ഫോബ്സ് പട്ടികയിൽ തിളങ്ങി ഖത്തർ വനിതകൾ
text_fieldsദോഹ: പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക (മിന) മേഖലയിൽനിന്നുള്ള ഏറ്റവും ശക്തരായ വനിത സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിൽനിന്നുള്ള രണ്ടു വനിതകൾ. ഫോബ്സ് പുറത്തിറക്കിയ 50 പേരുടെ പട്ടികയിലാണ് ശൈഖ ഹനാദി ബിൻത് നാസർ ആൽഥാനി, ശൈഖ അൽനൗദ് ബിൻത് ഹമദ് ആൽഥാനി എന്നിവർ ഇടംപിടിച്ചത്. അംവാൽ ചെയർപേഴ്സൻ, അൽവാബ് സിറ്റി റിയൽ എസ്റ്റേറ്റ് സ്ഥാപകയും സി.ഇ.ഒയും നാസർ ബിൻ ഖാലിദ് ആൽഥാനി ആൻഡ് സൺസ് ഗ്രൂപ് സി.ഇ.ഒ, ക്യൂ ഓട്ടോ സ്ഥാപക ചെയർപേഴ്സൻ എന്നീ പദവികൾ വഹിക്കുകയാണ് ശൈഖ ഹനാദി. ഖത്തർ ഫിനാൻഷ്യൽ സെന്‍റർ (ക്യൂ.എഫ്.സി) ചീഫ് ബിസിനസ് ഓഫിസറും ഡെപ്യൂട്ടി സി.ഇ.ഒയുമാണ് ശൈഖ അൽനൗദ്.
വരുമാനം, ആസ്തി, മാർക്കറ്റ് മൂലധനം, തൊഴിലാളികളുടെ എണ്ണം, നേട്ടങ്ങൾ, തൊഴിലാളി സൗഹൃദ അന്തരീക്ഷം, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നിവ മാനദണ്ഡമാക്കിയാണ് ഫോബ്സ് പട്ടികയിലെ റാങ്ക് നിശ്ചയിക്കുന്നത്. മേഖലയെ ലോകത്തെതന്നെ ഏറ്റവും മികച്ച മത്സരമുള്ള വിപണിയാക്കി മാറ്റുന്നതിൽ വനിതകൾ വിജയിച്ചതായി ഫോബ്സ് വിലയിരുത്തുന്നു.
19 രാജ്യങ്ങളിൽനിന്നുള്ളവരാണ് 2022 പവർഫുൾ ബിസിനസ് വുമൺ പട്ടികയിൽ ഇടംനേടിയത്. ഈജിപ്തും യു.എ.ഇയുമാണ് ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ളത്. ഏഴുപേരാണ് ഇരുരാജ്യങ്ങളിൽനിന്നുമുള്ളത്. സൗദി അറേബ്യ, മൊറോക്കോ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നാലുപേർ വീതവുമുണ്ട്. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളാണ് ഏറ്റവും സജീവമായുള്ളത്. 16 എൻട്രികളാണ് ഈ മേഖലയിൽനിന്നും ഉള്ളത്. ചെറുകിട വ്യാപാര മേഖലയിൽനിന്ന് ആറും സാങ്കേതിക മേഖലയിൽനിന്ന് അഞ്ചും എൻട്രികളുണ്ട്.
പട്ടികയിൽ എട്ടാം സ്ഥാനത്താണ് ശൈഖ ഹനാദി ഇടംനേടിയത്. ലണ്ടൻ ബിസിനസ് സ്കൂളിൽനിന്നും എം.ബി.എ ബിരുദം പൂർത്തിയാക്കിയ ഇവർ, ലണ്ടൻ സർവകലാശാലയിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഖത്തർ സർവകലാശാലയിൽനിന്നായിരുന്നു ബിരുദം.
1998ൽ ഖത്തറിലെ ആദ്യ സ്വതന്ത്ര ആസ്തിമാനേജ്മെന്റ് സ്ഥാപനമായാണ് ഖത്തർ ലേഡീസ് ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നറിയപ്പെട്ട അംവാൽ ആരംഭിച്ചത്. 2005ൽ അൽവാബ് സിറ്റി പ്രോജക്ടും തുടങ്ങി. മികച്ച പ്രഭാഷക കൂടിയാണ് ശൈഖ ഹനാദി. 2020ൽ ഗ്ലോബൽ ബിസിനസ് ഹാൾ ഓഫ് ഫെയിമിൽ ഇടവും നേടിയിരുന്നു. പട്ടികയിൽ 47ാം സ്ഥാനത്താണ് ശൈഖ അൽനൗദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.