ശ്രവണ പ്രശ്നങ്ങൾക്ക് ചികിത്സ വേഗത്തിൽ
text_fieldsദോഹ: ശ്രവണ, ബാലൻസ് പ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് സമഗ്രമായ പരിശോധനയും ചികിത്സയും ലക്ഷ്യംവെച്ച് എച്ച്.എം.സി ആംബുലേറ്ററി കെയർ സെന്ററിനു കീഴിൽ വിപുലീകരിച്ച പുതിയ ഓഡിയോളജി-ബാലൻസ് യൂനിറ്റ് തുറന്നു.
അത്യാധുനിക സാങ്കേതികവിദ്യയും വ്യക്തിഗത പുനരധിവാസ ശ്രമങ്ങളും സംയോജിപ്പിച്ചുള്ള സമീപനത്തിലൂടെ രോഗിയുടെ ശ്രവണ ശക്തി വർധിപ്പിക്കുന്നതിന് പുതിയ സേവനം കൂടുതൽ സഹായകമാകും.
എല്ലാ പൗരന്മാർക്കും ഫലപ്രദവും സാർവത്രികമായി ലഭ്യമാകുന്നതും താങ്ങാവുന്നതുമായ സമഗ്ര ചികിത്സ സംവിധാനം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായാണ് സ്പെഷലിസ്റ്റ് ഹെൽത്ത് കെയർ സേവനശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
എച്ച്.എം.സി ആക്ടിങ് അസി. മാനേജിങ് ഡയറക്ടറും എച്ച്.എം.സിയിലെ ടെർഷ്യറി ഹോസ്പിറ്റൽ ഗ്രൂപ് മേധാവിയുമായ അലി അൽ ജനാഹിയുടെ നേതൃത്വത്തിലുള്ള മുതിർന്ന പ്രതിനിധി സംഘമാണ് വിപുലീകരിച്ച ഓഡിയോളജി ആൻഡ് ബാലൻസ് യൂനിറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ഖത്തറിലും മേഖലയിലുമായി ഓഡിയോളജി, ബാലൻസ് സേവനങ്ങൾക്കായുള്ള വർധിച്ച ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമാണ് കോ ലൊക്കേറ്റഡ് ഹിയറിങ് എയ്ഡും ഓഡിറ്ററി വെർബൽ തെറപ്പി സൗകര്യവും. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഫലപ്രാപ്തി വർധിപ്പിക്കാനും ഇത് ഏറെ സഹായിക്കുമെന്നും, തൽഫലമായി ഒരു വ്യക്തിയുടെ കേൾവിക്കുറവിന്റെ ആഘാതം മികച്ച രീതിയിൽ പരിഹരിക്കാൻ വിദഗ്ധ സംഘത്തിന് കഴിയുമെന്നും അൽ ജനാഹി പറഞ്ഞു.
കേൾവി, സന്തുലന വെല്ലുവിളികൾ നേരിടുന്ന രോഗികൾക്കായി സമഗ്ര സേവന കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ആംബുലേറ്ററി കെയർ സെന്റർ സി.ഇ.ഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഖാലിദ് അൽ ജൽഹാം വിശദീകരിച്ചു.
കേൾവിക്കുറവ്, ബാലൻസ് പ്രശ്നം എന്നിവയുള്ള കുട്ടികൾ, മുതിർന്നവർ, പ്രായമായവർ എന്നിവർക്ക് ഓഡിയോളജി ആൻഡ് ബാലൻസ് യൂനിറ്റിലെ വിദഗ്ധ സംഘം മികച്ച ചികിത്സയും പരിശോധനയും നൽകും. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ആംബുലേറ്ററി കെയർ സെന്ററിന്റെ രണ്ടാം നിലയിലാണ് ഓഡിയോളജി ആൻഡ് ബാലൻസ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ അപ്പോയിൻമെന്റുകൾ ആവശ്യമുള്ളവർക്ക് അവരുടെ പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകൾ വഴിയോ സ്വകാര്യ ആശുപത്രികൾ വഴിയോ റഫറലുകൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.