ക്യു.എഫ്.എ പുരസ്കാരം:സാധ്യത പട്ടികയിൽ താരമായി അക്രം അഫീഫ്
text_fieldsദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള പുരസ്കാരം സ്വന്തമാക്കാൻ അൽ സദ്ദിന്റെ സൂപ്പർ താരം അക്രം അഫീഫ്. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ചയാണ് അവാർഡ് പ്രഖ്യാപനം.ഫുട്ബാൾ ഓഫീഷ്യലുകൾ, പരിശീലകർ, മാധ്യമ പ്രതിനിധികൾ എന്നിവർക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. അക്രം അഫീഫിനെ കൂടാതെ അൽ ഗറാഫ ക്യാപ്റ്റൻ അൽജീരിയയുടെ യാസിൻ ബ്രാഹിമി, അൽ റയ്യാൻ മുന്നേറ്റനിരയിലെ റോജർ ഗുഡെസ് എന്നിവരാണ് അവസാന പട്ടികയിൽ ഇടം നേടിയ താരങ്ങൾ.എക്സ്പോ സ്റ്റാർസ് ലീഗിൽ 26 ഗോളുകൾ നേടി ടോപ് സ്കോററായ അഫീഫ് 11 ഗോളുകൾക്ക് അസിസ്റ്റും നൽകി. 37 ഗോളുകളിൽ നേരിട്ട് പങ്കാളിയായി അൽ സദ്ദിന്റെ കിരീടനേട്ടത്തിൽ വലിയ പങ്കാണ് അഫീഫ് വഹിച്ചത്.
ഈ വർഷം ആദ്യത്തിൽ സമാപിച്ച എ.എഫ്.സി ഏഷ്യൻ കപ്പിലും അക്രം അഫീഫ് ടോപ് സ്കോററായിരുന്നു.പട്ടികയിൽ രണ്ടാമതുള്ള യാസിൻ ബ്രാഹിമി ക്ലബിനെ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 22 ഗോളുകൾ നേടിയ ക്യാപ്റ്റൻ, ഒമ്പത് അസിസ്റ്റും കരസ്ഥമാക്കി. ലീഗ് ടോപ് സ്കോറർ പട്ടികയിൽ അഫീഫിന് പിറകിൽ രണ്ടാമതാണ് ബ്രാഹിമി.കഴിഞ്ഞ ആഗസ്റ്റിൽ റയ്യാനിലേക്ക് കൂടുമാറിയതിന് ശേഷം റയ്യാന് വേണ്ടി മികച്ച പ്രകടനമാണ് ഗുഡെസ് പുറത്തെടുത്തത്. ലീഗിൽ രണ്ടാമതെത്തിയ ലയൺസിനായി 19 ഗോളുകളും അഞ്ച് അസിസ്റ്റുകളും ബ്രസീലിയൻ താരം സ്വന്തം പേരിൽ കുറിച്ചു.
ക്യു.എഫ്.എ അവാർഡുകളിൽ മികച്ച പരിശീലകനുള്ള അന്തിമ പട്ടികയിൽ അൽ സദ്ദിന്റെ വിസാം രിസ്ക്, അൽ റയ്യാന്റെ ലിയനാഡോ ജാർഡിം, ഗറാഫയുടെ പെഡ്രോ മാർട്ടിൻസ് എന്നിവർ ഇടം പിടിച്ചു.മികച്ച അണ്ടർ 23 താരത്തിനുള്ള അവാർഡിനായുള്ള പട്ടികയിൽ സദ്ദ് താരം മുസ്തഫ മിഷാൽ, അൽ അറബിയുടെ ജാസിം ജാബിർ, അൽ ഷമാലിന്റെ മഹ്ദി സാലിം എന്നിവർ ഇടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.