ഖത്തർ സമ്പദ് വ്യവസ്ഥ മൂന്നുശതമാനം വളർച്ച നേടുമെന്ന് സൂചന
text_fieldsദോഹ: നോർത്ത് ഗ്യാസ് ഫീൽഡ് വിപുലീകരണം, 2023 എ.എഫ്.സി ഏഷ്യൻ കപ്പ്, 2030ലെ ഏഷ്യൻ ഗെയിംസ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയ ഭരണകൂടത്തിന്റെ ശ്രമങ്ങളുൾപ്പെടെ വൈവിധ്യമാർന്ന ആഗോള സംഭവവികാസങ്ങൾക്കൊപ്പം പ്രതീക്ഷയുടെ സൂചകങ്ങളുമായി ഖത്തർ സമ്പദ് വ്യവസ്ഥയും.
2022 ലോകകപ്പ് പോലുള്ള മുൻ ഇവന്റുകളോടനുബന്ധിച്ച് രാജ്യത്ത് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും എണ്ണം വർധിച്ചിരുന്നു. ഒപ്പം റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ എന്നിവയുൾപ്പെടെ നിരവധി മേഖലകളും ഇതിൽനിന്ന് നേട്ടം കൈവരിക്കുകയും ചെയ്തു. ശ്രദ്ധേയമായ ഈ സംരംഭങ്ങൾ ഖത്തറിനെ മിഡിലീസ്റ്റിലെ നിക്ഷേപ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നാക്കി മാറ്റി.
അതേസമയം, വരുംവർഷങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഇവന്റുകളോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ 3.1 ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രമുഖ ഡേറ്റ ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ഗ്ലോബൽ ഡേറ്റ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശക്തമായ എണ്ണ, വാതക വ്യവസായമുള്ള രാജ്യം കഴിഞ്ഞവർഷം സമ്പദ് വ്യവസ്ഥയും സാമ്പത്തിക കരുതലും വർധിപ്പിച്ചിട്ടുണ്ടെന്നും 2023ൽ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട്: ഖത്തർ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
2020ലും 2021ലും സാമ്പത്തിക, കറന്റ് അക്കൗണ്ട് ബാലൻസുകളിൽ രാജ്യം ഗണ്യമായ മിച്ചം രേഖപ്പെടുത്തി. 2023ൽ ഇത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് നിർത്താനിടയാക്കിയ ഊർജപ്രതിസന്ധി ലോകത്തെ മുൻനിര എൽ.എൻ.ജി എന്നനിലയിൽ ഖത്തറിനെ ഏകീകരിക്കാൻ പ്രാപ്തമാക്കിയതായും റിപ്പോർട്ടിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.