യുക്രെയ്ൻ പുനർനിർമാണത്തിന് ഖത്തറിന്റെ കരുതൽ
text_fieldsദോഹ: റഷ്യയുടെ സൈനിക കടന്നുകയറ്റത്തെ തുടർന്ന് തീരാദുരിതത്തിലായ യുക്രെയ്ന്റെ പുനർനിർമാണത്തിന് 10 കോടി ഡോളറിന്റെ മാനുഷികസഹായം പ്രഖ്യാപിച്ച് ഖത്തർ. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ യുക്രെയ്ൻ സന്ദർശനവേളയിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരം മാനുഷികസഹായം പ്രഖ്യാപിച്ചത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പുനർനിർമാണവും കുടിവെള്ള സംവിധാനങ്ങൾ ഒരുക്കൽ, ജീവകാരുണ്യ-മാനുഷിക സഹായങ്ങൾ തുടങ്ങിയവക്കൊപ്പം ഖത്തർ സർവകലാശാലയിലെ യുക്രെയ്നിയൻ വിദ്യാർഥികൾക്കായി ഈ അധ്യയനവർഷത്തിൽ 50 സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചു.
കിയവിലെ സന്ദർശനത്തിന്റെ ഭാഗമായി യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷമിഹലിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു ഖത്തർ പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്. യുക്രെയ്ൻ-റഷ്യ പ്രതിസന്ധിയുടെ ആഘാതം കുറക്കുന്നതിനും യുക്രെയ്ൻ ജനതയുടെ ദുരിതമകറ്റുന്നതിനുമായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ തുടർച്ചയായാണിത്. യുക്രെയ്നിന്റെ ധാന്യ കയറ്റുമതി സംരംഭങ്ങളുടെ പിന്തുണക്കായി ഖത്തർ നേരത്തെ 20 ദശലക്ഷം ഡോളർ സഹായം നൽകിയിരുന്നു.
യുക്രെയ്ൻ-ഖത്തർ പ്രതിസന്ധിയിൽ ഖത്തറിന്റെ നിലപാട് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. യുക്രെയ്നിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഒപ്പം അന്തർദേശീയമായി അംഗീകരിക്കപ്പെട്ട അതിർത്തികളും ബഹുമാനിക്കപ്പെടണമെന്നാണ് ഖത്തറിന്റെ നിലപാട്.
അന്താരാഷ്ട്രനിയമങ്ങളും തത്ത്വങ്ങളും പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു വ്യക്തമാക്കിയ അദ്ദേഹം, തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും നിർദേശിച്ചു. സൈനിക ഇടപെടലിലൂടെയും അക്രമത്തിലൂടെയും ഭീഷണിപ്പെടുത്തിയും നടത്തുന്ന നടപടികൾ അപലപനീയമാണെന്നും വ്യക്തമാക്കി.
സന്ദർശനത്തിന്റെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായും ഖത്തർ പ്രധാനമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രസിഡന്റ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.