ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യു.എൻ.എച്ച്.സി.ആറിന് ഖത്തറിന്റെ സഹായം
text_fieldsദോഹ: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സാമ്പത്തികപിന്തുണ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി ഐക്യരാഷ്ട്രസഭ അഭയാർഥി ഹൈകമീഷണർ (യു.എൻ.എച്ച്.സി.ആർ) ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി (ക്യു.എഫ്.എഫ്.ഡി) 80 ലക്ഷം ഡോളറിെൻറ കരാറിൽ ഒപ്പുവെച്ചു. ലോകത്തുടനീളം മാനുഷിക സഹായ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി 2021-2022 കാലയളവിലേക്കുള്ള കരാറിലാണ് ഇരുകക്ഷികളും ഒപ്പുവെച്ചിരിക്കുന്നത്. ഒൺലൈൻ വഴി നടന്ന ചടങ്ങിൽ ജനീവയിൽ യു.എൻ.എച്ച്.സി.ആർ മേധാവി ഫിലിപ്പോ ഗ്രാൻഡിയും ദോഹയിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ഡയറക്ടർ ജനറൽ ഖലീഫ അൽ കുവാരിയും കരാറിൽ ഒപ്പുവെച്ചു. ആഗോള തലത്തിൽ അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും പിന്തുണ നൽകുന്നതിൽ ഖത്തറിെൻറ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് കരാർ.
അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിൽ, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഖത്തറിെൻറ സാമ്പത്തികപിന്തുണ വലിയ പങ്കുവഹിക്കുമെന്ന് ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായുള്ള യു.എൻ.എച്ച്.സി.ആറിെൻറ പങ്കാളിത്തവും സഹകരണവും കൂടുതൽ ദൃഢമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എൻ.എച്ച്.സി.ആർ പോലെയുള്ള ഐക്യരാഷ്ട്രസഭ സംഘടനകളുടെ ശ്രമങ്ങൾക്ക് ഖത്തർ ഡെവലപ്മെൻറ് ഫണ്ടിെൻറ പിന്തുണയുണ്ടാകുമെന്ന് ഖലീഫ അൽ കുവാരി വ്യക്തമാക്കി. കുടിയൊഴിപ്പിക്കട്ടവരുടെയും അഭയാർഥികളുടെയും വർധിച്ചുവരുന്ന മാനുഷികാവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ടിനും യു.എൻ.എച്ച്.സി.ആറിനും ഒരേ ലക്ഷ്യമാണ്. സുരക്ഷിതമായ താമസം, ഭക്ഷ്യസുരക്ഷ, ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാക്കുക തുടങ്ങിയ അടിസ്ഥാന മാനുഷിക അവകാശങ്ങൾ അവർക്ക് ഉറപ്പുവരുത്താൻ തങ്ങൾ പ്രതിബദ്ധരാണെന്നും അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.