തകർപ്പൻ ജയത്തോടെ അൽദുഹൈൽ ഒന്നാമത്
text_fieldsദോഹ: അൽ ഗറാഫയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്ത അൽ ദുഹൈൽ ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ഫുട്ബാൾ ലീഗിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. ഖത്തർ ആതിഥ്യമരുളിയ ലോകകപ്പ് ഫുട്ബാളിനായി നിർത്തിവെച്ചശേഷം ക്യു.എൻ.ബി സ്റ്റാർസ് ലീഗ് ബുധനാഴ്ച പുനരാരംഭിച്ചപ്പോൾ ഫെർജാനി സാസി, ബസ്സാം അൽറാവി, നാം തേ ഹീ എന്നിവരാണ് ദുഹൈലിനുവേണ്ടി വല കുലുക്കിയത്. അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കറായിരുന്ന ഹെർനാൻ ക്രെസ്പോയാണ് അൽ ദുഹൈലിന്റെ കോച്ച്.
വെള്ളിയാഴ്ച തുടങ്ങുന്ന 25ാമത് ഗൾഫ് കപ്പിനായി ഒട്ടേറെ താരങ്ങൾ ദേശീയ ടീമിനൊപ്പം ചേർന്നതിനാൽ ഫിക്സ്ചറിൽ മാറ്റം വരുത്തിയാണ് മത്സരങ്ങൾ പുനരാരംഭിച്ചത്. 14 പോയന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന അൽദുഹൈൽ ജയത്തോടെ 17 പോയന്റുമായാണ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്കുയർന്നത്. എട്ടു കളികളിൽ അഞ്ചു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമാണ് അൽ ദുഹൈലിനുള്ളത്. 16 പോയന്റുള്ള അൽ അറബി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, അൽവക്റ 15 പോയന്റുമായി മൂന്നാം സ്ഥാനത്തായി.
വ്യാഴാഴ്ച വൈകീട്ട് ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ അൽറയ്യാൻ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അൽ സൈലിയയെ പരാജയപ്പെടുത്തി. ജപ്പാന്റെ ലോകകപ്പ് താരം ഷോഗോ തനാഗുച്ചി അൽ റയ്യാനു വേണ്ടി ആദ്യമായി ജഴ്സിയണിഞ്ഞിറങ്ങിയ മത്സരത്തിൽ രണ്ടാം പകുതിയിൽ ഉസാമ അൽ തൈരിയും യോഹാൻ ബോലിയുമാണ് റയ്യാന്റെ ഗോളുകൾ നേടിയത്. സീസണിൽ റയ്യാന്റെ ആദ്യ ജയമാണിത്. പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന റയ്യാൻ ജയത്തോടെ നാലു പോയന്റുമായി ഒരു സ്ഥാനം മുന്നോട്ടുകയറി 11ാമതെത്തി. അൽസൈലിയ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബുധനാഴ്ച അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ അറ്റാക്കിങ് ഫുട്ബാളുമായി അൽ ദുഹൈലിന്റെ ചെങ്കുപ്പായക്കാർ ഗറാഫക്കെതിരെ വ്യക്തമായ മേധാവിത്വം നേടുകയായിരുന്നു. ഗോളി യൂസുഫ് ഹസന്റെ തകർപ്പൻ സേവുകൾ കൂട്ടില്ലായിരുന്നുവെങ്കിൽ അൽ ഗറാഫയുടെ പരാജയം കൂടുതൽ കനത്തതാകുമായിരുന്നു. കോർണർ കിക്കിൽ തകർപ്പൻ ഹെഡറിലൂടെ 31ാം മിനിറ്റിലാണ് സാസി ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ദുഹൈൽ, 48ാം മിനിറ്റിൽ അൽറാവിയുടെ 40 വാര അകലെനിന്നുള്ള തകർപ്പൻ ഫ്രീകിക്ക് ഗോളിലാണ് ലീഡുയർത്തിയത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ സാസിയുടെ അസിസ്റ്റിൽനിന്ന് തേ ഹീ പട്ടിക തികച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ താരം പെലെക്ക് ആദരമർപ്പിച്ചാണ് മത്സരത്തിന് തുടക്കമായത്.
ക്ലബുകളുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തിൽ 2022-2023 സീസണിലെ ഒട്ടേറെ മത്സരങ്ങൾ മാറ്റിവെക്കാൻ ഖത്തർ സ്റ്റാർസ് ലീഗ് കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. എട്ടാം ആഴ്ചയിൽ നടക്കേണ്ട മൂന്നു മത്സരങ്ങളാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി അരങ്ങേറിയത്. ഒമ്പതാം ആഴ്ച നടക്കേണ്ട ഉമ്മു സലാൽ-അൽ മർഖിയ, അൽ സദ്ദ്-ഖത്തർ സ്പോർട്സ് ക്ലബ്, അൽ ഷമാൽ-അൽ വക്റ എന്നീ മത്സരങ്ങൾ ജനുവരി 11, 12 തീയതികളിൽ നടക്കും. ഒമ്പതാം തീയതി നടക്കേണ്ട അൽ മർഖിയ-അൽ ഷമാൽ മത്സരവും മാറ്റിവെച്ചിട്ടുണ്ട്. പത്താം ആഴ്ചയിലേത് 17, 18 തീയതികളിലേക്കാണ് മാറ്റിയത്. ഗൾഫ് കപ്പിൽ ആതിഥേയരായ ഇറാഖ് സെമി ഫൈനലിലെത്തുകയാണെങ്കിൽ, പത്താം ആഴ്ച നടക്കേണ്ട അൽ സൈലിയ-അൽ മർഖിയ, അൽഷമാൽ-ഉമ്മുസലാൽ മത്സരങ്ങൾ ഏപ്രിൽ 25ലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.