ഏഷ്യൻ സംസ്കാര സംഗമഭൂമിയായി കതാറ
text_fieldsകതാറയിൽ ആരംഭിച്ച ആംബർ പ്രദർശനത്തിൽനിന്ന്
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭാഗമായി ആരാധകരെ ആകർഷിച്ച് കതാറ സാംസ്കാരിക ഗ്രാമം. ടൂർണമെന്റ് കിക്കോഫ് ദിനത്തിൽ ആരംഭിച്ച കതാറയിലെ വിവിധ പരിപാടികൾ ഫെബ്രുവരി 10 വരെ തുടരും. ഖത്തരി നാടോടി, പൈതൃക പരിപാടികൾക്കൊപ്പം ഏഷ്യൻ കപ്പിനെത്തുന്ന വിവിധ രാജ്യങ്ങളുടെ സംസ്കാര സംഗമഭൂമിയായി മാറുകയാണ് കതാറ. നിരവധി ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക, കലാപരിപാടികളാണ് പ്രതിദിനം കതാറയിൽ നടക്കുന്നത്. ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പതാക മാതൃകയിൽ കൂറ്റൻ തോരണങ്ങളാണ് കതാറയിലെ പ്രധാന പാതകൾക്ക് മേൽ വിരിച്ചിരിക്കുന്നത്. ഈ പതാകക്ക് കീഴിലായാണ് ഏഷ്യൻ കപ്പ് ആഘോഷങ്ങളിലേക്ക് ആരാധകരെ വരവേൽക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക പരിപാടികൾ ദിവസവും കതാറയെ സജീവമാക്കുന്നു.
സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ തുടങ്ങി 14 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കതാറ ഇന്റർനാഷനൽ ആംബർ എക്സിബിഷന്റെ നാലാമത് പതിപ്പിന് തിങ്കളാഴ്ച തുടക്കംകുറിച്ചു. കതാറയിലെ 12ാം നമ്പർ കെട്ടിടത്തിലെ കതാറ ഹാളിൽ എഴുപതോളം പവലിയനുകളാണ് വൈവിധ്യമാർന്ന ആബറുകൾ (തസ്ബീഹ്, ജപമാല) പ്രദർശനത്തിനുള്ളത്. സിറിയ, ലബനാൻ, ഇറാഖ്, തുർക്കി, ചൈന, പോളണ്ട്, ലാത്വിയ, ലിത്വാനിയ, ഡൊമിനിക്കൻ റിപ്പബ്ലിക് രാജ്യങ്ങളും ജനുവരി 18 വരെ തുടരുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ആംബറുമായി ബന്ധപ്പെട്ട് മേഖലയിലെ പ്രധാന വിപണികളിലൊന്നാണ് ഖത്തർ. കതാറയിലെത്തുന്ന സന്ദർശകർക്ക് ആംബറിനെക്കുറിച്ചറിയാനും അസംസ്കൃത വസ്തുക്കളിൽനിന്ന് ജപമാലകളോ സ്ത്രീകളുടെ ആഭരണങ്ങളോ വീടകങ്ങളിലെ വിലയേറിയ പുരാതന വസ്തുക്കളോ ആയി മാറുന്നതെങ്ങനെയെന്നും അറിയാനുള്ള സുവർണാവസരമാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.