ഖത്തർ: രാജ്യത്തേക്കുള്ള മടങ്ങിവരവ്: ക്വാറൻറീൻ നയങ്ങൾ പ്രാബല്യത്തിൽ
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി വിദേശികൾക്കും സ്വേദശികൾക്കും രാജ്യത്ത് തിരിച്ചെത്താനുള്ള അനുമതി ഖത്തർ നൽകിയിരിക്കേ മടങ്ങിയെത്തുന്നവർ പാലിക്കേണ്ട ക്വാറൻറീൻ നിയമങ്ങളും നിർദേശങ്ങളുമടങ്ങിയ പ്രത്യേക നയം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽവന്നു. ഖത്തറിലെത്തുന്നവർക്ക് നേരത്തേ നിശ്ചയിച്ചിരുന്ന വ്യവസ്ഥകളിൽ മന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു. അതാണ് ഇപ്പോൾ പ്രാബല്യത്തിലായത്. ഖത്തർ പൗരന്മാർക്കും അവരുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും സ്ഥിരം താമസാനുമതിയുള്ളവർക്കും ഏതു സമയവും രാജ്യം വിടാനും രാജ്യത്തേക്ക് പ്രവേശിക്കാനും അനുമതിയുണ്ട്. തിരിച്ചെത്തുന്ന സമയം ക്വാറൻറീൻ അടക്കമുള്ള നടപടികൾക്ക് വിധേയമാകണം. പ്രവാസികൾക്ക് മടങ്ങാൻ റീ എൻട്രി പെർമിറ്റ് നിർബന്ധമാണ്. ഇതിന് കഴിഞ്ഞ ദിവസം അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി 'എക്സപ്ഷനൽ റീ എൻട്രി പെർമിറ്റ്' ലഭിക്കാനുള്ള സംവിധാനമാണുള്ളത്.
സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകൾ, കുടുംബങ്ങളുടെ സ്പോൺസർ ആയ ഖത്തർ ഐ.ഡിയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഖത്തറിലുള്ളവർ 109 ഹോട്ട്ലൈൻ നമ്പറിലും വിദേശത്തുള്ളവർ +9744406 9999 നമ്പറിലും ബന്ധപ്പെടണം. 55 വയസ്സിന് മുകളിലുള്ളവർ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, കഠിനമായ ആസ്തമ രോഗികൾ, കാൻസർ ചികിത്സയിലുള്ളവർ, ഗർഭിണികൾ, അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള മാതാക്കൾ, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ, ദൈനംദിന ജീവിതത്തിന് മറ്റുള്ളവരുടെ സഹായമാവശ്യമുള്ളവർ, കരൾ രോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ മാതാക്കൾ, 10 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ, മാനസികരോഗത്തിന് ചികിത്സ തേടുന്നവർ, പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദമുള്ള രോഗികൾ എന്നിവർക്ക് ഏതുരാജ്യത്ത് നിന്നായാലും ഏതു സാഹചര്യത്തിലും ഖത്തറിൽ ഹോം ക്വാറൻറീൻ മതി.സ്വകാര്യമേഖലയിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ ക്വാറൻറീൻ ചെലവ് തൊഴിലുടമ വഹിക്കണം. ഗാർഹികതൊഴിലാളികളുടെ കാര്യത്തിലും ഇതേ വ്യവസ്ഥ ബാധകമാണ്. സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സയുള്ളവരും തൊഴിൽ സംബന്ധമായി വിദേശത്ത് പോയവരും മടങ്ങിവരുമ്പോൾ ഹോട്ടൽ ക്വാറൻറീൻ ചെലവിൽനിന്ന് ഒഴിവാക്കപ്പെടും. ഇവരുടെ ചെലവുകൾ ബന്ധപ്പെട്ട അതോറിറ്റി വഹിക്കും.
