എന്നെ ഫുട്ബാൾ പ്രേമിയാക്കിയ ഖത്തർ ലോകകപ്പ്...
text_fields2008 മാർച്ച് 31ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഷാർജയിൽനിന്നുള്ള എയർ അറേബ്യയുടെ വിമാനത്തിൽ ഖത്തറിൽ ഇറങ്ങുമ്പോൾ ഈ രാജ്യത്തെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. യു.എ.ഇയിലെ അഞ്ചു മാസത്തെ അലച്ചിലിനൊടുവിൽ കിട്ടിയ ഒരു ജോലിയാണ്. കമ്പനിയുടെ ദോഹ ഓഫിസിലേക്കാണെന്നു പറഞ്ഞപ്പോഴാണ് ഖത്തർ എന്ന രാജ്യത്തെക്കുറിച്ചുപോലും ഞാനറിയുന്നത്. പിന്നീടങ്ങോട്ട് എന്റെ എല്ലാമായി ഖത്തർ മാറുകയായിരുന്നു.
അവിടന്ന് രണ്ടു വർഷം പിന്നിടുമ്പോഴാണ് 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഖത്തറിനെ തേടിവരുന്നത്. മലപ്പുറത്തുകാരനായ ഞാൻ കാൽപന്തുകളിയിലെന്നല്ല, ക്രിക്കറ്റ് മുതൽ നാടൻ കുറ്റിയും കോലും വരെയുള്ള ഒരു കളികളിലും താൽപര്യം പ്രകടിപ്പിക്കാത്ത ഒരു നാട്ടിൻപുറത്തുകാരൻ പയ്യനായിരുന്നു. എന്തിനേറെ, സ്കൂളും വീടും എന്നതിൽ കവിഞ്ഞ് നാട്ടിൻപുറത്തെ സാദാ സൗഹൃദങ്ങൾപോലും അന്യമായ എനിക്ക് സ്കൂൾ കലോത്സവങ്ങളിലോ കായിക മത്സരങ്ങളിലോ കാര്യമായ റോളൊന്നും വഹിക്കേണ്ടിവന്നതുമില്ല. കുട്ടിക്കാലത്ത് ഒരുപാട് ലോകകപ്പുകൾ കഴിഞ്ഞുപോയിട്ടും, അങ്ങാടിയിൽ ആളും ആരവവുംകൂടി എല്ലാവരും കളി ആസ്വദിച്ചപ്പോഴും ഒന്ന് നോക്കിനിൽക്കാൻപോലും മനസ്സ് വരാതിരുന്ന ‘അരസികനാ’യിരുന്നു ഞാൻ. അത്തരമൊരു സാഹചര്യത്തിലൂടെ വളർന്നുവന്ന എന്നെ സംബന്ധിച്ച് ഖത്തറിൽ നടക്കാൻ പോകുന്ന ലോകകപ്പ് വലുതായൊന്നും എനിക്ക് ആവേശം പകർന്നിരുന്നില്ല.
ഇതിനിടയിലും ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന നിർമാണപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിനൊപ്പം, അതിലൂടെ ഖത്തർ വളർന്നു വരുന്നത് ഞാൻ നോക്കിക്കാണുകയായിരുന്നു. സാമ്പത്തികമായി ലോകരാഷ്ട്രങ്ങൾക്കിടയിൽ ഖത്തറിന്റെ വളർച്ച ജോലി ചെയ്യുന്ന രാജ്യം എന്ന നിലയിൽ എന്നെ അഭിമാനപുളകിതനാക്കി. ചില സൗന്ദര്യപ്പിണക്കങ്ങളുടെ പേരിൽ അയൽ രാഷ്ട്രങ്ങൾ വരെ ഉപരോധം ഏർപ്പെടുത്തിയപ്പോഴും തലയുയർത്തിനിന്ന് അതിനെ നേരിട്ട ശൈഖ് തമീം എന്റെ മനസ്സിൽ ഹീറോയായി സ്ഥാനംപിടിച്ചു.
