അർജന്റീനയും ആ അനർഘ നിമിഷവും...
text_fields2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പ് നടക്കുന്ന സമയം. ഏഴ് മണിക്ക് ഡ്യൂട്ടി അവസാനിച്ച് റൂമിലേക്കുപോലും പോകാതെ, നേരെ സൂക്ക് വാഖിഫിലുള്ള ബിഗ് സ്ക്രീനിനു മുന്നിലേക്കോടാറുണ്ടായിരുന്ന എന്നെ നോക്കി ഖത്തർ ലോകകപ്പ് പ്രഖ്യാപിച്ച സമയം എന്റെ ഓഫിസിലെ ജയേട്ടൻ പറഞ്ഞിരുന്നു; നീ 2022ലെ ലോകകപ്പ് കഴിഞ്ഞാലേ ഖത്തറിൽനിന്ന് പോകൂവെന്ന്. അത് അക്ഷരംപ്രതി ശരിയായി. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തത്സമയം സ്ക്രീനിൽ കാണുന്ന മുഹൂർത്തങ്ങൾക്ക് ഞാനും നേരിൽ സാക്ഷിയായിരിക്കുന്നു. അതിനുമപ്പുറം, കാലങ്ങളായി മനസ്സിൽ നീറ്റലായി കൊണ്ടുനടന്നിരുന്ന പ്രിയ ടീം അർജന്റീനയുടെ കിരീട വരൾച്ചക്ക് ലയണൽ മെസ്സി സ്വന്തം കൺമുന്നിൽ അവസാനം കുറിക്കുന്ന അനർഘ നിമിഷത്തിന് സാക്ഷിയാകാനും കഴിഞ്ഞിരിക്കുന്നു.
ലോകകപ്പിനുവേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായിരുന്നെങ്കിലും കിക്കോഫിനു ശേഷം കണ്ണടച്ച് തുറക്കുംമുമ്പേ കൺമുന്നിൽനിന്നും മാഞ്ഞുപോയത് ജീവിതാവസാനം വരെ ഓർത്തുവെക്കാനുള്ള ഒരായിരം സുന്ദര നിമിഷങ്ങളായിരുന്നു. എന്റെ ലോകകപ്പിനു വേണ്ടിയുള്ള തയാറെടുപ്പ് ഖത്തറിനൊപ്പംതന്നെ തുടങ്ങിയിരുന്നു എന്നുപറയുന്നതാവും ശരി. കാണാൻ കഴിയാവുന്നത്രയും മത്സരങ്ങൾ സ്റ്റേഡിയത്തിൽ ഇരുന്നുതന്നെ കാണണമെന്നു തുടക്കത്തിലേ ആഗ്രഹിച്ചിരുന്നു. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ജർമനി, ഉറുഗ്വായ് തുടങ്ങി മുൻ ലോക ചാമ്പ്യന്മാരുടെയൊക്കെ കളികൾ കൺമുന്നിൽ കാണാൻ കഴിഞ്ഞതുതന്നെ ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിന്റെ ശുഭ പര്യവസാനമായിരുന്നു.
ലോകകപ്പോർമകളിലെ ഏറ്റവും സുന്ദരമായ ഏടാണ് വളന്റിയറായി സേവനമനുഷ്ഠിക്കാൻ ലഭിച്ച അവസരം. ആദ്യ ബാച്ചിൽതന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള അവസരവും തുടക്കത്തിൽതന്നെ കൺഫർമേഷനും ലഭിച്ചു. ഹോസ്പിറ്റാലിറ്റി സെക്ഷനിലായതുകൊണ്ട്, മത്സരങ്ങൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.
സേവനംചെയ്തത് ലുസൈൽ സ്റ്റേഡിയത്തിലായിരുന്നതുകൊണ്ടുതന്നെ, ലോകകപ്പ് സാക്ഷ്യംവഹിച്ച ഏറ്റവും നാടകീയവും ധന്യവുമായ മുഹൂർത്തങ്ങൾക്ക് നേർസാക്ഷിയാകാൻ യോഗമുണ്ടായി. അർജന്റീനയുടെ ക്വാർട്ടറും സെമിയും ഫൈനലും ഉൾപ്പെടെ അഞ്ച് കളികൾ വൈകാരിക തീവ്രതയുടെ പാരമ്യത്തിൽനിന്നുകൊണ്ടാണ് ആസ്വദിച്ചത്.
അർജന്റീന-ക്രൊയേഷ്യ സെമി ഫൈനൽ ദിവസം പ്രമുഖ മലയാളി വ്യവസായി സമ്മാനിച്ച ടിക്കറ്റിന്റെ പിൻബലത്തിലാണ് ഗാലറിയിൽ ഇടം കിട്ടിയത്. വളന്റിയറായി കളി കാണാനുള്ള അവസരം കൈയിലുണ്ടെങ്കിലും ആരാധകനായി സ്റ്റേഡിയത്തിന്റെ അലയൊലികൾക്കൊപ്പം കളി കാണാൻ കഴിയുകയെന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയായതിനാൽ വേഗം അത് സ്വീകരിച്ചു. എനിക്കും ഒമാനിൽ നിന്നുവന്ന ഒരു മാച്ചുപോലും കാണാൻ അവസരം ലഭിക്കാതിരുന്ന സുഹൃത്തിനും ഈ ടിക്കറ്റ് ലഭിച്ചു.
ഫൈനൽ മത്സരവും സ്പോൺസേഡ് ഹോസ്പിറ്റാലിറ്റി ടിക്കറ്റിൽ കാണാൻ കഴിഞ്ഞു. ഇതിനുപുറമെ, കുടുംബവുമൊത്ത് രണ്ട് മത്സരങ്ങൾ സ്റ്റേഡിയത്തിൽ ആസ്വദിക്കാനും മറ്റു ചില കളികൾ ഫാൻ സോണുകളിൽചെന്ന് കാണാനും കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.