എക്സ്പോയിൽ ശ്രദ്ധേയമായി ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ ‘കട്ട്ലറി’
text_fieldsദോഹ: സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എക്സ്പോയിൽ ഉപയോഗിക്കുന്ന ഖത്തർ നിർമിത ബയോഡീഗ്രേഡബിൾ കട്ട്ലറി ശ്രദ്ധ നേടുന്നു. ഭക്ഷണം കഴിക്കാനും വിളമ്പാനുമായി ഉപയോഗിക്കുന്ന ഒരുകൂട്ടം തവികളാണ് കട്ട്ലറികൾ.പരിസ്ഥിതി സൗഹൃദ ദൗത്യത്തെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെ മേഖലയിലെ തന്നെ ആദ്യത്തെ ബയോഡീഗ്രേഡബിൾ കട്ട്ലറി നിർമാതാക്കളായ എൻവാരയെ ആണ് ആറ് മാസം നീണ്ടുനിൽക്കുന്ന എകസ്പോയിലെ ഉപകരണങ്ങളുടെ ഔദ്യോഗിക വിതരണക്കാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
വർഷത്തിനുള്ളിൽ വിഘടിക്കുന്ന രീതിയിൽ സൈക്കിൾ ചെയ്ത ഭക്ഷ്യാവശിഷ്ടങ്ങളിൽനിന്നാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന് ബദലായി ബയോഡീഗ്രേഡബിൾ കട്ട്ലറി വികസിപ്പിച്ചതും വിതരണം ചെയ്യുന്നതും. പ്രാദേശികവും അന്തർദേശീയവുമായ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവും നൽകുന്നതിൽ എക്സ്പോ സംഘാടകരോട് നന്ദിയുണ്ടെന്നും ഞങ്ങളുടെ ഉൽപന്നങ്ങളുടെ ഗുണനിലവാരം അറിഞ്ഞതിന് ശേഷം ഡിസ്പോസിബിൾ കട്ട്ലറികൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബദലുകൾ തിരഞ്ഞെടുക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും എൻവാരയുടെ സഹസ്ഥാപകനായ അബ്ദുല്ല ഷാത്ത് പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.പ്രാദേശിക ഉൽപാദകർ എന്ന നിലയിൽ ആറ് മാസത്തിനുള്ളിൽ ആവശ്യത്തിനനുസരി ച്ച് വിതരണം ചെയ്യാൻ സജ്ജമാണെന്നും നല്ല ഉൽപാദന ശേഷിയുള്ളതിനാൽ ആവശ്യമുള്ളത്ര ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ സാധിക്കുമെന്നും അബ്ദുല്ല ഷാത്ത് പറഞ്ഞു.
ഖത്തർ ഫൗണ്ടേഷൻ പങ്കാളിത്തത്തിലുള്ള സർവകലാശാലയായ ഖത്തർ ടെക്സാസ് എ-എം ബിരുദധാരികളാ അബ്ദുല്ല ഷാത്തും സഊദ് അൽ ഇമാദിയും ചേർന്നാണ് എൻവാര സ്ഥാപിച്ചത്.കുറഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് സുസ്ഥിര ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയിൽ നിന്നാണ് എൻവാര രൂപംകൊണ്ടതെന്നും പരിസ്ഥിതിസൗഹൃദ ഉൽപന്നങ്ങളുടെ വിപണിയിലെ വിടവ് ഞങ്ങൾ തിരിച്ചറിഞ്ഞതായും ഷാത്ത് കൂട്ടിച്ചേർത്തു. 2020ലാണ് ആദ്യമായി ബയോഡീഗ്രേഡബിൾ കട്ട്ലറി ഉൽപന്നങ്ങൾ വിതരണം ചെയ്യാനാരംഭിച്ചത്.2021 അവസാനത്തോടെ ഉൽപാദനം പ്രാദേശികവത്കരിക്കാൻ ഉടമകൾ തീരുമാനിച്ചു. 2022 അവസാനത്തോടെ എൻവാര മേഖലയിലെ ആദ്യത്തെ ബയോഡീഗ്രേഡബിൾ കട്ട്ലറി നിർമാതാക്കളായി അറിയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.