വേഗമായിരുന്നു തന്ത്രം - ഖത്തർ കോച്ച് ലോപസ്
text_fieldsദോഹ: കരുത്തരായ പ്രതിരോധവും, യൂറോപ്യൻ ഫുട്ബാൾ ലീഗുകളിലെ പരിചയസമ്പത്തുള്ള മുന്നേറ്റനിരയും ഉൾപ്പെടുന്ന ഇറാനുമുന്നിൽ പ്രയോഗിച്ച തന്ത്രങ്ങൾ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഖത്തർ കോച്ച് മാർക്വേസ് ലോപസ്. നായകൻ ഹസൻ അൽ ഹൈദോസിനെ ബെഞ്ചിലിരുത്തി അതിവേഗക്കാരായ നാലുപേർക്ക് ആക്രമണ ചുമതല നൽകാനുള്ള തന്ത്രം ഫലം കണ്ടു. ഹുമാം അഹമ്മദ്, യൂസുഫ് അബ്ദുൽ റസാഖ് എന്നിവർ വിങ്ങിലും അക്രം അഫിഫ്, അൽ മൂഈസ് എന്നിവർ മുന്നേറ്റത്തിലുമായി ഖത്തറിന്റെ എൻജിനായി മാറിയതോടെ കളി ഇറാന്റെ ബൂട്ടുകളിൽനിന്നും അകന്നു.
കോച്ച് മനസ്സിൽ കണ്ടത് കളിക്കാർ കളത്തിൽ വരച്ചുകാണിച്ചപ്പോൾ ഏഷ്യൻ കപ്പിന് പന്തുരുളുന്നതിന് ഒരുമാസം മുമ്പ് മാത്രം ചുമതലയേറ്റ മാർക്വേസ് ലോപസിനും ഇരട്ടി സന്തോഷം. ആരാധകരെയും ടീം അംഗങ്ങളെയും കോച്ച് അഭിനന്ദിച്ചു. ‘ഏറെ സങ്കീർണമായിരുന്നു മത്സരം. പക്ഷേ, ഞങ്ങളുടെ സംഘം നന്നായി കളിച്ചു.
ഒരു അവസരം പോലും അവർ പാഴാക്കിയില്ല. ഇനി കിരീടത്തിലേക്കുള്ള ചുവടാണ്. അവിടെയും മികച്ച പ്രകടനം അനിവാര്യം’ -സെമിക്കു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ കോച്ച് ലോപസ് പറഞ്ഞു. ഏറ്റവും വേഗത്തിലുള്ള ആക്രമണമായിരുന്നു മനസ്സിൽ കണ്ടത്. നാലു താരങ്ങളെ മുന്നിൽ നിർത്തി ഈ തന്ത്രം വേഗത്തിൽ നടപ്പാക്കി.
ഇറാനിയൻ പ്രതിരോധത്തിനിടയിൽ ഇടം കണ്ടെത്താനും കഴിഞ്ഞു. ഭാഗ്യവും കൂടി തുണച്ചതോടെ കളിയും ഒപ്പമായി’ -കോച്ച് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.