മാഞ്ചസ്റ്റർ യുനൈറ്റഡ് ഏറ്റെടുക്കൽ; ഖത്തർ ശ്രമത്തിന് യുവേഫ അംഗീകാരമെന്ന് റിപ്പോർട്ട്
text_fieldsദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏെറ്റടുക്കാനുള്ള ഖത്തർ ശ്രമങ്ങൾക്ക് യുവേഫയുടെ പച്ചക്കൊടിയെന്ന് വിവിധ റിപ്പോർട്ടുകൾ. ഒരു കൂട്ടം ഖത്തരി നിക്ഷേപകരാണ് റെയ്ൻ ഗ്രൂപ്പിനൊപ്പം പ്രീമിയർ ലീഗിലെ ചുവന്ന ചെകുത്താന്മാരെ ഏറ്റെടുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആദ്യ ബിഡുകൾ ഈ ആഴ്ച തന്നെ പ്രതീക്ഷിക്കാം.
ഏക പബ്ലിക് ബിഡർ എന്ന നിലയിൽ ബ്രിട്ടീഷ് പെട്രോകെമിക്കൽ ശതകോടീശ്വരനായ ജിം റാറ്റ്ക്ലിഫാണ് മറ്റൊരാൾ. റാറ്റ്ക്ലിഫിനൊപ്പം ഗോൾഡ്മാൻ സാച്ചും ജെ.പി മോർഗൻ ചേസും മാഞ്ചസ്റ്ററിനായി രംഗത്തുണ്ട്. അതേസമയം, ഗ്ലേസർ സഹോദരന്മാർ ആവശ്യപ്പെടുന്ന അഞ്ഞൂറ് കോടി പൗണ്ടിനടുത്ത് വരാൻ ഖത്തരി ബിഡേഴ്സാണ് കൂടുതൽ സാധ്യത. നിലവിൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ഫ്രഞ്ച് അതികായരായ പാരിസ് സെയിന്റ് ജെർമെയന്റെ ഉടമസ്ഥർ.
മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബിനായുള്ള പരിശീലന സൗകര്യം നവീകരിക്കാനും ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡ് പുനർനിർമിക്കാനും ഖത്തറിന് പദ്ധതിയുണ്ട്. അവരുടെ പ്രാരംഭ നിക്ഷേപത്തിലേക്ക് ഇതിനായി 100.2 കോടി പൗണ്ട് കൂട്ടിച്ചേർക്കും. അതോടൊപ്പം ചെറിയ നിക്ഷേപം വാങ്ങാൻ ഖത്തർ ബിഡേഴ്സിന് താൽപര്യമില്ലെന്നും റിപ്പോർട്ടുണ്ട്.
യുവേഫ മത്സരങ്ങളിലോ ചാമ്പ്യൻഷിപ്പുകളിലോ പങ്കെടുക്കുന്ന ക്ലബ്, മറ്റേതെങ്കിലും ക്ലബിന്റെ സെക്യൂരിറ്റികളോ ഓഹരികളോ കൈവശം വെക്കാനോ ഡീൽ ചെയ്യാനോ പാടില്ല, അല്ലെങ്കിൽ മാനേജ്മെന്റ് അഡ്മിനിസ്ട്രേഷനിലോ മറ്റേതെങ്കിലും കായിക പ്രകടനങ്ങളിലോ ഏർപ്പെടാനും പാടില്ല എന്ന് യുവേഫ ക്ലബ് നിയമം നിലവിലുണ്ട്. എന്നാൽ, രണ്ട് ടീമുകൾക്കും സ്വതന്ത്രമായ മാനേജ്മെന്റും കോർപറേറ്റ് ഘടനകളും ഉള്ളിടത്തോളം കാലം മത്സരങ്ങളുടെ മേൽനോട്ടം വഹിക്കുന്ന യുവേഫയുടെ ക്ലബ് ഫിനാൻഷ്യൽ കൺട്രോൾ ബോഡി ഇരട്ട ഉടമസ്ഥതക്ക് അംഗീകാരം നൽകാനാണ് സാധ്യത.
ശീതള പാനീയ കമ്പനിയായ റെഡ്ബുൾ പിന്തുണക്കുന്ന ആർ.ബി ലെപ്സിഷും ആർ.ബി സാൽസ്ബർഗിനെയും ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ അനുവദിച്ച് യുവേഫ നേരത്തെ അത്തരം കേസുകളിൽ ഒരു മാതൃക സ്ഥാപിച്ചത് ഖത്തറിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. ഇതിലൂടെ പി.എസ്.ജി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവക്കായി വിവിധ കോർപറേറ്റ് ഘടനകളും നേതൃത്വ ടീമുകളും സ്ഥാപിക്കാൻ ഖത്തറിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.