കളിയൊഴിഞ്ഞിട്ടും തിരക്കൊഴിയാതെ സൂഖ് വാഖിഫ്
text_fieldsദോഹ: ലോകകപ്പും കഴിഞ്ഞ് ആരാധകക്കൂട്ടങ്ങൾ മടങ്ങിത്തുടങ്ങിയെങ്കിലും ആഘോഷ വേദിയായ സൂഖ് വാഖിഫിൽ തിരക്കൊഴിയുന്നില്ല. ലോകകപ്പ് വേളയിൽ വിവിധ രാജ്യക്കാരായ ആരാധകരുെട സംഗമവേദിയായിരുന്ന സൂഖ് വൈകീട്ടു മുതൽ പുലരുംവരെ പാട്ടും നൃത്തവുമായി ആഘോഷപ്പൂരത്തിന്റെ വേദിയായിരുന്നു.
ഡിസംബർ 18ഓടെ കളികഴിഞ്ഞ് ടീമുകളും താരങ്ങളുമെല്ലാം മടങ്ങിയെങ്കിലും ആരാധകർ ഇപ്പോഴും ഖത്തറിലുണ്ട്. നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയ ആരാധകക്കൂട്ടങ്ങൾ വൈകുന്നേരങ്ങളിൽ ഷോപ്പിങ്ങിനും മറ്റുമായി സൂഖിലെത്തുന്നതോടെ കളികഴിഞ്ഞിട്ടും ആഘോഷം അവസാനിപ്പിക്കാൻ മടിക്കുന്നതുപോലെയായി സൂഖ് വാഖിഫ്.
ഖത്തറിന്റെ പരമ്പരാഗത ഉൽപന്നങ്ങൾ വാങ്ങാനും ലോകകപ്പ് സ്മരണിക സ്വന്തമാക്കാനുമായി നിരവധി പേരാണ് ദിവസേനയെത്തുന്നത്. അർജൻറീന, മെക്സികോ, ബ്രസീൽ ഉൾപ്പെടെ തെക്കനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർ പ്രധാനമായും പരമ്പരാഗത അറബ് ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും വാങ്ങാൻ താൽപര്യം കാണിക്കുന്നതായി സൂഖിൽ വർഷങ്ങളായി വ്യാപാരം നടത്തുന്ന തുനീഷ്യക്കാരൻ മുഹമ്മദ് ഇമാദ് പറഞ്ഞു.
ലോകകപ്പിന്റെ അവസാന നാളുകളിലായിരുന്നു ഏറ്റവും കൂടുതൽ വ്യാപാരം നടന്നതെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഫൈനലിനു പിന്നാലെ നാട്ടിലേക്ക് മടങ്ങുന്ന കാണികൾ കൂടുതലായി തേടിയെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.