ഇന്ന് മുതൽ ക്വാറൻറീൻ
text_fieldsദോഹ: ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ന് മുതൽ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് സമ്പർക്കവിലക്ക്. വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ യാത്രനയങ്ങൾ പ്രകാരമുള്ള മാറ്റങ്ങൾ തിങ്കളാഴ്ച ഉച്ചയോടെ പ്രാബല്യത്തിൽ വരും.
ഉച്ചക്ക് 12ന് ശേഷം ദോഹയിലെത്തുന്ന യാത്രക്കാർക്കാണ് സമ്പർക്കവിലക്ക് നിർബന്ധമാക്കിയത്. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് സമ്പർക്കവിലക്ക് നിർബന്ധമാക്കിയത്.
ഇതോടെ, ഇന്നുച്ച കഴിഞ്ഞ് ദോഹയിൽ വിമാനമിറങ്ങുന്നവരിൽ ഖത്തറിൽനിന്ന് രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ഇവിടെനിന്ന് കോവിഡ് ബാധിച്ച് ഭേദമായവർക്കും രണ്ടു ദിവസ ഹോട്ടൽ സമ്പർക്കവിലക്ക് വേണം. രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവായാൽ പുറത്തിറങ്ങാം. ഖത്തറിന് പുറത്തു നിന്നും വാക്സിൻ എടുത്ത യാത്രക്കാർക്ക് 10 ദിവസമാണ് ഇനി ഹോട്ടൽ സമ്പർക്കവിലക്ക്. രാജ്യത്തിന് പുറത്തുനിന്ന് കോവിഡ് ഭേദമായി മടങ്ങിയെത്തുന്നവർക്കും ഇതേ ചട്ടം ബാധകമാവും. ഓൺ അറൈവൽ, സന്ദർശക വിസയിലുള്ള യാത്രക്കാർക്കും 10 ദിവസ സമ്പർക്കവിലക്ക് നിർബന്ധമാവും.
ജൂൺ 12ന് നടപ്പായ യാത്രനയത്തിനു പിന്നാലെ, ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തർ വഴി സൗദി, യു.എ.ഇ എന്നിവടങ്ങളിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ യാത്ര തുടങ്ങിയപ്പോഴാണ് സമ്പർക്കവിലക്കിൽ പുതിയ പരിഷ്കാരം നടപ്പാവുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ ഇന്ത്യൻ എംബസിയുടെ ട്വീറ്റിലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് സമ്പർക്കവിലക്ക് നിർബന്ധമാക്കിയ വാർത്ത പുറത്തറിയുന്നത്. രാത്രിയോടെ ഖത്തർ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
സമ്പർക്കവിലക്ക് പുനഃസ്ഥാപിക്കപ്പെട്ട ആറു രാജ്യങ്ങളിൽനിന്നും വിമാനങ്ങൾ ഫുൾബുക്കിങ്ങിൽ തന്നെ ശനി, ഞായർ ദിവസങ്ങളിൽ ദോഹയിലെത്തി. കേരളത്തിൽ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് നേരത്തെ തന്നെ ടിക്കറ്റ് കഴിഞ്ഞതിനാൽ ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഡൽഹി എന്നിവ വഴിയും മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദോഹയിലിറങ്ങി. ഡിസ്കവർ ഖത്തർ വഴിയുള്ള ഹോട്ടൽ സമ്പർക്കവിലക്ക് ബുക്കിങ്ങും സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.