അവരും നമുക്കൊപ്പം നടക്കട്ടെ...
text_fieldsദോഹ: കൈകൾ ചേർത്ത് പിടിച്ചും, പരസ്പരം പ്രോത്സാഹിപ്പിച്ചും, കൈയടിച്ചും അവർ ഒന്നിച്ച് നടന്നു നീങ്ങി. ഓട്ടിസം ബാധിച്ച കുരുന്നുകളും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നവരും, രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒരേ ആവേശത്തോടെ 'വാക്കത്തോണിൽ' പങ്കാളികളായി.
ഓട്ടിസം ബാധിച്ചവരെയും നമ്മളിൽ ഒരാളായി കാണാനുള്ള സന്ദേശം പകർന്നു നൽകി ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് (ഖ്വിഷ്) നേതൃത്വത്തിൽ സംഘടിപ്പിച്ച വാക്കത്തോണായിരുന്നു സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ വിഭാഗക്കാരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായത്. ലോക ഓട്ടിസം ബോധവൽകരണ മാസത്തോടനുബന്ധിച്ചായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും അണിനിരന്ന വാകത്തോൺ അൽബിദ്ദ പാർക്കിൽ സംഘടിപ്പിച്ചത്.
ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും, സമൂഹത്തിന്‍റെ തെറ്റായ ധാരണകൾ മാറ്റുന്നതിനുമായാണ് 'ഖ്വിഷ്' നേതൃത്വത്തിൽ എല്ലാവർഷവും വാക്കത്തോൺ നടത്തുന്നത്. 200 ഓളം പേർ പരിപാടിയിൽ പങ്കാളികളായി.
2017ലായിരുന്നു ബഹുജന പങ്കാളിത്തത്തോടെ ഓട്ടിസം വാക്കത്തോൺ ആരംഭിക്കുന്നത്. 2018, 2019 വർഷങ്ങളിൽ വലിയ സ്വീകാര്യതനേടിയ പരിപാടിക, ശേഷം, കോവിഡിനെ തുടർന്ന് രണ്ടു വർഷങ്ങളിൽ മുടങ്ങി. രോഗവ്യാപന ഭീതി ഒഴിവായ സാഹചര്യത്തിലാണ് ഇക്കുറി വർധിച്ച ആവേശത്തേടെ ഇഫ്താർ സംഗമം കൂടിയാക്കി മാറ്റിയത്. ഖത്തരികളും യൂറോപ്പ്, ഏഷ്യൻ വംശജരും ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരും പങ്കെടുത്തു.
ഖ്വിഷ് ഗ്രൂപ്പ് ബോർഡ് ഓഫ് ഡയറക്ടർ നിയാസ് കാവുങ്ങൽ, സമീർ അബ്ദുല്ല, ഡോ. മുനീർ അലി, മുഹമ്മദ് മിയാൻദാദ് എന്നിവർ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ ഡയറക്ടറായ സതീശ് ശേഖർ, സീനിയർ സൈക്കോളജിസ്റ്റായ താരിഖ് മസൂദ് എന്നിവർ ബോധവൽകരണ പ്രഭാഷണം നടത്തി.
'രക്ഷിതാക്കളിലും പൊതു സമൂഹത്തിലും ഓട്ടിസത്തെ കുറിച്ചുള്ള അവബോധനം നൽകുന്നതിനും, രോഗബാധിതരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായാണ് ഇത്തരമൊരു വാക്കത്തോണും സംഘടിപ്പിക്കുന്നതെന്ന് ഖ്വിഷ് ക്ലിനിക്കൽ ഡയറക്ടർ സതീശ് ശേഖർ പറഞ്ഞു.
35ഓളം ക്ലിനിക്കൽ സ്റ്റാഫുമായാണ് ഖ്വിഷ് പ്രവർത്തിക്കുന്നത്. സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യൂക്കേറ്റേഴ്സ്, ഒക്കുപേഷൻ തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് തുടങ്ങി വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. 80ഓളം വിദ്യാർഥികൾ വിവിധ സെന്‍ററുകളായി പരിശീലിക്കുന്നുവെന്നും ഗ്രൂപ്പ് ബോർഡ് ഓഫ് ഡയറക്ടർ നിയാസ് കാവുങ്ങൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.