ഖത്തറിന്റെ നയതന്ത്ര വിജയം; റഷ്യയിൽ കുടുങ്ങിയ യുക്രെയ്ൻ കുട്ടികൾ കുടുംബങ്ങളിലേക്ക്
text_fieldsദോഹ: യുദ്ധത്തെ തുടർന്ന് റഷ്യയിൽ കുടുങ്ങിയ യുക്രെയ്ൻ കുട്ടികൾ മാതാപിതാക്കൾക്കരികിലേക്ക്. അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് കുട്ടികൾക്ക് മോചനമാകുന്നത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ സൈന്യം പിടികൂടുകയും അതിർത്തി കടന്ന് റഷ്യൻ മേഖലയിൽ കുടുങ്ങുകയും ചെയ്ത് ഒറ്റപ്പെട്ട കുട്ടികളിൽ നാലുപേരുടെ മോചനമാണ് ഖത്തറിന്റെ മധ്യസ്ഥതയിലൂടെ സാധ്യമാകുന്നത്.
രണ്ട് മുതൽ 17 വയസ്സുവരെ പ്രായമുള്ളവരാണ് കുട്ടികൾ. മോചിതരായ എല്ലാവരും മോസ്കോയിലെ ഖത്തർ എംബസി വഴി തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ചേരുമെന്നും മധ്യസ്ഥ ശ്രമവുമായി സഹകരിച്ച റഷ്യ, യുക്രെയ്ൻ സർക്കാറുകൾക്ക് നന്ദി അറിയിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മാതാപിതാക്കൾക്കൊപ്പം ചേർന്ന് ബാലൻ സന്തോഷം പങ്കുവെക്കുന്ന ചിത്രങ്ങൾ ഖത്തർ വിദേശകാര്യ മന്ത്രാലയം ഇന്റർനാഷനൽ കോർപറേഷൻ മന്ത്രി ലുൽവ അൽ കാതിർ ട്വിറ്ററിലൂടെ പങ്കുവെച്ചു. നാലുപേരിൽ ഒരാൾ പോളണ്ട് വഴി യുക്രെയ്നിലെ കുടുംബത്തിനൊപ്പം ഇതിനകം ചേർന്നു. ഒരാൾ ഖത്തർ വഴി മാതാവിനരികിലെത്തിയപ്പോൾ, രണ്ടുപേർ ഖത്തർ വഴി ഈയാഴ്ച തന്നെ യുക്രെയ്നിലെ കുടുംബത്തിലെത്തും.
യുദ്ധത്തെ തുടർന്ന് ആയിരക്കണക്കിന് കുട്ടികളെയാണ് റഷ്യൻ സൈന്യം യുക്രെയ്നിൽ നിന്നും കടത്തിക്കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.