കാലചക്രം പിന്നെയും ഓടിക്കൊണ്ടിരുന്നു. ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പ് 2022ലേക്കടുക്കുമ്പോൾ ലോകകപ്പിന് വളന്റിയറാവാൻ വേണ്ടി അപേക്ഷ സമർപ്പിച്ചു, ഇന്റർവ്യൂ സമയത്ത് അൽപം ‘സത്യസന്ധത കൂടിപ്പോയി’ എന്ന കാരണത്താൽ എന്റെ അപേക്ഷ തള്ളപ്പെട്ടു. പിന്നീട് ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചപ്പോഴും എന്നിലെ പഴയ ഫുട്ബാൾ വിരോധി സടകുടഞ്ഞെണീറ്റു. ടിക്കറ്റ് സ്വന്തമാക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. എന്നാൽ, രണ്ടാം ഘട്ട വിൽപന വന്നപ്പോഴേക്കും ചിത്രം മാറി, മനോഭാവവും കീഴ്മേൽ മറിഞ്ഞു. എങ്ങനെയും ഒരു ടിക്കറ്റ് ഒപ്പിച്ച് ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകണമെന്ന് മനസ്സ് മന്ത്രിച്ചുതുടങ്ങി. അങ്ങനെ കുടുംബത്തിനായി ഒരേയൊരു മാച്ച് ടിക്കറ്റ് തരപ്പെടുത്തി. എന്നാൽ, ലോകകപ്പിന്റെ കിക്കോഫിന് വിസിൽ മുഴങ്ങിയശേഷം ആവേശം പിന്നെയും വർധിച്ചു. എങ്ങനെയെങ്കിലും ഇനിയും ടിക്കറ്റുകൾ സ്വന്തമാക്കണമെന്ന് മനസ്സ് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ എവിടെ കിട്ടാൻ?
പൊതുവെ ശാന്തമായി കാണപ്പെട്ടിരുന്ന ഖത്തറിന്റെ മുക്കും മൂലയും ജനനിബിഡമായി. എങ്ങും ആളും ആരവങ്ങളും. ഫുട്ബാളിനെക്കുറിച്ച് എ.ബി.സി.ഡി അറിയാത്ത ഞാൻ സോഷ്യൽ മീഡിയയിൽ മത്സരങ്ങൾ നിരീക്ഷിച്ച് സ്വയം അപ്ഡേറ്റ് പോസ്റ്റ് ചെയ്യാൻ തുടങ്ങി. കളിയെക്കുറിച്ച് വാചാലനായി. ഓരോ മത്സരത്തിലെയും വിജയിയെ സ്കോർ സഹിതം പ്രവചിക്കാനും ‘ധൈര്യം കാട്ടി’. അതിൽ പലതും യാഥാർഥ്യമായതോടെ എന്നെ അറിയുന്നവർ പലരും അതിശയംപൂണ്ടു. ഏതൊരു ഫുട്ബാൾപ്രേമിയെയുംപോലെ ഞാനും ഖത്തർ ലോകകപ്പ് വേണ്ടുവോളം ആസ്വദിച്ചു. അതിനിടയിൽ റീസെയിൽ പ്ലാറ്റ്ഫോമിലൂടെ മറ്റു മൂന്ന് മാച്ചുകൾക്കുള്ള ടിക്കറ്റുകൾകൂടി സംഘടിപ്പിച്ച് സ്റ്റേഡിയത്തിൽ പോയി തന്നെ കളി കണ്ട് ആസ്വദിച്ചു.
ലോകകപ്പ് തുടങ്ങിയ ദിനംതന്നെ മനസ്സിന്റെ ഒരു കോണിൽ ഒരു സങ്കടം മൊട്ടിട്ടിരുന്നു. നീണ്ട 12 വർഷത്തെ കാത്തിരിപ്പ് വെറും ഒരു മാസംകൊണ്ട് തീർന്നുപോകുമല്ലോ എന്നതായിരുന്നു അത്. ആ വിഷയം പലരുമായും പങ്കു വെച്ചു, എല്ലാവരും അതേ രീതിയിലാണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഫൈനൽ മത്സരം വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ടി.വിയിൽ കണ്ടാസ്വദിച്ചു. അടുത്ത ദിവസം രാവിലെ പതിവുപോലെ ജോലിക്കിറങ്ങിയ ഞാൻ അക്ഷരാർഥത്തിൽ സ്തംഭിച്ചുപോയി. ഇന്നലെ വരെ കണ്ട ഖത്തർ ആയിരുന്നില്ല അത്. ശരിക്കും ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി മാറിയിരുന്നു. ലോകകപ്പ് മത്സരങ്ങൾ നടന്ന നവംബർ 20 മുതൽ ഡിസംബർ 18 വരെ കണ്ട ഖത്തർ, ആവേശത്തിന്റെ ഉച്ചിയിലേറി ലോകത്തെ പുളകംകൊള്ളിച്ചെങ്കിൽ ആ ഉത്സവം പെയ്തൊഴിഞ്ഞതിന്റെ നിരാശ ഇപ്പോഴും ഖത്തർ നിവാസികളിൽ വിട്ടുമാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.