ഖത്തർ ലോകകപ്പ് അവിസ്മരണീയമാവും ; മെക്സികോ കരുത്തരാണ് -ലൂയിസ് ഹെർണാണ്ടസ്
text_fieldsഖത്തർ ലോകകപ്പിനെ കുറിച്ചും മെക്സികോയുടെ സാധ്യതകളെ കുറിച്ചും ലോകകപ്പ് അംബാസഡർ കൂടിയായ മുൻ മെക്സിക്കൻ താരം സംസാരിക്കുന്നു
ദോഹ: ഖത്തറിലെത്തുന്ന താരങ്ങളെയും ആരാധകരെയും കാത്തിരിക്കുന്നത് അവിസ്മരണീയ മുഹൂർത്തങ്ങളും അനുഭവങ്ങളുമായിരിക്കുമെന്ന് മെക്സിക്കൻ ഇതിഹാസ താരം ലൂയിസ് ഹെർണാണ്ടസ്. ലോകകപ്പിൽ ആദ്യമായി പന്തുതട്ടാനിറങ്ങുന്ന ആതിഥേയരായ ഖത്തറിൽനിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സുപ്രീം കമ്മിറ്റി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ലോകകപ്പ് അംബാസഡർ കൂടിയായ ഹെർണാണ്ടസ് കൂട്ടിച്ചേർത്തു. രണ്ട് ലോകകപ്പുകളിൽ മെക്സികോ ടീമിനെ പ്രതിനിധീകരിച്ച ലൂയിസ് ഹെർണാണ്ടസ് 85 മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ നേടിയിട്ടുണ്ട്. 1998ലെ ഫ്രാൻസ് ലോകകപ്പിൽ നാല് ഗോളുകൾ നേടി ശ്രദ്ധേയ പ്രകടനം നടത്താനും ഹെർണാണ്ടസിന് കഴിഞ്ഞിരുന്നു.
? 1998ലും 2002ലുമായി മെക്സികോ ടീമിനൊപ്പം ലോകകപ്പിൽ പങ്കെടുത്തു. മറക്കാനാകാത്ത അനുഭവങ്ങളെന്തെങ്കിലും.
- ഫുട്ബാൾ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നു അവ. ഫ്രാൻസ് ലോകകപ്പ് എന്നിൽ വലിയ മാറ്റങ്ങളുണ്ടാക്കി. യൂറോപ്പിൽ നടക്കുന്ന ലോകകപ്പിൽ ആദ്യമായി മെക്സികോ നോക്കൗട്ട് റൗണ്ടിലെത്തിയതും ഫ്രാൻസിലായിരുന്നു. ഫ്രാൻസിൽ നാല് ഗോളുകൾ നേടാനായത് ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു.
? അറബ് ലോകത്തും മിഡിലീസ്റ്റിലുമായി നടക്കുന്ന പ്രഥമ ലോകകപ്പിെൻറ സവിശേഷതകൾ.
- 2002ലെ ലോകകപ്പ് പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. എന്റെ ഫുട്ബാൾ ജീവിതത്തിലും അത് അവിസ്മരണീയ അനുഭവമാണ് നൽകിയത്. ഖത്തറിലും വ്യത്യസ്തമായിരിക്കില്ല. ഏറ്റവും മികച്ച ടൂർണമെൻറിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുക. ടൂർണമെൻറിനും ഒരു വർഷം മുമ്പുതന്നെ സ്റ്റേഡിയങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പൂർത്തിയായിരിക്കുകയാണ്. നിരവധി പേരുടെ അധ്വാനം ഈ ടൂർണമെൻറിെൻറ വിജയത്തിന് പിന്നിലുണ്ടാകും.
? അടുത്തടുത്ത വേദികളും താമസവും; കളിക്കാർക്കും ആരാധകർക്കും ഇതെങ്ങനെ പ്രയോജനപ്പെടും.
- കളിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത്. മത്സരങ്ങൾക്കിടയിൽ ആവശ്യമായ വിശ്രമം ലഭിക്കാനും പരിശീലനം നടത്താനും ഇത് സഹായിക്കും. ശാരീരികമായും മാനസികമായും വലിയ പ്രയോജനം ചെയ്യും. ആരാധകർക്ക് സ്റ്റേഡിയങ്ങൾക്ക് സമീപംതന്നെ താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ അനുഭവിക്കാം. എല്ലാവർക്കും മികച്ച അനുഭവമായിരിക്കും ഖത്തർ ലോകകപ്പ് നൽകുക.
?ഫിഫ ലോകകപ്പിൽ ഖത്തറിെൻറ അരങ്ങേറ്റത്തിനുകൂടിയാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഖത്തറിന്റെ സാധ്യതകൾ.
- അത്ഭുതങ്ങൾ സംഭവിക്കാം. ഖത്തറിന് അതിനുള്ള പ്രാപ്തിയും ശേഷിയുമുണ്ട്. സ്വന്തം നാടെന്ന ഘടകം മത്സരത്തിൽ ഖത്തറിനൊപ്പമുണ്ടാകും. ഖത്തറിലെ ഓരോരുത്തരും അവർക്ക് പിന്നിലുണ്ടാകും. ചിലരെ ഞെട്ടിക്കാനുള്ള ശേഷിയും അവർക്കുണ്ട്.
? 17ാം തവണയാണ് മെക്സികോ ലോകകപ്പിനെത്തുന്നത്. സാധ്യതകൾ എത്രത്തോളമുണ്ട്.
- ആദ്യ മത്സരം മുതൽതന്നെ ജയത്തോടെ തുടങ്ങണം. അവിടെനിന്ന് മുന്നോട്ട്. കുറെ മുന്നോട്ടു കടന്ന് ചിന്തിക്കുന്നതിൽ അർഥമില്ല. മുന്നിലുള്ള മത്സരമായിരിക്കണം ലക്ഷ്യം. ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണ അത് ഏറ്റവും പ്രധാനപ്പെട്ടതാണ്. നിരവധി ആരാധകരാണ് ഖത്തറിലേക്ക് വിമാനം കയറാൻ തയാറായിരിക്കുന്നത്. ഖത്തർ ലോകകപ്പ് അവർക്ക് അവിസ്മരണീയ അനുഭവമായിരിക്കുമെന്നതിൽ തർക്കമില്ല.
? ആരായിരിക്കും ഇത്തവണ മെക്സികോയുടെ താരം.
- ചുക്കി എന്നറിയപ്പെടുന്ന ഹിർവിങ് ലൊസാനോയാണ് എന്റെ പ്രതീക്ഷ. അവന്റെ ആരാധകനാണ് ഞാൻ. നല്ല കഴിവുകളും ആക്രമണശേഷിയുമാണവന്. നാപ്പോളിയിൽ മികച്ച പ്രകടനമാണ് ലൊസാനോ കാഴ്ചവെക്കുന്നത്. ലോകകപ്പിൽ അവന്റെ കഴിവുകളെ ലോകത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
? അമേരിക്ക, കോസ്റ്ററീക, കാനഡ എന്നിവരും ഇത്തവണ ഖത്തറിലെത്തുന്നുണ്ട്. അവരുടെ സാധ്യതകൾ.
- കാനഡ ചിലർക്ക് വെല്ലുവിളിയുയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. യോഗ്യത റൗണ്ടിലെ പ്രകടനം തുടരുകയാണെങ്കിൽ വമ്പന്മാരെ ഞെട്ടിക്കാൻ അവർക്കാകും. അമേരിക്ക രണ്ടാം റൗണ്ടിലെത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ വലിയ വെല്ലുവിളികളാണ് അവർക്കു മുന്നിലുള്ളത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.