വിരുന്നുകാരെ പുഞ്ചിരിയോടെ സ്വീകരിച്ച സന്തോഷക്കാലം...
text_fields2022ലെ ലോകകപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതിലുള്ള ആഹ്ലാദം പങ്കിടാൻ 2010ൽ കോർണിഷിൽ എല്ലാവരും ഒത്തുകൂടിയപ്പോൾ ഓർത്തത്, 12 വർഷങ്ങൾക്കപ്പുറം കളിയുടെ മഹാമേള നടക്കുമ്പോൾ ഈ നാട്ടിൽ ഞാനൊക്കെ ഉണ്ടാവുമോ എന്നാണ്. ഒരു വ്യാഴവട്ടക്കാലത്തിനിടെ ഈ നാട് അനുഭവിച്ച ബഹിഷ്കരണങ്ങൾ, ആരോപണങ്ങൾ പ്രശ്നങ്ങൾ... അതിനെല്ലാം നടുവിലും നെഞ്ചുവിരിച്ച് തലയുയർത്തിപ്പിടിച്ച് ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽഥാനി.
ലോകകപ്പ് സംഘാടനമെന്ന ഗോൾവലയിലേക്ക് പാശ്ചാത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ പലരും തുരുതുരാ എയ്തുവിട്ട ആരോപണങ്ങളെയും കുപ്രചാരണങ്ങളെയും അതീവ മെയ്വഴക്കത്തോടെ തട്ടിയകറ്റിയ ഒരു ഗോളിയെപ്പോലെയായിരുന്നു, ഖത്തറിന്റെ മണ്ണിൽ ഈ വിശ്വമേളയുടെ വിജയത്തിലേക്ക് അതിവിദഗ്ധമായി നീക്കങ്ങൾ മെനഞ്ഞ അധികൃതർ. ഖത്തറിലെ സ്വദേശികളും വിദേശികളുമായ കളിക്കമ്പക്കാർ ഈ തകർപ്പൻ സംഘാടനത്തിലേക്ക് ആവേശാരവങ്ങളുടെ അനൽപമായ പിന്തുണ നൽകി നിറഞ്ഞുനിന്നു. നെൽക്കറ്റകളൊഴിഞ്ഞ പാടശേഖരങ്ങൾ മൈതാനങ്ങളാക്കി മുളകൊണ്ട് കെട്ടിയുണ്ടാക്കിയ താൽക്കാലിക സ്റ്റേഡിയങ്ങളിൽ തിക്കിത്തിരക്കി ടിക്കറ്റെടുത്ത് കയറി കാൽപന്തിനെ പ്രണയിച്ച, കളി ഹൃദയത്തിലലിഞ്ഞു ചേർന്ന മലയാളിക്കൂട്ടമാണ് കോർണിഷിലും ലുസൈലിലും സൂഖ് വാഖിഫിലുമൊക്കെ ചെണ്ടകൊട്ടിയും ദഫ്മുട്ടിയും തൊണ്ടപൊട്ടുമാറുച്ചത്തിൽ ആർപ്പുവിളിച്ചും നടന്നത്.
പ്രതിഫലമൊന്നും കാംക്ഷിക്കാതെ ഫിഫ ലോകകപ്പിന്റെ വേദികളിൽ വളന്റിയറായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഞാനടക്കം മഹാഭൂരിപക്ഷവും മലയാളികളാണ്. ഒരു ലാഭേച്ഛയും ആഗ്രഹിച്ചല്ല, ഈ പണി ചെയ്തത്. കളി അത്രമേൽ വലിയ വികാരമായി ഉള്ളിലുള്ളതിനൊപ്പം, ഇത്രകാലവും സ്നേഹത്തോടെ ചേർത്തുപിടിച്ച ഈ നാടിനും നാട്ടുകാർക്കും ഭരണാധികാരികൾക്കുമുള്ള പിന്തുണകൊണ്ട് കൂടിയാണ്.
വളരെ ചെറിയൊരു രാജ്യത്ത്, അത്യാധുനിക സൗകര്യങ്ങളെല്ലാമൊരുക്കി, കളി കാണാൻ വന്നവർക്ക് പൊതുവാഹനങ്ങൾ സൗജന്യമായൊരുക്കി, ഈ മാമാങ്കം മനോഹരമാക്കാൻ എല്ലാ സജ്ജീകരണങ്ങളുമൊരുക്കി ഖത്തർ ഏവരെയും കളി കാണാൻ സഹർഷം സ്വാഗതംചെയ്തു. ഇന്നാട്ടിൽ വലുപ്പചെറുപ്പങ്ങളോ പാശ്ചാത്യ പൗരസ്ത്യ വിവേചനങ്ങളോ വർണവെറിയോ ഇല്ലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മനുഷ്യരൊക്കെ ഒരുമാസക്കാലം, ഒരു ചരടിൽ കോർത്തതുപോലെ സൗഹൃദങ്ങളുടെയും മാനവികതയുടെയും പാസുകളിൽ കൊരുത്തു.
