ഖത്തറിന്റെ സ്വന്തം സാങ്കേതിക വിദ്യകൾ ഉടൻ വാണിജ്യ ഉപയോഗത്തിന്
text_fieldsദോഹ: രാജ്യത്തിന്റെ സുസ്ഥിര പദ്ധതികളുടെ ഭാഗമായി, കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഖത്തരി പേറ്റൻറുള്ള നൂതന സാങ്കേതിക വിദ്യകൾ വാണിജ്യ ഉൽപാദനത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി വിദഗ്ധർ.
കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം സംബന്ധിച്ച് സംഘടിപ്പിച്ച വട്ടമേശ ചർച്ചയോടനുബന്ധിച്ച് ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക്, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ്, ഗ്ലോബൽ കാർബൺ കൗൺസിൽ എന്നീ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം പങ്കുവെച്ചത്.
നെറ്റ് സീറോ കാർബണിലേക്കുള്ള യാത്രയിൽ സാങ്കേതിക വിദ്യയും ഗവേഷണവും എങ്ങനെയാണ് രാജ്യത്തിന്റെ സുസ്ഥിരതയും ഹരിതഭാവിയും നിയന്ത്രിക്കുന്നതെന്ന് ചർച്ച ചെയ്തു. പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിനെ പിടിച്ചെടുക്കുന്നതിനാൽ വായുവിനെ ശുദ്ധീകരിക്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ വിജയമെന്ന് അഭിപ്രായപ്പെട്ടു.
കുറഞ്ഞ അന്തരീക്ഷ മലിനീകരണം എന്ന ലക്ഷ്യത്തെ പിന്തുണക്കുന്നതിനായി ജി.ഒ.ആർ.ഡി ഇന്റലെക്ച്വൽ സോഫ്റ്റ് വെയർ ആരംഭിച്ചതായി ഡോ. അൽ ഹോർ മാധ്യമങ്ങളോട് പറഞ്ഞു. ഡിസ്ട്രിക്ട് കൂളിങ് പ്ലാന്റുകളുടെ ഊർജപ്രകടനം വിശകലനം ചെയ്യുന്നതിന് ഇത്തരം സോഫ്റ്റ് വെയറുകളിലൊന്നായ അർക്കാഡിയ സ്യൂട്ടാണ് ഉപയോഗിക്കുന്നത്.
ഏതാനും ദിവസം മുമ്പ് അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച ഈ സോഫ്റ്റ് വെയർ ഖത്തറിലെ 2000 പദ്ധതികളിൽ പരീക്ഷിച്ചതായും അതിന്റെ ഡേറ്റബേസിൽ ലോകമെമ്പാടുമുള്ള 9000ത്തിലധികം നഗരങ്ങളിലെ കാലാവസ്ഥ വിവരങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
റെസിഡൻഷ്യൽ, കമേഴ്സ്യൽ കെട്ടിടങ്ങൾ, ആശുപത്രികൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയ ഡിസ്ട്രിക്ട് കൂളിങ് പ്ലാന്റുകളിൽനിന്ന് വ്യത്യസ്തമായ കെട്ടിടങ്ങളുടെ ഊർജ പ്രകടനം വിലയിരുത്തുന്ന എനർജിയ സ്യൂട്ട് എന്നൊരു സോഫ്റ്റ് വെയർ വരും ആഴ്ചകളിൽ പുറത്തിറങ്ങുമെന്നും വിദഗ്ധർ വെളിപ്പെടുത്തി.
പ്രമുഖ ആഗോള ടെക് കമ്പനികൾക്ക് വേദിയൊരുക്കുന്നതിലും മെന്റർഷിപ് നൽകുന്നതിലും രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും ഉയർന്നുവരുന്ന ടെക് സംരംഭങ്ങളുടെയും ഒരു ശൃംഖലയെ പിന്തുണക്കുന്നതിലും ക്യു.എസ്.ടി.പി പങ്ക് ഉയർത്തിക്കാട്ടിയ എക്സിക്യൂട്ടിവ് ഡയറക്ടർ യൂസുഫ് അൽ സാലിഹി, കാർബൺ ഫൂട്ട്പ്രിന്റുകൾ കുറക്കാൻ സഹായിക്കുന്ന ഉൽപന്നങ്ങളെ ശാക്തീകരിക്കാനും അവക്ക് പിന്തുണ നൽകാനും സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.