സിറിയയിൽ ചെറു നഗരമൊരുക്കാൻ ഖത്തർ
text_fieldsദോഹ: ആഭ്യന്തര യുദ്ധവും ഭൂകമ്പവും തകർത്ത സിറിയൻ ജനതക്ക് കൈത്താങ്ങായി ഖത്തറിന്റെ സഹായ ഹസ്തം. 70,000ത്തോളം ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കുന്ന നിർമാണ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യൂ.എഫ്.എഫ്.ഡി). വടക്കൻ സിറിയയിൽ ഒരു ചെറു നഗരം പണിതാണ് ഖത്തർ തീരാത്ത ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയും ഏറ്റവും ഒടുവിലായി കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭൂകമ്പവും തീരാത്ത ദുരിതത്തിലാക്കിയ ജനവിഭാഗത്തിനാണ് പാർപ്പിട സൗകര്യവും സ്കൂൾ, ആശുപത്രി, ആരാധന കേന്ദ്രങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, തൊഴിൽ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കുന്ന ഇൻറഗ്രേറ്റഡ് സിറ്റി നിർമിക്കുന്നത്. തുർക്കിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
തര്‍ക്കിഷ് ഡിസാസ്റ്റര്‍ ആൻഡ് എമര്‍ജന്‍സി മാനേജ്മെന്റ് പ്രസിഡന്‍സിയുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക. 70,000 പേര്‍ക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും പുതിയ നഗരത്തിലുണ്ടാകും.
സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാന്‍ തുടക്കം മുതല്‍ ഖത്തര്‍ മുന്‍നിരയിലുണ്ടായിരുന്നു. ലോകകപ്പ് കാലത്ത് ഉപയോഗിച്ച കണ്ടെയ്നർ വില്ലകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നേരത്തേതന്നെ ഖത്തര്‍ എത്തിച്ചിട്ടുണ്ട്.
വടക്കൻ സിറിയയിൽ നിർമിക്കുന്ന ഇൻറഗ്രേറ്റഡ് സിറ്റി, രാജ്യത്തെ വലിയൊരു വിഭാഗം അഭയാർഥികൾക്കും കെടുതികൾ നേരിട്ടവർക്കും മാന്യമായ ജീവിതം നൽകുന്നതായിരിക്കുമെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് പ്രഖ്യാപിച്ചു.
ആഭ്യന്തര സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച മേഖല കൂടിയാണ് വടക്കൻ സിറിയ. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം അഞ്ച് ലക്ഷം പേരെങ്കിലും യുദ്ധത്തിൽ അഭയാർഥികളായി കഴിയുന്നുണ്ട്. മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിവിൽ ഡിഫൻസ് സംഘമായ വൈറ്റ് ഹെൽമെറ്റ്സിന് സാമ്പത്തിക സഹായവും അടുത്തിടെ ഖത്തർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.