തുർക്കിയിലെ ഖത്തർ നിക്ഷേപം 2200 കോടി ഡോളറിൽ
text_fieldsദോഹ: തുർക്കിയിലെ ഖത്തർ നിക്ഷേപം 2200 കോടി ഡോളറിലെത്തി. ഖത്തറിലെ തുർക്കി അംബാസഡർ മെഹ്മത് മുസ്തഫ ഗോക്സു ആണ് ഇക്കാര്യം പറഞ്ഞത്. ഖത്തറും തുർക്കിയും തമ്മിൽ പ്രധാന സഖ്യകക്ഷികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അതിെൻറ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ-തുർക്കി ഉഭയകക്ഷി ബന്ധത്തിലുണ്ടായ വലിയ പുരോഗതിക്കാണ് ഈയടുത്ത വർഷങ്ങളിൽ നാം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിെൻറ തെളിവാണ് പ്രതിവർഷം ചേരുന്ന ഖത്തർ തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗങ്ങൾ. വിവിധ മേഖലകളിൽ തുർക്കിയും ഖത്തറും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കൊണ്ടിരിക്കുകയാണ്. ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തുർക്കി അംബാസഡർ. മേഖല, അന്തർദേശീയ തലങ്ങളിലെ രാഷ്്ട്രീയ, സാമ്പത്തിക വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കുമിടയിലാണ് കഴിഞ്ഞ ദിവസം ഖത്തർ തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗം നടന്നതെന്ന് തുർക്കി സ്ഥാനപതി പറഞ്ഞു.
ഖത്തറും തുർക്കിയും തമ്മിലുള്ള വ്യാപാര, വ്യവസായ മേഖലകളിലെ സഹകരണം വിശാലമായിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൽ ആറു ശതമാനത്തിെൻറ വർധന രേഖപ്പെടുത്തിയിട്ടുമുണ്ട്. തുർക്കി വിപണിയിലെ മൂന്നാമത് വലിയ നിക്ഷേപകർ ഖത്തരി കമ്പനികളാണ്. ഖത്തറിൽ നിന്നുള്ള 179 കമ്പനികളാണ് നിലവിൽ തുർക്കിയിൽ പ്രവർത്തിക്കുന്നത്. അതേസമയം, ഖത്തറിൽ 500ലധികം തുർക്കി കമ്പനികളും വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാമത് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗം തുർക്കിയിൽ സമാപിച്ചത്. രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം, ഗതാഗതം, കായികം മേഖലകളിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും നേതൃത്വം നൽകി.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പൊതുതാൽപര്യമുള്ള വിവിധ കാര്യങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ചയായിട്ടുണ്ട്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഫലസ്തീൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ കാര്യങ്ങളും വിലയിരുത്തിയിട്ടുണ്ട്.ഇസ്റ്റിൻ പാർക്ക് ഷോപ്പിങ് സെൻററിെൻറ ഓഹരി വാങ്ങൽ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും അൽറ്റിൻ ഹാലികും തമ്മിൽ ഗോൾഡൻ ഹോൺ പദ്ധതിക്കായുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും യോഗത്തിൽ ഒപ്പുവെച്ചു. ബോർസ ഇസ്തംബൂളിൽ ഓഹരി സ്വന്തമാക്കൽ, ഒർതഡോഗു അൻറലയ തുറമുഖം വിൽപനക്കും വാങ്ങുന്നതിനുള്ള കരാർ, ഖത്തർ ഫ്രീ സോൺ അതോറിറ്റിയും തുർക്കി വാണിജ്യ മന്ത്രാലയവും തമ്മിൽ ഫ്രീ സോൺ മേഖലയിെല ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്.
നേരത്തെ ഇരുരാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന് ഒപ്പുവെച്ച 52 കരാറുകൾക്ക് പുറമേയാണിവ. ഇതോടെ ഖത്തറിനും തുർക്കിക്കുമിടയിലുള്ള കരാറുകളുടെ എണ്ണം 60ലധികമായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.