൽ ഖത്തറിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്തത് 26.8 ദശലക്ഷം പേർ. ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ദോഹ മെട്രോ വഴി 18.416 ദശലക്ഷം യാത്രക്കാരാണ് ലക്ഷ്യത്തിലെത്തിയത്. ലുസൈൽ ട്രാം 829,741 യാത്രക്കാർ ഉപയോഗപ്പെടുത്തിയപ്പോൾ, എജുക്കേഷൻ സിറ്റി ട്രാമിലൂടെ 150,800 പേരും മുശൈരിബ് ട്രാമിലൂടെ 27,600 പേരും യാത്ര ചെയ്തതായി ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കി.
ഫിഫ ലോകകപ്പ് ആരംഭിച്ചതുമുതൽ ടൂർണമെൻറ് അവസാനിക്കുന്നതുവരെ പൊതുഗതാഗത മേഖല അതിന്റെ മുഴുവൻ സേവനങ്ങളിലും ശ്രദ്ധേയമായ റെക്കോഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി ലോകകപ്പിനോടനുബന്ധിച്ച് 26425 വിമാനങ്ങളുടെ നീക്കം രേഖപ്പെടുത്തി. ഖത്തർ എയർവേസ് വിമാനം 14,000 സർവിസുകാണ് ലോകകപ്പ് കാലത്ത് നടത്തിയത്.
സ്റ്റേഡിയങ്ങൾ, ഫാൻ സോൺ, മറ്റ് ആഘോഷ വേദികൾ എന്നിവ ബന്ധിപ്പിച്ച് 37 മെട്രോ സ്റ്റേഷനുകൾ ലോകകപ്പിന്റെ ഭാഗമായി ലോകകപ്പ് വേളയിൽ സർവിസ് നടത്തിയത് 110 ട്രെയിനുകളാണ്. വിവിധ ലൈനുകളിൽ തുടർച്ചയായി 21 മണിക്കൂറോളം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനായി ട്രെയിനുകൾ സർവിസ് നടത്തി.
ഗ്രൂപ് റൗണ്ടിലെ മത്സരങ്ങളിൽ മെട്രോ വഴി 88 ലക്ഷം പേർ യാത്ര ചെയ്തു. നവംബർ 20 മുതൽ ഡിസംബർ രണ്ടുവരെയായിരുന്നു എട്ട് സ്റ്റേഡിയങ്ങളിലായി ഗ്രൂപ് റൗണ്ട് മത്സരങ്ങൾ നടന്നത്. ലോകകപ്പ് വേളയിലെ ആകെ ട്രെയിൻ ട്രിപ്പുകളുടെ എണ്ണം 79,216 ആയി. ആകെ ഓടിയത് 15 ലക്ഷം കിലോമീറ്റർ ദൂരം.
165 സെക്കൻഡ് ഇടവേളയിലായി യാത്രക്കാരുടെ നീക്കം ഉറപ്പാക്കി. 2.75 മിനിറ്റ് ഇടവേളയിൽ സർവിസ് ഓരോ സ്റ്റേഷനിലും മെട്രോ എത്തി. ഒരുദിവസത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ എണ്ണമായിരുന്നു ഇത്. നവംബർ 24ന് ബ്രസീൽ -സെർബിയ, പോർചുഗൽ-ഘാന, ഉറുഗ്വായ് -ദ.കൊറിയ, സ്വിറ്റ്സർലൻഡ്-കാമറൂൺ ടീമുകൾ മാറ്റുരച്ച ദിനത്തിൽ 8.25 ലക്ഷം ജനങ്ങൾ മെട്രോ വഴി സഞ്ചരിച്ചു. 2019 ഡിസംബർ 18ന് മെട്രോവഴി സഞ്ചരിച്ച യാത്രക്കാരുടെ റെക്കോഡാണ് (333,000) മാറ്റിയെഴുതിയത്.
ലോകകപ്പ് ടൂർണമെൻറ് വേളയിൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആറ് ലക്ഷ്യമായിരുന്നു. മെട്രോ സജീവമായതിന്റെ ഫലമായി കാർ യാത്ര കുറഞ്ഞു. 119000 ആയിരുന്നു ശരാശരി കാർ യാത്രക്കാർ. ഇതുവഴി 8500 ടൺ കാർബൺ ബഹിർഗമനം കുറക്കാനായി. മെട്രോയുടെ സേവനം 100 ശതമാനത്തിനടുത്ത് വിജയം രേഖപ്പെടുത്തി.
സമയനിഷ്ഠ, കാര്യക്ഷമത, സേവനം, യാത്രക്കാർക്കുള്ള സൗകര്യം ഉൾപ്പെടെ എല്ലാം കണക്കാക്കുമ്പോൾ മെട്രോയുടെ പ്രകടനത്തിന് ഫുൾ എ പ്ലസ് മികവ്. അപകടമോ മറ്റ് അപായമോ ഇല്ലാത്ത ലോകകപ്പ് കാലം. ഏറ്റവും സുരക്ഷിതമായ മെട്രോ സേവനമായിരുന്നു ലോകകപ്പ് വേളയിലേതെന്ന് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.