ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് കാത്തിരിക്കുന്നു -ഫിഫ
text_fieldsദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗറ. ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിൽ ഖത്തർ, റഷ്യ രാജ്യങ്ങളിൽ നിന്നുള്ള ലോകകപ്പ് പ്രാദേശിക സംഘാടകരുമായുള്ള നിരവധി കൂടിക്കാഴ്ചകൾക്ക് ശേഷം ഫിഫ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കാലത്തെ നേട്ടങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നുമെല്ലാം പാഠമുൾക്കൊണ്ട് ഭാവി മികവുറ്റതാക്കുകയാണ് ഫിഫ ലക്ഷ്യമിടുന്നതെന്ന് ഫത്മ സമൗറ വ്യക്തമാക്കി. ഫിഫ ലോകകപ്പ് ഏറ്റവും മികവുറ്റതാക്കാൻ നിരവധി മാർഗങ്ങളുണ്ട്. റഷ്യയിൽ നാം അത് കണ്ടു കഴിഞ്ഞു. എന്നാൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ഇതുവരെ നടന്നതിൽ ഏറ്റവും മികവുറ്റതായിരിക്കുമെന്നും ചരിത്രം അടയാളപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, 2022ലെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അഭിപ്രായപ്പെട്ടു. ഭാവിയിലെ ആതിഥേയർക്ക് മികച്ച പ്രചോദനം നൽകിയ റഷ്യയെ അഭിനന്ദിക്കുന്നുവെന്നും ഹസൻ അൽ തവാദി വ്യക്തമാക്കി. ഫിഫയുടെ ആഭിമുഖ്യത്തിൽ സൂറിച്ചിൽ നടന്ന യോഗങ്ങൾ ലോകകപ്പ് മികവുറ്റതാക്കുന്നതിന് കൂടുതൽ വെളിച്ചമേകുന്നതായിരുന്നുവെന്നും റഷ്യയിൽ അവസാനിപ്പിച്ചേടത്ത് വെച്ച് തന്നെ തുടങ്ങാനാണ് ഖത്തർ പദ്ധതിയിടുന്നതെന്നും ഹസൻ അൽ തവാദി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.