ഖത്തർ പ്രവാസി ബിസിനസുകാരൻ കബീർ ബാപ്പുട്ടി നാട്ടിൽ നിര്യാതനായി
text_fieldsദോഹ: ദീർഘകാല ഖത്തർ പ്രവാസിയും അൽ അൻസാരി ട്രേഡിങ് സ്ഥാപകനും ജനറൽ മാനേജറുമായ തൃശൂർ കല്ലൂർ തെക്കേക്കാട് കബീർ ബാപ്പുട്ടി (72) നാട്ടിൽ നിര്യാതനായി. ഖത്തറിലും നാട്ടിലുമായി സാമൂഹിക, ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഖത്തറിലെ നോബിൾ ഇന്റർനാഷണൽ സ്കൂൾ സ്ഥാപക അംഗം, വെളിച്ചം ഖത്തർ അഡ്വൈസറി ബോർഡ് അംഗം, പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
50 വർഷത്തോളമായി ഖത്തർ പ്രവാസിയായ കബീർ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. അസുഖബാധിതനായി ചികിത്സയിൽ കഴിയവെ ഞായറാഴ്ച ഉച്ചയോടെ തൃശൂർ ദയ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക് പ്രവാസം ആരംഭിച്ച ആദ്യ തലമുറയുടെ കണ്ണിയായി 1974ലാണ് അഹമ്മദ് കബീർ ഖത്തറിലെത്തുന്നത്. എട്ടുവർഷത്തിനു ശേഷം ഒറ്റമുറിയിൽ ആരംഭിച്ച അൽ അൻസാരി ട്രേഡിങ് എന്ന സ്ഥാപനം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖത്തറിലെ പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായി മാറി.
നസിയയാണ് ഭാര്യ. മക്കൾ ഹാഷിം, ഹനിഷ, ഹലീം. മരുമക്കൾ: ഡോ. ലിജിയ, അബ്ബാസ്, നദിൻ. സഹോദരങ്ങൾ: അബ്ദുൽ കരീം (യൂണിറ്റി ഖത്തർ പ്രസിഡന്റ്), ഷരീഫ്, ബാബു റഷീദ്, പരേതരായ സഫീയ, ഉന്നീസു. ഖബറടക്കം തിങ്കളാഴ്ച കല്ലൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.