ഖത്തരി വാഹനങ്ങൾ സൗദിയിൽ പ്രവേശിച്ചുതുടങ്ങി
text_fieldsദോഹ: ഖത്തറിൽ നിന്നുള്ള വാഹനങ്ങൾ അബൂസംറ അതിർത്തി വഴി സൗദിയിലേക്ക് പോകാൻ ആരംഭിച്ചു. സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തരി വാഹനം അതിർത്തി കടക്കുന്നതിൻെറ വീഡിയോ സൗദി ചാനലായ 'അൽ അക്ബറിയ' പുറത്തുവിട്ടു. വാഹനത്തിൽ ഉള്ളവരെ സൗദി ഉദ്യോഗസ്ഥർ അഭിവാദ്യം ചെയ്യുന്നുമുണ്ട്.
അതിനിടെ അബൂസംറ അതിർത്തി വഴി സൗദിയിലേക്കും തിരിച്ചുമുള്ള പ്രവേശനത്തിനുള്ള ചട്ടങ്ങൾ ഖത്തർ പുറത്തിറക്കി. നിലവിലുള്ള ഖത്തറിൻെറ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. മൂന്നര വർഷത്തെ ഉപരോധത്തിന് ശേഷം ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കുകയും കര കടൽ വ്യോമ പാതകൾ തുറക്കുകയും ചെയ്തിരുന്നു.
ഖത്തറിൻെറ ഏക കര അതിർത്തിയായ അബൂസംറ വഴി സൗദിയിലേക്കുള്ള പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കിയതായി ഖത്തർ ഗവൺമെൻറ്മെൻറ് കമ്യൂണിക്കേഷൻ ഓഫിസാണ് (ജി.സി.ഒ) അറിയിച്ചിരിക്കുന്നത്. ഇത് ജനുവരി ഒമ്പതുമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സൗദിയിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർ യാത്രയുടെ 72 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണം. കോവിഡ് ബാധിതനല്ലെന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാരൻ കൂടെ കരുതണം. എല്ലാവരും ഖത്തറിലെത്തിയാലുടൻ ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. യാത്ര പുറെപ്പടുന്നതിന് മുമ്പുതന്നെ 'ഡിസ്കവർ ഖത്തർ' പോർട്ടൽ വഴി ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്തിരിക്കണം.
ഇനി ഖത്തറിൽ നിന്ന് അബൂസംറ വഴി സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ തിരിച്ച് ഖത്തറിൽ എത്തി ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. ഇതിനായുള്ള ക്വാറൻറീൻ ഹോട്ടൽ ബുക്കിങ് നടത്തിയ രേഖകൾ ഖത്തറിൽ നിന്ന് പുറത്തുപോവുന്നതിന് മുമ്പ് തന്നെ കാണിക്കണം. ഹോട്ടൽ ക്വറൻറീനിൽ കഴിയുമെന്നും കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിക്കുമെന്നുമുള്ള പ്രതിജ്ഞാപത്രത്തിൽ രാജ്യത്ത് എത്തുന്ന എല്ലാവരും ഒപ്പിട്ടുനൽകണം. ഇഹ്തിറാസ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഈ നടപടികൾ ആഗോളതലത്തിലുള്ള കോവിഡ് കാര്യങ്ങൾ വിലയിരുത്തി മാറാവുന്നതാണെന്നും ഗവൺമെൻറ് കമ്മയൂണിക്കേഷൻ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.