ഖത്തർ; കൊച്ചു രാജ്യം, വലിയ കായികം
text_fieldsലോകത്തിൻെറ ശ്രദ്ധ മുഴുവൻ ഇപ്പോൾ ഖത്തറിലാണ്. സാധാരണ ഫുട്ബാൾ ലോകകപ്പ് നടക്കുമ്പോൾ ലോകം ഒരു പന്തിലേക്ക് ചുരുങ്ങുമെന്നാണ് പറയാറുള്ളത്. എന്നാൽ, ഇത്തവണത്തെ ലോകകപ്പിൽ ലോകം ഖത്തറിലേക്ക് ചുരുങ്ങുകയായിരുന്നു. ഏതാനും മാസങ്ങളായി ഖത്തർ ലോക വാർത്തകളിൽ നിറയാത്ത ദിവസങ്ങളില്ല.
ലോകകപ്പ് തുടങ്ങും മുമ്പ് ഈ കൊച്ചുരാജ്യം എങ്ങനെ ഇത്രയും വലിയ മഹാമഹം നടത്തുമെന്ന ആശങ്കയും പേടിയും എല്ലാമായിരുന്നു മുൻനിര രാജ്യങ്ങൾക്ക് അടക്കം. ലോകകപ്പ് ഫൈനൽ ദിവസം തന്നെ ദേശീയദിനം ആഘോഷിക്കുന്ന അറേബ്യൻ ഉപദ്വീപിലെ ഈ കൊച്ചു രാജ്യം എത്ര മനോഹരമായാണ് ആഗോള മാമാങ്കം നടത്തിയതെന്ന് അത്ഭുതപ്പെടുകയാണ് ഇപ്പോൾ ലോകം. നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ ആർക്കും എന്തും വിജയിപ്പിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നു ഖത്തർ.
പലരും ഖത്തറിൻെറ കായിക പാരമ്പര്യവും സംഘാടന മികവും അന്വേഷിച്ചു തുടങ്ങിയത് ഫുട്ബാൾ ലോകകപ്പിനോട് അനുബന്ധിച്ച വേളയിലാണ്. എന്നാൽ, പതിറ്റാണ്ടുകൾക്കിടയിലും വലിയ പരിപാടികൾ സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഖത്തറിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് അധികം പേരും അറിയാതെ പോയത്.
ഒന്നര പതിറ്റാണ്ടിനിടെ 500 കായിക മേളകൾ
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ചെറുതും വലുതുമായ 500 കായിക മേളകൾക്കാണ് ഖത്തർ ആതിഥ്യമരുളിയത്. ഫിഫ അണ്ടർ 20 ലോകകപ്പ്, 2006 ഏഷ്യൻ ഗെയിംസ്, 2015 മെൻസ് ഹാൻഡ്ബാൾ വേൾഡ് ചാമ്പ്യൻഷിപ്പ്, 2015 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചാമ്പ്യൻഷിപ്പ്, വേൾഡ് ബീച്ച് ഗെയിംസ്, ഫിഫ ക്ലബ് വേൾഡ് കപ്പ്, ഫിഫ അറബ് കപ്പ് എന്നിവയെല്ലാം ഖത്തറിൽ നടന്നു. ഇതോടൊപ്പം ഓരോ വർഷവും ടെന്നീസ്, ഗോൾഫ് ടൂർണമെന്റുകളും കാറോട്ട മത്സരങ്ങളും നടക്കുന്നുണ്ട്.
ഖത്തർ ലോകകപ്പ് കഴിഞ്ഞാലുടൻ മറ്റ് കായിക മേളകൾക്കും ആതിഥ്യം വഹിക്കാനൊരുങ്ങുകയാണ്. 2024 വേൾഡ് അക്വാറ്റിക് ചാമ്പ്യൻഷിപ്പ്, 2030 ഏഷ്യൻ ഗെയിംസ് എന്നിവയും ദോഹയിലാണ് നടക്കുക. ഇതോടൊപ്പം ഒളിമ്പിക്സ് ആതിഥേയർ ആകുന്ന ആദ്യ അറബ് രാജ്യമെന്ന സ്വപ്നവും ഖത്തറിനുണ്ട്. ഭാവിയിൽ ലോക കായിക ലോകത്തിന്റെ ഏറ്റവും വലിയ മാമാങ്കവും ഈ രാജ്യത്തെ തേടിയെത്തുമെന്നാണ് പ്രതീക്ഷ.
