ഖത്തർ ജനസംഖ്യ 28.5 ലക്ഷം കവിഞ്ഞതായി പി.എസ്.എ
text_fieldsദോഹ: മേയ് അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 28.5 ലക്ഷം പിന്നിട്ടതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി(പി.എസ്.എ). കണക്കുകൾ പ്രകാരം 20,65,451 പുരുഷന്മാരും 7,87,435 സ്ത്രീകളുമുൾപ്പെടെ 28,52,886 പേരാണ് നിലവിൽ ഖത്തറിലുള്ളത്.
കഴിഞ്ഞവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ (26,28,512) ജനസംഖ്യയിൽ വർധന രേഖപ്പെടുത്തിയതായും പി.എസ്.എ ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വർഷം ഏപ്രിലിലെ സുപ്രധാന സ്ഥിതി വിവരണ കണക്കുകളുൾപ്പെടുന്ന ഏപ്രിൽ മാസത്തിലെ മാസാന്ത റിപ്പോർട്ട് പി.എസ്.എ പുറത്തുവിട്ടു. ഏപ്രിൽ മാസത്തിൽ 695 വാഹനാപകട കേസുകൾ റിപ്പോർട്ട് ചെയ്തതായും മുൻ മാസത്തെ അപേക്ഷിച്ച് കേസുകളിൽ 14.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായും എന്നാൽ 37.6 ശതമാനം വാർഷിക വർധനവുണ്ടായതായും പി.എസ്.എ വ്യക്തമാക്കി. ഏപ്രിൽ മാസത്തിലെ 91 ശതമാനം വാഹനാപകടങ്ങളിലും നിസ്സാര പരിക്കുകളായിരുന്നുവെന്നും ആറു ശതമാനം കേസുകളിൽ മാത്രമാണ് ഗുരുതര പരിക്കുകൾ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
19 വാഹനാപകട മരണങ്ങൾ ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് ചെയ്തു.ഏപ്രിൽ മാസത്തിൽ 245 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 157 വിവാഹ മോചന കേസുകളും രജിസ്റ്റർ ചെയ്തതായി പി.എസ്.എ റിപ്പോർട്ടിൽ പറയുന്നു. 1567 ജനനവും 218 മരണവും ഇക്കാലയളവിൽ രേഖപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.