ആരോഗ്യ ജീവിതത്തിന് സുരക്ഷിത ഭക്ഷ്യരീതി
text_fieldsദോഹ: പ്രാദേശിക ഭക്ഷ്യ ഉൽപാദനം കാര്യക്ഷമമാക്കുന്നത് ഉൾപ്പെടെ വിവിധ ഭക്ഷ്യ സുരക്ഷ നിർദേശങ്ങളുമായി ഖത്തറിന്റെ പുതിയ ഭക്ഷ്യ നയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയാണ് ദേശീയ ഭക്ഷ്യസുരക്ഷ നയം 2030 പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ, വിവിധ വകുപ്പു മന്ത്രിമാർ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സർക്കാർ സ്ഥാപനങ്ങളുടെ അധികാരികളും പ്രതിനിധികളും പങ്കെടുത്തു.
ആരോഗ്യകരമായ ഉപഭോക്തൃ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക, സുസ്ഥിരത, കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടൽ, ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കൽ എന്നിവ ഉൾപ്പെടുന്ന മാർഗ നിർദേശക തത്ത്വങ്ങളിലൂടെ സുസ്ഥിര ഭക്ഷ്യസുരക്ഷ കൈവരിക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 17 പദ്ധതികളിലൂന്നിയാണ് അടുത്ത ആറു വർഷത്തെ ദേശീയ ഭക്ഷ്യസുരക്ഷാ നയം അധികൃതർ പുറത്തിറക്കുന്നത്. പ്രാദേശിക ഉൽപാദനവും വിപണിയും ശക്തമാക്കുകയാണ് ഭക്ഷ്യ സുരക്ഷാ നയത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കണക്കാക്കുന്നത്. പച്ചക്കറികൾ, ഇറച്ചി, മത്സ്യം, പാൽ-പാലുൽപന്നങ്ങൾ എന്നിവയുടെ ഉൽപാദനം ശക്തമാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നിർദേശിക്കുന്നു.
ആധുനിക കാർഷിക രീതികൾ ഉപയോഗിച്ച് പ്രാദേശിക ഉൽപാദനം വർധിപ്പിക്കുക, ബാഹ്യ ഭക്ഷ്യ വിതരണങ്ങളെ ആശ്രയിക്കുന്നത് കുറക്കുക, പ്രാദേശിക ഉൽപാദനത്തിലൂടെ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുസ്ഥിരത ഉറപ്പാക്കുക എന്നിവയിലൂടെയാണ് ഇവ യാഥാർത്ഥ്യമാക്കാൻ നിർദേശിക്കുന്നത്.
കരുതൽ സംവിധാനവും അവശ്യ ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുമാണ് രണ്ടാമത്തെ പ്രധാന ഘടകം. സംഭരണശേഷി വിപുലീകരിക്കുക, അടിയന്തര സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള തീരുമാനമെടുക്കുക എന്നിവ പ്രധാനമായി വിലയിരുത്തുന്നു. അന്താരാഷ്ട്ര വ്യാപാരവും നിക്ഷേപവുമാണ് മൂന്നാമത്തെ സുപ്രധാന ഘടകം. ഇറക്കുമതി ചെയ്യുന്ന ഉറവിടങ്ങൾ വ്യാപിപ്പിക്കുക, പ്രാദേശിക ഉൽപാദനം മത്സരക്ഷമമാക്കുക എന്നിവയും ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.