ഫിഫയുടെ ലോകകപ്പ് 2022 ഖത്തറിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേ ഈ ബൃഹദ്സംരംഭത്തിൽ പങ്കാളിയാകണമെന്ന് കൊതി തോന്നിയിരുന്നു. ഇന്നുവരെ ഖത്തർ നൽകിയ സ്നേഹത്തിന് പകരമായി കൊടുക്കാൻ കൈയിലൊന്നുമില്ലെങ്കിലും ഖത്തറിന്റെ ഈ സന്തോഷവേളയിൽ ആവുംവിധം സഹകരിക്കണമെന്ന് തീർച്ചയാക്കിയിരുന്നു. അങ്ങനെയാണ് ലോകകപ്പ് വേദിയിൽ വളന്റിയറാകാൻ അപേക്ഷിച്ചത്. അപേക്ഷിച്ച നിരവധിപേരിൽനിന്ന് ഇന്റർവ്യൂ, മറ്റു മാനദണ്ഡങ്ങൾ എല്ലാം പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. സാധാരണക്കാരിയായ അധ്യാപികക്ക് കളിക്കളത്തിൽ എന്തുചെയ്യാനാവുമെന്ന് ചോദിച്ചവരോട് എന്റെ മറുപടി ‘ഈ നാടിൽ വിശ്വാസമർപ്പിച്ച് ഇവിടേക്കുവരുന്നവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യാൻ എനിക്കാവും’ എന്ന ഉറപ്പായിരുന്നു.
974 സ്റ്റേഡിയത്തിൽ കൾചറൽ എക്സ്പീരിയൻസിലായിരുന്നു ഡ്യൂട്ടി. ഫുട്ബാളിന്റെ വലിയ ആരാധികയല്ലാതിരുന്നിട്ടും ഖത്തറിലെ കളിയുടെ സ്പിരിറ്റ് എന്നെയും പൂർണമായി കീഴടക്കി. വളന്റിയറിങ് സമയത്ത് ഏഴോളം കളികൾ നേരിട്ട് കാണാനായി. വളന്റിയർമാർക്ക് തന്നിരുന്ന സൗജന്യ ടിക്കറ്റ്- അതും കാറ്റഗറി ഒന്നിൽ- തൊട്ടടുത്തിരുന്ന് കളി കാണാനുള്ള അവസരമേകി. സ്വീകരണമുറിയിലെ ചതുരപ്പെട്ടിയിൽ മാത്രം കണ്ടിട്ടുള്ള ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്, കിലിയൻ എംബാപ്പേ, ഡേവിഡ് ബെക്കാം, യൂലിയൻ അൽവാരസ് തുടങ്ങി പലരെയും നേരിൽ കണ്ടു. അവരുടെ കളി ആസ്വദിച്ചുകണ്ടു. കളി കഴിഞ്ഞപ്പോൾ ഫിഫ വളന്റിയർക്കുള്ള സമ്മാനങ്ങളും ഫിഫയുടെയും ശൈഖ് തമീമിന്റെയും സമ്മാനമായ സർട്ടിഫിക്കറ്റുകളും. 2022 ജീവിതത്തിലെ മറക്കാനാവാത്ത വർഷമായി ഓർമകളിൽ കൂടുകൂട്ടിയത് ഇങ്ങനെ പലവിധ കാരണങ്ങളാലായിരുന്നു.
ജീവിതത്തിൽ അനുഭവിച്ച് മാത്രം അറിയാവുന്ന വികാരമാണ് വളൻറിയറിങ് എന്നു ബോധ്യമായതും ഈ ലോകകപ്പ് കാലത്താണ്. ഇത്ര ചെറിയനാട്ടിൽ പുറത്തുനിന്ന് വരുന്ന ലക്ഷോപലക്ഷം വിവിധങ്ങളായ ആളുകൾക്കു നടുവിൽ സ്ത്രീകളായ നിങ്ങൾ സുരക്ഷിതരാവുമോ എന്നു സംശയിച്ചവരുടെയിടയിൽ ഒരു ബുദ്ധിമുട്ടും കൂടാതെ ജോലി ചെയ്യാൻ സാധിച്ചത്, പാതിരാത്രിയിൽ ഭീതികൂടാതെ സഞ്ചരിക്കാൻ സാധിച്ചത്, എല്ലാം ഖത്തറിന്റെ നിയമസംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടുതന്നെയായിരുന്നു. വരുന്നവരെയെല്ലാം പുഞ്ചിരിയോടെ സ്വീകരിക്കാനായി. ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടി. ജീവിതത്തിൽ എന്നും ഓർത്തുവെക്കാവുന്ന ഒരുപാട് നിമിഷങ്ങൾ സമ്മാനമായി ലഭിച്ചു. ഡിസംബർ 18 കഴിഞ്ഞപ്പോൾ ആളും ആരവവുമൊഴിഞ്ഞ ഖത്തർ എന്റെ ഉള്ളിലും സങ്കടം ജനിപ്പിച്ചെങ്കിലും എല്ലാം അതിമനോഹരമായതിൽ അതിനേക്കാൾ പതിന്മടങ്ങ് സന്തോഷം ബാക്കിയുണ്ട്. സ്വന്തം വീട്ടിൽ ഒരു കല്യാണം ഭംഗിയായി നടന്നുകഴിഞ്ഞാൽ തോന്നുന്ന അതേ സന്തോഷം !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.