ഖത്തർ ഉപപ്രധാനമന്ത്രി കാബൂളിൽ; അഫ്ഗാൻ സർക്കാറുമായി ചർച്ച നടത്തി
text_fieldsദോഹ: താലിബാൻ കാബൂൾ പിടിച്ചടക്കിയ ശേഷം അഫ്ഗാനിൽ ആദ്യ വിദേശ പ്രതിനിധിയുടെ സന്ദർശനം. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയാണ് ഞായറാഴ്ച വൈകീട്ട് കാബൂളിലെത്തിയത്. അഫ്ഗാൻ മുന്‍ പ്രസിഡൻറ് ഹാമിദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, താലിബാൻ ഇടക്കാല സർക്കാറിലെ ആക്ടിങ് പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അകുന്ദ് എന്നിവരുമായി പ്രത്യേകം കൂടികാഴ്ചകൾ നടത്തി.
ആഗസ്റ്റ് 31ന് അമേരിക്കൻ സൈന്യം രാജ്യം വിട്ട ശേഷം അഫ്ഗാനിൽ വിദേശരാജ്യത്തു നിന്നുമെത്തുന്ന ആദ്യ ഉന്നത വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. കാബൂള്‍ വിമാനത്താവളത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്നായിരുന്നു ഹസൻ അകുന്ദുമായുള്ള കൂടികാഴ്ച.
ഇടക്കാല മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിമാർ, മറ്റു ഉന്നതനേതാക്കൾ, അഫ്ഗാനിൽ ഖത്തർ അംബാസഡർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ശേഷമായിരുന്നു മുന്‍ പ്രസിഡൻറ് ഹമീദ് കര്‍സായിയെയും അബ്ദുല്ല അബ്ദുല്ലയെയും കണ്ടത്. അഫ്ഗാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അഫ്ഗാന്‍ ജനതയ്ക്കായി ഖത്തര്‍ നടത്തിവരുന്ന സഹായപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിലയിരുത്തി. ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാനും ഖത്തര്‍ ന്യൂസ് ഏജന്‍സിയും പുറത്തുവിട്ടു. നിലവില്‍ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിദേശരാജ്യമാണ് ഖത്തർ.
അഫ്ഗാനിലെ സമാധാന പ്രവർത്തനങ്ങൾക്കും, നയതന്ത്ര ചർച്ചകൾക്കും ഏറെനാളായി നേതൃത്വം നൽകുന്ന ഖത്തർ വിദേശകാര്യ മന്ത്രി, ഇതു സംബന്ധിച്ച വിദേശ പര്യടനത്തിനൊടുവിലാണ് ഞായറാഴ്ച കാബൂളിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ, ഇറാൻ, തുർക്കി, റഷ്യ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.