ഖത്തർ ലോകകപ്പിലെ ഗതാഗത ആസൂത്രണം ഭാവി മേളകൾക്കുള്ള ബ്ലൂ പ്രിന്റ്
text_fieldsദോഹ: സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്.സി) രാജ്യവ്യാപകമായ ഒരുകൂട്ടം പങ്കാളികളും ഫിഫ ലോകകപ്പ് സമയത്ത് നടപ്പാക്കിയ ശക്തമായ ഗതാഗത തന്ത്രങ്ങളുടെ ഗുണഭോക്താക്കളായത് ദശലക്ഷക്കണക്കിന് ആരാധകർ.
ആധുനിക ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ലോകകപ്പ് പതിപ്പിനായിരുന്നു കഴിഞ്ഞ വർഷം ഖത്തറിൽ ലോകം സാക്ഷ്യം വഹിച്ചത്. ഒന്നര ദശലക്ഷത്തോളം വരുന്ന ആരാധകർക്ക് ആതിഥ്യമൊരുക്കുന്നതിനും അവർക്കാവശ്യമായ സൗകര്യം പ്രദാനം ചെയ്യുന്നതിനും വിപുലമായ ആസൂത്രണവും പങ്കാളികളുടെ ഇടപെടലുകളും അനിവാര്യമായിരുന്നു. എട്ട് അത്യാധുനിക സ്റ്റേഡിയങ്ങൾക്കിടയിൽ ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരുന്നതിന് കൃത്യമായ ആസൂത്രണവും പദ്ധതിയും ആവശ്യമായിരുന്നു.
മറികടന്നത് നിരവധി വെല്ലുവിളികൾ
ഗ്രൂപ് ഘട്ടത്തിൽ ഒരു ദിവസം നാല് മത്സരങ്ങൾ നടക്കുമ്പോൾ, താമസസ്ഥലം, സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവക്കിടയിൽ ആരാധകരെയും സംഘാടകരെയും എത്തിക്കുകയെന്നതും സംഘാടകർക്ക് പ്രധാന വെല്ലുവിളിയായിരുന്നു. ഖത്തറിന്റെ ഒതുക്കമുള്ള സ്വഭാവമാണ് 2022 ലോകകപ്പിനെ അതുല്യമാക്കിയതെന്ന് എസ്.സി മൊബിലിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. അബ്ദുൽ അസീസ് അൽ മവ്ലവി പറഞ്ഞു. ടൂർണമെന്റിലുടനീളം ആരാധകരും കളിക്കാരും ലോകകപ്പ് ജീവനക്കാരും ഒരിടത്ത് തന്നെയിരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. ഗതാഗതവുമായി ബന്ധപ്പെട്ട് ഇത് നിരവധി വെല്ലുവിളികളാണുയർത്തുക. ഇതിനെ മറികടക്കാൻ ഞങ്ങൾക്ക് മുന്നിൽ നിരവധി മാർഗങ്ങൾ ആലോചനകളിലുണ്ടായിരുന്നു. പ്രധാന പങ്കാളികളുമായി അടുത്തിടപഴകുകയും ഒന്നിലധികം മേഖലകളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നുവെന്ന് അൽ മവ്ലവി കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് ‘വഴികാട്ടാൻ’സംവിധാനം
ബസുകളും ടാക്സികളും വീൽചെയർ സൗഹൃദമായിരുന്നു. ഭിന്നശേഷിക്കാരായ ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാൻ ഇത് ഏറെ സഹായകമായി. പരിസ്ഥിതിക്ക് എസ്.സിയും പങ്കാളികളും മുൻഗണന നൽകിക്കൊണ്ടുള്ള ഇലക്ട്രിക്, ഹൈബ്രിഡ് ബസുകളും പൊതുഗതാഗത മേഖലയിൽ സജീവമായിരുന്നു. താമസക്കാർക്കും സന്ദർശകർക്കും ഗതാഗത വാർത്തകൾ നൽകുന്നതിന് പ്രത്യേക സംവിധാനം തന്നെ അധികൃതർ മുന്നോട്ടുവെച്ചിരുന്നു. പ്രധാന ടൂർണമെന്റ് സൈറ്റുകൾക്കായുള്ള മാപ്പും റൂട്ട് പ്ലാനറുകളും ഉൾപ്പെടുന്ന ഒരു സമർപ്പിത സമൂഹമാധ്യമ ചാനലും വെബ്സൈറ്റും ഇതിലുൾപ്പെടും.