ആഗോള കായിക ഹബ്ബ്
കായിക ലോകത്തിൻെറ ആഗോള തലസ്ഥാനമാകുകയെന്ന ലക്ഷ്യമാണ് ഖത്തറിനുള്ളത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളും മേളകളും നടക്കുന്നതിലൂടെ ആഗോള കായിക കലണ്ടറിൻെറ ഭാഗമായി രാജ്യം മാറിയിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളും കായിക സൗകര്യങ്ങളും ഒരുക്കി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്ക് തങ്ങളുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരം കൊടുക്കുകയാണ്. ഇതിലൂടെ സ്വന്തം നാട്ടിലെ കായിക താരങ്ങൾക്കും മികവിലേക്ക് ഉയരാനുള്ള അവസരം നൽകുന്നു. ലോകത്ത് വിവിധ കായിക മേഖലകളിൽ പ്രശസ്തരായവർ പരിശീലനത്തിനായും എത്തുന്നുണ്ട്.
ആസ്പയർ അക്കാദമി: പുതുതലമുറയുടെ സ്വപ്ന ലോകം
ബാല്യത്തിൽ തന്നെ കായിക ലോകത്തേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ പരിശീലന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദോഹയിലെ ആസ്പയർ അക്കാദമി ഇക്കാര്യത്തിൽ ലോകോത്തരമാണ്. 2004ൽ ആരംഭിച്ച ആസ്പയർ അക്കാദമിയിലൂടെ ഇതിനകം നിരവധി താരങ്ങൾ പിറവിയെടുത്തു. മുതാസ് ഇൗസ ബർഷിം, അഷ്റഫ് അൽ സെയ്ഫി, അബൂബക്കർ ഹൈദർ, അബ്ദുല്ല അൽ തമീമി, ബാസെം ഹാമിദ, മൊആസ് ഇബ്രാഹിം, ഒവാബ് ബാരോ തുടങ്ങിയവരെല്ലാം ആസ്പയറിലൂടെ വളർന്ന് ലോക മേളകളിൽ ഖത്തറിനെ പ്രതിനിധീകരിച്ചവരും അംഗീകാരങ്ങൾ നേടിയവരുമാണ്.
ആറിനും 12നും ഇടയിൽ പ്രായമുള്ള 6000ലേറെ കുട്ടികൾക്കാണ് ഓരോ വർഷവും ആസ്പയർ അക്കാദമിയിൽ പരിശീലനം നൽകുന്നത്. മികവ് തെളിയിക്കുന്നവർക്ക് സ്കോളർഷിപ്പോടെ 12-18 പ്രായപരിധിയിലെ മികച്ച പരിശീലനത്തിനുള്ള അവസരവുമുണ്ടാകും. ഫുട്ബാൾ, അത്‍ലറ്റിക്സ്, സ്ക്വാഷ്, ടേബിൾ ടെന്നീസ്, വാൾപ്പയറ്റ് എന്നിവയിലാണ് പ്രധാനമായും പരിശീലനം. അന്താരാഷ്ട്ര അത്‍ലറ്റിക് ഫെഡറേഷൻ അംഗീകാരമുള്ള ആസ്പയർ നിരവധി മേളകൾക്കും വേദിയായിട്ടുണ്ട്. ഫിഫ അംഗീകൃത സ്പോർട്സ് മെഡിസിൻ സെൻററും ഖത്തറിലുണ്ട്.
നേട്ടങ്ങളേറെ; രാജ്യത്തിൻെറ ഹീറോകൾ
ആദ്യമായി 1984ലാണ് ഖത്തർ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 1992ലാണ് ആദ്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയത്. 2020 ടോക്യോ ഒളിമ്പിക്സിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവും കൊയ്തു. രണ്ട് സ്വർണവും ഒരു വെങ്കലവുമാണ് കരസ്ഥമാക്കിയത്. വെയ്റ്റ്ലിഫ്റ്റിങിൽ ഫറേസ് ഇബ്രാഹിമും ഹൈജംപിൽ മുതാസ് ബർഷിമുമാണ് സ്വർണം നേടിയത്. ബീച്ച് വോളിയിൽ ഷെരീഫ് യൂനുസ്സിയും അഹമ്മദ് തിജാനുമാണ് വെങ്കലം നേടിയത്. 2012 ലണ്ടൻ ഒളിമ്പിക്സിലാണ് ഖത്തറിന് വേണ്ടി വനിത ഒളിമ്പിക്സിൽ മത്സരിച്ചത്. നീന്തൽ താരം നദ മുഹമ്മദാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. 2012, 2016 ഒളിമ്പിക്സിൽ സ്വന്തമാക്കിയ വെളളിയാണ് ടോക്യോയിൽ ബർഷിം സ്വർണമാക്കിയത്.
1992ലും 2004ലും ഫുട്ബാൾ ഗൾഫ് കപ്പ് സ്വന്തമാക്കിയ ഖത്തർ, 2019ൽ ഏഷ്യൻ കപ്പ് ജേതാക്കളുമായി. 2022 ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ലോക റാങ്കിങിൽ 93ാം സ്ഥാനത്ത് നിന്ന് 54ലേക്ക് എത്താനും സാധിച്ചു. 1981ലെ ഫിഫ വേൾഡ് യൂത്ത് ക്ലബ് കപ്പിൽ റണ്ണേഴ്സ് അപ്പും ഖത്തറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.