ഗാർഹിക ജീവനക്കാർക്കും തൊഴിലാളികൾക്കുമായി 14 ദിവസത്തെ ക്വാറൻറീൻ പാക്കേജുകൾ 'ഡിസ്കവർ ഖത്തർ' തയാറാക്കിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ, കമ്പനി ജീവനക്കാർ, മറ്റ് തൊഴിലാളികൾ എന്നിവർക്കായി 14 ദിവസത്തെ ഷെയേഡ് ക്വാറൻറീൻ പാക്കേജുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കായുള്ള 3,4,5 സ്റ്റാർ ഹോട്ടലുകളിലെ ഏഴു ദിവസത്തെ ക്വാറൻറീൻ പാക്കേജുകൾക്ക് പുറമേയാണിത്. ഷെയർ താമസകേന്ദ്രങ്ങളിൽ ഖത്തറിൽ താമസിച്ചിരുന്നവർക്കും ഇത് സൗകര്യപ്രദമാണ്. സൽവാ റോഡിൽ അൽ ശീഹാനിയയിലെ മികൈനിസ് മേഖലയിലെ മികൈനിസ് മോട്ടലിലാണ് 14 ദിവസത്തെ മോട്ടൽ പാക്കേജ് ലഭ്യമായിട്ടുള്ളത്. അക്കമേഡഷൻ കാറ്റഗറികൾ: സിംഗിൾ റൂം - പുരുഷൻ, ഷെയേഡ് റൂം - പുരുഷന്മാർ, സിംഗിൾ റൂം- സ്ത്രീ, ഷെയേഡ് റൂം- സ്ത്രീകൾ. +974 5550 2246 എന്ന ഫോൺ നമ്പറിലോ holidays@qatarairways.com.qa എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം. ഖത്തറിലേക്ക് മടങ്ങിയെത്തി വീടുകളിൽ ക്വാറൻറീനിലിരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എച്ച്.എം.സി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവർ എല്ലാ മുൻകരുതൽ നടപടികളും കൃത്യമായി സ്വീകരിക്കണം. ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സംയുക്ത നിരീക്ഷണത്തിലായിരിക്കും ഇവർ വീടുകളിലും സമ്പർക്ക വിലക്കിൽ കഴിയുക.
കോവിഡ് സർട്ടിഫിക്കറ്റില്ലെങ്കിൽ വിമാനത്താവളത്തിൽ പരിശോധന, പിന്നെ ക്വാറൻറീൻ
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഖത്തർ നിലവിൽ പുറത്തുവിട്ട 40 രാജ്യങ്ങളിലുള്ളവർക്ക് ദോഹ വിമാനത്താവളത്തിലെത്തുന്ന മുറക്ക് പി.സി.ആർ പരിശോധന നടത്തും. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പുനൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ഈ സമയം യാത്രക്കാരെൻറ ഇഹ്തിറാസ് ആപ്പിലെ നിറം മഞ്ഞയായിരിക്കും. ക്വാറൻറീൻ നിർബന്ധമാണ് എന്നാണിതു കൊണ്ട് അർഥമാക്കുന്നത്.ഒരാഴ്ചക്കുശേഷം ഹെൽത്ത് സെൻററിലെ കോവിഡ്-19 പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.
അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലെ അംഗീകൃത പരിശോധന കേന്ദ്രത്തിൽനിന്നുള്ള കോവിഡ്മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ വിമാനത്താവളത്തിലെ പരിശോധനയിൽനിന്ന് ഒഴിവാക്കും. യാത്രക്ക് മുമ്പ് 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കൂ.നിലവിൽ ആദ്യഘട്ട പട്ടികയിൽ ഇന്ത്യ ഇല്ലെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ വിലയിരുത്തി ഈ പട്ടിക പുതുക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ഇന്ത്യ ഈ പട്ടികയിൽ ഇടംപിടിച്ചാൽ ഇന്ത്യക്കാർക്കും മേൽപറഞ്ഞ നടപടികളായിരിക്കും ബാധകമാവുക.
ഇന്ത്യക്കാരുടെയടക്കം മടങ്ങിവരവും ക്വാറൻറീനും
ഇന്ത്യയടക്കമുള്ള, നിലവിൽ ഖത്തർ പുറത്തുവിട്ട കോവിഡ്ഭീഷണി കുറഞ്ഞ രാജ്യക്കാരുടെ പട്ടികയിൽ ഉൾെപ്പടാത്ത രാജ്യക്കാർക്ക് അതത് രാജ്യങ്ങളിലെ അക്രഡിറ്റഡ് കോവിഡ് പരിശോധനകേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. ഇത് യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ളതാകണം. മൊബൈലിൽ ഇഹ്തിറാസ് ആപ്പ് വേണം. ഇതിൽ ആദ്യം മഞ്ഞ നിറം കാണിക്കും. ഖത്തറിലെത്തിയാൽ ഇവർക്ക് ഒരാഴ്ച ഹോം ക്വാറൻറീൻ ആയിരിക്കും.
ആറാം ദിനം കോവിഡ് പരിശോധന. പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷനിലേക്ക്. നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച നിറം തെളിയും. ഇനി അക്രഡിറ്റഡ് കോവിഡ് പരിശോധനകേന്ദ്രങ്ങൾ ഇല്ലെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് Discover Qatar വെബ്സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യണം. ഖത്തറിലെത്തി സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. ആറാംദിനം കോവിഡ് പരിശോധന നടത്തും. പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റും. നെഗറ്റിവ് ആണെങ്കിൽ ഒരാഴ്ച വീണ്ടും ഹോം ക്വാറൻറീൻ. ഈ കാലാവധിയും കഴിഞ്ഞാൽ ഇഹ്തിറാസ് ആപ്പിൽ പച്ച നിറം തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.