ഒരു വമ്പൻ കായിക ചാമ്പ്യൻഷിപ് സുസ്ഥിരമായും ഒതുക്കമുള്ളതായും എങ്ങനെ നടത്താമെന്നതിന്റെ ഒരു ബ്ലൂപ്രിന്റ് തങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുണ്ടെന്ന് അൽ മവ്ലവി ചൂണ്ടിക്കാട്ടി. ഞങ്ങൾ വികസിപ്പിച്ച ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെയും ആരാധകരുടെയും താരങ്ങളുടെയും ജീവനക്കാരുടെയും സഞ്ചാര അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അതുറപ്പിച്ചുപറയാനാകും. ഖത്തറിന് വലിയ പാരമ്പര്യം നൽകിയ, ഒരു വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും നയിക്കുന്നതിലും മികച്ചരീതികളും ശക്തമായ അനുഭവസമ്പത്തുള്ള വിഭവങ്ങളും ഉൾക്കൊള്ളുന്ന ക്രൗഡ് മാനേജ്മെന്റ് തന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത പദ്ധതികൾ ഞങ്ങൾക്ക് ഇപ്പോൾ നിലവിലുണ്ട്’-അദ്ദേഹം പറഞ്ഞു.
സുപ്രധാനം മെട്രോ
ടൂർണമെന്റ് കാലയളവിൽ 1.7 ദശലക്ഷത്തോളം ആളുകളാണ് ഖത്തറിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത്. അതേസമയം, ദോഹ മെട്രോയിൽ 17.4 ദശലക്ഷം പേർ യാത്ര ചെയ്തു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതായിരുന്നു എല്ലാ ഗതാഗത ഓപ്ഷനുകളും. 37 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ദോഹ മെട്രോ എല്ലാവർക്കും ആക്സസ് ചെയ്യാവുന്ന ഒന്നായിരുന്നു.
ഖത്തറിലെ ഗതാഗത പ്രവർത്തനങ്ങളുടെ ശേഷിയെയാണ് ഇത് സൂചിപ്പിക്കുന്നത്. ആരാധകരും മാധ്യമ പ്രവർത്തകരും ജീവനക്കാരും വളന്റിയർമാരുമുൾപ്പെടുന്ന ഹയ്യ കാർഡ് ഉടമകൾക്ക് പൊതുഗതാഗതം സൗജന്യമായിരുന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി എന്നിവയിലൂടെ ആളുകൾക്ക് സ്വതന്ത്രമായും സുരക്ഷിതമായും സഞ്ചരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഒരു ട്രാവൽ ഡിമാൻഡ് മാനേജ്മെന്റ് സിസ്റ്റത്തിലാണ് പ്രവർത്തിച്ചത്. സെൻട്രൽ ദോഹ, എട്ട് സ്റ്റേഡിയങ്ങളിലെ ലാസ്റ്റ് മൈൽ ഏരിയ, ഫാൻ സോണുകൾ, താമസ സ്ഥലങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ എന്നിവയിലും ഈ സംവിധാനം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹം വിശദീകരിച്ചു.
‘ഗതാഗതം സാധ്യമായരീതിയിൽ ലളിതമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മുവാസലാത്ത്, മവാനി ഖത്തർ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു. ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും അവരുടെ മികച്ച സഹകരണത്തിനും പിന്തുണക്കും നന്ദി പ്രകടിപ്പിക്കുന്നു. ഖത്തർ 2022നെ അവിസ്മരണീയമായ ഒരു ടൂർണമെന്റാക്കുന്നതിലും ആരാധകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിലും അത് വലിയ പങ്കുവഹിച്ചു’-എസ്.സി മൊബിലിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.