ആറ് രാജ്യങ്ങൾ; ഒരു കപ്പൽപാത
text_fieldsദോഹ: സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, യു.എ.ഇ, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ഹമദ് അന്താരാഷ്ട്ര തുറമുഖത്തെ ബന്ധിപ്പിക്കുന്ന പുതിയ കപ്പൽ സർവിസ് പ്രഖ്യാപിച്ച് ക്യൂ ടെർമിനൽസ്. ‘മിഡിലീസ്റ്റ് 6’ എന്നാണ് പുതിയ റൂട്ടിന്റെ പേര്. സ്ഥിരസേവനമുള്ള രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വ്യാപാരത്തിനും വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഗതാഗതത്തിന് പുതിയ സേവനം കൂടുതൽ അവസരങ്ങൾ നൽകുമെന്ന് ഖത്തറിലെ തുറമുഖങ്ങളുടെ ഓപറേറ്റർമാരായ ക്യൂ ടെർമിനൽസ് പറഞ്ഞു.
സൗദി, ഒമാൻ, യു.എ.ഇ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിലെ പത്തോളം തുറമുഖങ്ങളിലൂടെയായിരിക്കും പുതിയ സർവിസെന്ന് ക്യൂ ടെർമിനൽസ് വ്യക്തമാക്കി.
ഹമദ് രാജ്യാന്തര തുറമുഖം, ദമ്മാം തുറമുഖം (സൗദി), ജുബൈൽ തുറമുഖം (സൗദി), ജബൽ അലി തുറമുഖം ടെർമിനൽ 2 പോർട്ട് (യു.എ.ഇ), പോർട്ട് സഈദ് ഈസി (ഈജിപ്ത്), ടാൻജിയർ മെഡ് പോർട്ട് (മൊറോക്കോ), ടാൻജിയർ മെഡ് 2 പോർട്ട് (മൊറോക്കോ) എന്നീ തുറമുഖങ്ങൾ വഴിയാണ് പുതിയ നാവിക റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈവർഷം മേയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ തുറമുഖങ്ങളും ചെങ്കടൽ, പടിഞ്ഞാറൻ മെഡിറ്ററേനിയൻ തുടങ്ങി മേഖലയിലെ തുറമുഖങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച് ദോഹ ഹമദ് പോർട്ടിൽനിന്നും പുതിയൊരു സർവിസ് ആരംഭിച്ചിരുന്നു. മേഖലയിലേക്കുള്ള ചരക്കുഗതാഗതം സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ വർഷം ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് സർവിസുകളാണ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.