ബോംബ് വർഷത്തിനിടയിൽ മരുന്നും ഭക്ഷണവുമായി ക്യൂ.ആർ.സി.എസ്
text_fieldsദോഹ: തീമഴപോലെ ബോംബുകൾ വർഷിച്ച് ഇസ്രായേൽ പോർവിമാനങ്ങൾ പറന്നകലുന്നതിനും മരണം പെയ്തിറങ്ങുന്ന കാഴ്ചകൾക്കുമിടയിൽ ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തറിന്റെ സഹായവിതരണം. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറ്, ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ അൽ അമൽ ആശുപത്രിയിലും മറ്റുമായി അഭയംതേടിയ പതിനായിരങ്ങൾക്കായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത്. ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് വിവിധ മേഖലകളിൽ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറ് (ക്യു.എഫ്.എഫ്.ഡി) സാമ്പത്തികസഹായത്തോടെയുള്ള ദുരിതാശ്വാസ വസ്തുക്കൾ ആവശ്യക്കാരിലെത്തിക്കുന്നതായി ക്യു.ആർ.സി.എസ് ഗസ്സ ഓഫിസ് പ്രതിനിധി ഡോ. അക്റം നാസർ പറഞ്ഞു. ഖത്തറിൽനിന്ന് ഈജിപ്തിലെ അർ അരിഷിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കൾ ഒക്ടോബർ 22നാണ് റഫ അതിർത്തി കടന്ന് ഗസ്സയിലേക്ക് യാത്രതുടങ്ങിയത്. മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, അവശ്യസാധനങ്ങൾ ഉൾപ്പെടെ 37 ടൺ ദുരിതാശ്വാസ വസ്തുക്കളായിരുന്ന ഖത്തർ ഗസ്സയിലെത്തിച്ചത്. ഒക്ടോബർ 25ന് 1875 പേർക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന പൊതികൾ വിതരണം ചെയ്തു. അടുത്ത ദിവസം ഭക്ഷ്യവസ്തുക്കൾ, ഹൈജീൻ കിറ്റ് ഉൾപ്പെടെയുള്ളവ 12,000ത്തോളം പേരിലെത്തിച്ചു. 1000 ഷെൽട്ടർ കിറ്റുകളും കൈമാറി. ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വഴി വിവിധ ആശുപത്രികളിലേക്ക് മെഡിക്കൽ കിറ്റുകളും എത്തിച്ചു. എമർജൻസി വിഭാഗങ്ങൾക്കാവശ്യമായി 100 ഐ.സി.യു മെഡിക്കൽ കിടക്കകൾ ഉൾപ്പെടെയുള്ളവയാണ് ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റി ഗസ്സയിൽ ആദ്യ ഘട്ടത്തിൽ കൈമാറിയത്.
വിവിധ ഏജൻസികളും പ്രാദേശിക സംവിധാനങ്ങളുമായി ചേർന്ന് പരിക്കേറ്റവർക്കും പാർപ്പിടം നഷ്ടമായി അഭയാർഥികളായവർക്കും വേണ്ടി നിരവധി മാനുഷിക സഹായങ്ങളാണ് ക്യു.ആർ.സി.എസ് മേൽനോട്ടത്തിൽ ഒരുക്കുന്നതെന്ന് ഡോ. നാസർ അറിയിച്ചു.
ഇസ്രായേൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ 13 ലക്ഷം ഡോളറിന്റെ അടിയന്തര ദുരിതാശ്വാസ സഹായം ഖത്തർ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ 36 ടൺ എത്തിച്ചതിനു പിന്നാലെ, രണ്ടു വിമാനങ്ങളിലായി 86 ടൺ വസ്തുക്കളും ഖത്തർ ഈജിപ്തിലെത്തിച്ചു. അതേസമയം, ഗസ്സക്കെതിരെ തുടരുന്ന ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങളെ റെഡ് ക്രസൻറ് സൊസൈറ്റി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനം തുടരുകയാണ്. കാരുണ്യത്തിന്റെയും മാനവികതയുടെയും ജീവിതവിശുദ്ധിയുടെയും സാർവ മൂല്യങ്ങളും ഇവിടെ ലംഘിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും തകർക്കുന്നു -റെഡ് ക്രസൻറ് സൊസൈറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.