ഖത്തർ–ഇന്ത്യ സാംസ്കാരിക സൗഹൃദമായി പുസ്തക പ്രകാശനം
text_fieldsദോഹ: പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി, ഖത്തർ സഹമന്ത്രിയും മുൻ സാസ്കാരിക മന്ത്രിയുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയുടെ പ്രസിദ്ധ ഗ്രന്ഥത്തിെൻറ മലയാള വിവർത്തനം വായനലോകത്തിന് സമർപ്പിച്ചു. ഖത്തറിെൻറ സാംസ്കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജിൽ നടന്ന ചടങ്ങിൽ കതാറ ജനറൽ സർവിസ് വിഭാഗം മാനേജർ ഹുസൈൻ അൽ ബാകിർ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന് കൈമാറിക്കൊണ്ട് പുസ്തക പ്രകാശനം നിർവഹിച്ചു. അറബിയിൽ പ്രസിദ്ധീകരിച്ച 'അലാ ഖദ്രി അഹ് ലിൽ അസ്മ്' എന്ന പുസ്തകത്തിെൻറ ഏഴാമത്തെ ഭാഷ പരിഭാഷയാണ് മലയാളത്തിൽ 'ഒരു അറബ് നയതന്ത്രജ്ഞെൻറ സാംസ്കാരിക വിചാരങ്ങൾ' എന്ന പേരിൽ പുറത്തിറങ്ങിയത്. ദോഹയിലെ എഴുത്തുകാരൻ ഹുസൈൻ കടന്നമണ്ണയാണ് വിവർത്തനം നടത്തിയത്.
ഇന്ത്യയും ഖത്തറും തമ്മിലെ നൂറ്റാണ്ടുകാലത്തിെൻറ സൗഹൃദ തുടർച്ചയാവും ഖത്തറിനെ അടയാളപ്പെടുത്തുന്ന പുസ്തകത്തിെൻറ മലയാള പരിഭാഷയെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. 'ഖത്തറിെൻറ ചരിത്രവും വർത്തമാനവുമെല്ലാം കൂടുതൽ ഇന്ത്യക്കാരിലെത്താൻ പുസ്തകം സഹായിക്കും. ഇംഗ്ലീഷിൽ നേരത്തെ പ്രസിദ്ധീകരിച്ച പുസ്തകത്തിെൻറ വായനക്കാരനെന്ന നിലയിൽ, ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയുടെ ഗ്രന്ഥം കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടട്ടെയെന്ന് ആശംസിക്കുന്നു' -അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിനും, അറിവു പങ്കുവെക്കലിനും അടിത്തറപാകുന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഗ്രന്ഥകാരൻ ഹുസൈൻ കടന്നമണ്ണയെയും, പ്രസിദ്ധീകരിച്ച ഐ.പി.എച്ചിനെയും സി.ഐ.സിയെയും അഭിനന്ദിക്കുന്നതായും അംബാസഡർ പറഞ്ഞു.സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യൻ സംസ്കാരത്തെ വിശദമായി പരാമർശിച്ചുകൊണ്ടായിരുന്നു ഗ്രന്ഥകാരൻ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയുടെ പ്രഭാഷണം. ബി.സി മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പഞ്ചതന്ത്രകഥകൾ അറബിയിലേക്ക് ഉൾപ്പെടെ വിവർത്തനം ചെയ്യപ്പെട്ടത് മുതൽ, ഇന്ത്യയും -അറബ് സംസ്കാരങ്ങളും തമ്മിൽ ആശയ-വൈജ്ഞാനിക പങ്കുവെപ്പ് ഉണ്ടെന്നും, അതീവ സമ്പന്നമായ നാഗരികതകളുടെയും സംസ്കാരങ്ങളുടെയും പശ്ചാത്തലമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭ, യുനെസ്കോ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സ്ഥാനപതിയായും, ഖത്തറിെൻറ മന്ത്രിയായും പ്രവർത്തിച്ച കാലങ്ങളിലെ രാഷ്ട്രീയ, നയതന്ത്ര, സാംസ്കാരിക, വിദ്യാഭ്യാസ, വാർത്താവിനിമയ മേഖലകളിലെ അനുഭവ സമ്പത്തുകളുടെ പശ്ചാത്തലത്തിലുള്ള എഴുത്ത് എന്ന നിലയിൽ തെൻറ ജീവതാനുഭവങ്ങൾ കൂടിയാണ് ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ പ്രബല പ്രവാസി സമൂഹം എന്ന നിലയിൽ ഇന്ത്യയിലെ വായനക്കാർക്ക് ഖത്തറിെൻറ സംസ്കാരവും, ചരിത്രവും, ആധുനികതയുമെല്ലാം അറിയാനും പഠിക്കാനും പുസ്തകം അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിവർത്തകൻ ഹുസൈൻ കടന്നമണ്ണ 'ഒരു അറബ് നയതന്ത്രജ്ഞെൻറ സാംസ്കാരിക വിചാരങ്ങൾ' എന്ന പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. പ്രസാധകരായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി ഓൺലൈൻ വഴി ചടങ്ങിൽ സംസാരിച്ചു. സി.ഐ.സി പ്രസിഡൻറും സംഘാടക സമിതി ചെയർമാനുമായ കെ.ടി. അബ്ദുൽറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി.ഖത്തറിലെ മലയാളി എഴുത്തുകാരായ എം.എസ്. അബ്ദുൽ റസാഖ്, ഫസൽ റഹ്മാൻ കൊടുവള്ളി, ഡോ. താജുദ്ദീൻ വി. അലിയാർ, മുഹമ്മദലി ശാന്തപുരം, അമാനുല്ല വടക്കാങ്ങര, ഫൈസൽ അബൂബക്കർ, സലിം ഹമദാനി, ഹാരിസ് ബാലുശ്ശേരി എന്നിവരെ ആദരിച്ചു. ഖത്തർ ഓദേഴ്സ് ഫോറം പ്രസിഡൻറും സാംസ്കാരിക മന്ത്രാലയം ഡയറക്ടറുമായ മർയം യാസിൻ അൽ ഹമ്മാദി, സാംസ്കാരിക മന്ത്രാലയം വിവർത്തന വിഭാഗം ഡയറക്ടർ മുഹമ്മദ് ഹസൻ അൽകുവാരി, ഡോ. മഹ്മൂദ് അൽ മഹ്മൂദ്, സി.ഐ.സി മുൻ പ്രസിഡൻറും കൂടിയാലോചന സമിതി അംഗവുമായ കെ.സി. അബ്ദുൽലത്തീഫ് എന്നിവർ ഉപഹാരം സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അൽ നഈമിയെ പ്രതിനിധീകരിച്ച് ഡോ. അഹമ്മദ് ഇബ്രാഹിം ആശംസപ്രസംഗം നടത്തി. സി.എസ്.ആർ ദോഹ ഡയറക്ടർ അബ്ദുറഹ്മാൻ പുറക്കാട് നന്ദി പറഞ്ഞു. ഹബീബുർറഹ്മാൻ കിഴിശ്ശേരി, ടി.കെ. ഖാസിം എന്നിവർ സംബന്ധിച്ചു. തുടർന്ന് ഗ്രന്ഥകാരെൻറ കൈയൊപ്പോടുകൂടിയ പുസ്തകങ്ങൾ വായനക്കാർക്ക് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.