ഖത്തറിെൻറ ഓട്ടക്കാരൻ
text_fieldsദോഹ: ഷക്കീർ ചീരായി, ഖത്തറിലെ കായിക പ്രേമികൾക്കെല്ലാം സുപരിചിതനാണ് ദോഹ ബാങ്കിൽ ഉദ്യോഗസ്ഥനായ ഈ തലശ്ശേരിക്കാരൻ. സൂര്യൻ ഉദിച്ചുയരുന്ന ഓരോ പ്രഭാതവും ഷക്കീറിന് ആരംഭിക്കുന്നത് ഓട്ടത്തോടെയാണ്. അതിരാവിലെ താമസ സ്ഥലത്തുനിന്ന് ഓഫിസിലേക്കും വൈകീട്ട് ഓഫിസിൽനിന്ന് തിരികെയും ഓടുന്ന ഈ മനുഷ്യനെ ഒരുവട്ടമെങ്കിലും കാണാത്തവർ ദോഹയിൽ കുറവായിരിക്കും. ഒമ്പതു വർഷമായി ഷക്കീർ ഓടുന്നുണ്ട്.
അതിരാവിലെ 4.30ഓടെ ബിൻ ഉംറാനിലെ താമസസ്ഥലത്തുനിന്ന് ട്രാക്സ്യൂട്ടും സ്പൈക്കുമണിഞ്ഞാവും ഇദ്ദേഹത്തിെൻറ ഓഫിസ് യാത്ര ആരംഭിക്കുന്നത്. ആറ്-ഏഴ് കിലോ ഭാരമുള്ള ബാഗുമണിഞ്ഞ് പിന്നെ ഓട്ടം തുടങ്ങുകയായി. ആറു കിലോമീറ്റർ താണ്ടി 15 മിനിറ്റുകൊണ്ട് ഷെറാട്ടൺ ഡി ടവറിലെ ഓഫിസിലെത്തിയാൽ പിന്നെ, ജിംനേഷ്യത്തിലെ വർക്കൗണ്ട്. ഒരു മണിക്കൂർ വ്യായാമത്തിനുശേഷം കുളിച്ച്, വസ്ത്രം മാറി എക്സിക്യൂട്ടിവ് ലുക്കിൽ പിന്നെ ബാങ്ക് ഉദ്യോഗസ്ഥൻ.
ശേഷം, ബാങ്കിലെ കണക്കുകളുടെയും അക്കൗണ്ടുകളുടെയും തിരക്കാണ് ലോകം. വൈകീട്ട് മൂന്നിന് ഡ്യൂട്ടി സമയം കഴിയുന്നതോടെ ഷക്കീറിലെ ഉദ്യോഗസ്ഥവേഷവും അഴിയും. പിന്നെ, വീണ്ടും ട്രാക്സ്യൂട്ടിലേക്കും സ്പൈക്കിലേക്കും മാറ്റം. രാവിലെ പുറപ്പെട്ട അതേ വഴികളിലൂടെ ആറു കിലോമീറ്റർ തിരികെ ഓടി റൂമിലേക്ക്. ദിവസവും താണ്ടുന്ന ഈ 12 കിലോമീറ്റർ ദൂരവും ജിംനേഷ്യത്തിലെ വർക്കൗട്ടിലുമൊതുങ്ങുന്നില്ല, ഖത്തറിെൻറ മലയാളി മാരത്തൺ ഓട്ടക്കാരെൻറ കായിക ജീവിതം. ബാങ്ക് അവധിയുള്ള വെള്ളി, ശനി ദിവസങ്ങളിൽ ഓട്ടത്തിന് നീളമേറും. 25-30 കിലോമീറ്ററോളം ഓടിയാവും ഈ ദിവസങ്ങളിലെ പരിശീലനം.
12 വർഷം മുമ്പാണ് ഷക്കീർ ചീരായി ജോലി തേടി ഖത്തറിലെത്തുന്നത്. കായികസ്നേഹിയാണെങ്കിലും കാര്യമായ നേട്ടങ്ങളോ വലിയ ഓട്ടക്കാരനോ ഒന്നുമല്ലാതെയായിരുന്നു പ്രവാസം തുടങ്ങുന്നത്. സ്കൂൾ, കോളജ് പഠനകാലങ്ങളിൽ ക്ലാസിക്കൽ ഡാൻസിലായിരുന്നു താൽപര്യം. ഭരതനാട്യം അഭ്യസിച്ച ഷക്കീർ പഠനകാലങ്ങളിൽ മികച്ച നർത്തകനായി സ്കൂൾ-കോളജ് തലങ്ങളിൽ സമ്മാനം വാരിക്കൂട്ടിയിരുന്നു. ശേഷം, ഖത്തറിലെത്തിയപ്പോഴാണ് തെൻറ ഉള്ളിൽ ഉറങ്ങിക്കിടന്ന കായിക ആവേശം ഉണർന്നതെന്ന് ഷക്കീർ പറയുന്നു. വ്യായാമങ്ങൾക്കും പരിശീലനത്തിനുമുള്ള ഖത്തറിലെ സൗകര്യങ്ങൾ തനിക്കും കരുത്തായി. അങ്ങനെ, തുടങ്ങിയ ഓട്ടമാണ് ഇന്ന് മികച്ച പ്രഫഷനൽ മാരത്തൺ ഓട്ടക്കാരനിലേക്ക് മാറ്റുന്നത്.
2016ലെ ദുബൈ മാരത്തണായിരുന്നു രാജ്യാന്തര തലത്തിലെ ആദ്യ പ്രഫഷനൽ പങ്കാളിത്തം. അന്ന് 42 കിലോമീറ്റർ ദൂരം മികച്ച സമയത്തിൽ ഓടിയെത്തി. ശേഷം, ചെറുതും വലുതുമായ ദീർഘദൂര മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി. കഴിഞ്ഞ തവണ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച ഖത്തർ റണ്ണിലുമുണ്ടായിരുന്നു ഷക്കീർ ചീരായിയുടെ പങ്കാളിത്തം. അഞ്ചു കിലോമീറ്റർ മാസ്റ്റേഴ്സിൽ രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഈ വർഷം അത് ഒന്നാമതായി മാറ്റാനുള്ള ഒരുക്കത്തിലാണ് താനെന്ന് ഷക്കീർ 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു.
90 കിലോമീറ്റർ ദൂരത്തിൽ ഖത്തറിെൻറ കിഴക്ക് പടിഞ്ഞാറ് മാരത്തൺ റണ്ണായ അൾട്രാ റണ്ണിലും കഴിഞ്ഞ മൂന്നു സീസണുകളിലായി ഷക്കീർ മത്സരിക്കുന്നുണ്ട്. ദുഖാനിൽ തുടങ്ങി ഷെറാട്ടൺ പാർക്ക്വരെ ഖത്തറിനെ ക്രോസ് ചെയ്തുകൊണ്ടുള്ള മാരത്തൺ മത്സരം ലോകമെങ്ങുമുള്ള അത്ലറ്റുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. ദോഹ ബാങ്ക് അൽദാൻ ഗ്രീൻ റൺ, ഖത്തർ റണ്ണിങ് സീരീസ് തുടങ്ങി നിരവധി ചാമ്പ്യൻഷിപ്പുകളിൽ മെഡൽപട്ടികയിലാണ് സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.