ഇ-വാഹന ഗവേഷണത്തിൽ കൈകോർത്ത് ഖത്തറും യുടോങ്ങും
text_fieldsദോഹ: ഇലക്ട്രിക്കൽ വാഹന നിർമാണ മേഖലയിലെ കൂടുതൽ ഗവേഷണങ്ങൾക്കായി പരസ്പര സഹകരണം സംബന്ധിച്ച് ഖത്തറിന്റെ പൊതുമേഖല ഗതാഗത സംവിധാനമായ മുവാസലാത്തും (കർവ), ചൈനീസ് വാഹന നിർമാതാക്കളായ ‘യുടോങ്ങും’ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. വാഹന ലോകത്തെ ഭാവിയായ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ മേഖലകളിലെ വികസനം സംബന്ധിച്ച് സംയുക്ത ഗവേഷണം ഉറപ്പാക്കുന്നതാണ് കരാർ.
ഇതിന്റെ ഭാഗമായി ഖത്തറിൽ വൈദ്യുതി വാണിജ്യ വാഹനങ്ങൾ വികസിപ്പിക്കുന്നതും പ്രാവർത്തികമാക്കുന്നതും സംബന്ധിച്ച് സഹകരണം, വൈദ്യുതീകരണ പദ്ധതികളുടെ സംയുക്ത ഗവേഷണവും വികസനവും, ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിതമായ ഡ്രൈവിങ്ങും പ്രവർത്തനക്ഷമതയും സംബന്ധിച്ച ഗവേഷണം എന്നീ മേഖലയിൽ സഹകരിക്കാനാണ് ധാരണ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കർവ സി.ഇ.ഒ ഫഹദ് സഅദ് അൽ ഖഹ്താനി, യുടോങ് മിഡിൽഈസ്റ്റ് സി.ഇ.ഒ ഷെൻ ഹുയി എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന കർവയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ലോകത്തെ തന്നെ പ്രമുഖ വൈദ്യുതി വാഹന നിർമാതാക്കളുമായി സഹകരിക്കാൻ തീരുമാനമായത്.
ഖത്തറിലെ പൊതുഗതാഗത രംഗത്തെ സുപ്രധാന സ്ഥാപനം എന്ന നിലയിൽ രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർവക്ക് ബോധ്യമുണ്ട്. കാർബൺ ബഹിർഗമനം കുറക്കാനും ക്ലീൻ എനർജി റോഡിലെ യാത്രയിലും ഉപയോഗപ്പെടുത്താനും ഈ സഹകരണ കരാർ വഴിയൊരുക്കും. യുടോങ്ങുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് തുടക്കമിടാനും കഴിയും -കർവ സി.ഇ.ഒ ഫഹദ് സഅദ് അൽ ഖഹ്താനി പറഞ്ഞു.
വൈദ്യുതി വാഹന നിർമാണ മേഖലയിലെ ശക്തമായ സാന്നിധ്യം എന്ന നിലയിൽ ഈ കരാർ യുടോങ്ങിന് അഭിമാനകരമാണെന്ന് ഷെൻ ഹുയി പറഞ്ഞു. സുസ്ഥിര ഊർജ ഉപയോഗം, പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഖത്തറിലെ ഗതാഗത മേഖലയിൽ കൂടുതൽ സൂക്ഷ്മമായി ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ ഷെങ്സു ആസ്ഥാനമായി പ്രവർത്തിക്കുന്ന യുടോങ് ലോകകപ്പിന് മുമ്പായി തന്നെ ഖത്തറിലെ വൈദ്യുതി വാഹന മേഖലയിൽ സാന്നിധ്യമായിരുന്നു. ലോകകപ്പിന് മുമ്പായി കർവക്കുവേണ്ടി പൊതു ഗതാഗതത്തിനായി ഇ-ബസ്, ഇ- ലിമോസിൻ വാഹനങ്ങൾ നിരത്തിലിറക്കി.
വാണിജ്യാവശ്യങ്ങളിലേക്ക് കൂടി ഇ- വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ പ്രതിദിനം റോഡിൽ നിന്നും പുറന്തള്ളുന്ന കാർബൺ തോത് കുറക്കുകയാണ് പ്രധാന ലക്ഷ്യം. ഖത്തർ ദേശീയ വിഷൻ 2030 ലക്ഷ്യങ്ങളിലൊന്നായ പരിസ്ഥിതി സംരക്ഷണം എന്ന പദ്ധതിയിൽ കർവയും സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.