കീശകീറാതെ ലോകകപ്പ് കാണാം
text_fieldsദോഹ: ഫുട്ബാൾ ലോകം ആവേശത്തോടെ കാത്തിരുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് ബുക്കിങ് നടപടികൾക്ക് ബുധനാഴ്ച തുടക്കമായി. ലോകകപ്പിന്റെ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വിലക്കുറവുള്ള ടിക്കറ്റുകൾ വാഗ്ദാനം ചെയ്താണ് ഫിഫ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ജനുവരിൽ 19നു തുടങ്ങി ഫെബ്രുവരി എട്ട് ഉച്ച ഒന്നുവരെ നീളുന്ന സമയത്തിനുള്ളിൽ ലോകമെങ്ങുമുള്ള ആരാധകർക്ക് Fifa.com/tickets ലിങ്ക് വഴി ടിക്കറ്റിനായി ബുക്ക് ചെയ്യാം.
തുടർന്ന്, മാർച്ച് എട്ടിനു ശേഷം, നടക്കുന്ന റാൻഡം നറുക്കെടുപ്പിലൂടെയാവും ടിക്കറ്റിന് അർഹരെ തെരഞ്ഞെടുക്കുക. ശേഷം, പണമടച്ച് ഗാലറിയിൽ തങ്ങളുടെ ഇരിപ്പിടം ഉറപ്പിക്കുന്നതാണ് ആദ്യ ഘട്ടത്തിലെ രീതി. 1990നു ശേഷമുള്ള ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് സംഘാടകർ ആരാധകർക്കായി വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെ താമസക്കാർക്ക് 40 ഖത്തർ റിയാലിന് (819 ഇന്ത്യൻ രൂപ) സ്റ്റേഡിയം കാറ്റഗറി നാല് ടിക്കറ്റുകൾ ലഭ്യമാവും.
ആതിഥേയ രാജ്യത്ത് സ്വദേശികളും വിദേശികളും ഉൾപ്പെടെ താമസാനുമതിയുള്ളവർക്കെല്ലാം ഈ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കാം. നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനം മുതൽ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ വരെ മത്സരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ടിക്കറ്റുകൾ നേടാം.
വ്യക്തിഗത മാച്ച് ടിക്കറ്റ്, ടീം സ്പെസിഫിക് ടിക്കറ്റ്, ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ബുക്ക്ചെയ്യാൻ കഴിയുക. വ്യക്തിഗത മാച്ച് ടിക്കറ്റിങ്ങിൽ കാറ്റഗറി നാല് ടിക്കറ്റുകൾ (ഗോൾപോസ്റ്റിന് പിറകിലായുള്ള ഗാലറി) ഗ്രൂപ് മത്സരങ്ങൾക്ക് 40 റിയാലും, ഫൈനലിന് 750 റിയാലും (15,328 രൂപ) വരെയാണ് നിരക്ക്. എന്നാൽ, ആദ്യ ഘട്ടത്തിൽ ഖത്തറിലെ താമസക്കാർക്ക് മാത്രമാണ് ഈ വിഭാഗം ടിക്കറ്റുകൾ ലഭ്യമാവുന്നത്.
ഇന്ത്യക്കാർ ഉൾപ്പെടെ വിദേശകാണികൾക്ക് കാറ്റഗറി ഒന്ന് (ഗ്രൂപ് റൗണ്ട് മത്സരം 16,000 രൂപ, ഫൈനൽ 1.19 ലക്ഷം രൂപ), കാറ്റഗറി മൂന്ന് (ഗ്രൂപ് റൗണ്ട് 12,260 രൂപ, ഫൈനൽ 74,500 രൂപ), കാറ്റഗറി മൂന്ന് ( ഗ്രൂപ് റൗണ്ട് 5108 രൂപ, ഫൈനൽ 44,900 രൂപ) എന്നിങ്ങനെയാണ് വ്യക്തിഗത ടിക്കറ്റുകളുടെ നിരക്കുകൾ. കാണികൾക്ക് ഫാൻ ഐഡി (ഹയ്യാകാർഡ്) വഴിയാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുക. ഫെബ്രുവരി എട്ടിന് അവസാനിക്കുന്ന ഒന്നാം ഘട്ടത്തിനു ശേഷം, ഏപ്രിൽ ഒന്നിന് നടക്കുന്ന ടീം നറുക്കെടുപ്പിന് പിന്നാലെ രണ്ടാം ഘട്ട ടിക്കറ്റുകളുടെ വിൽപന ആരംഭിക്കും.
നവംബർ 21നാണ് കാൽപന്ത് ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക് ഖത്തറിന്റെ മണ്ണിൽ പന്തുരുളുന്നത്. പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തർ എട്ട് വേദികളുടെ നിർമാണങ്ങൾ പൂർത്തിയാക്കി ഒരു വർഷം മുമ്പേ സർവസജ്ജമായി കാത്തിരിപ്പിലാണ്. ലോകകപ്പിന്റെ ട്രയൽ റൺ എന്ന നിലയിൽ നടത്തപ്പെട്ട ഫിഫ അറബ് കപ്പിന് കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 18 വരെ ഖത്തർ വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.